Monday, July 7, 2014

Blue is the Warmest Color

 ചെറുകഥ
 കെ. വി മണികണ്ഠൻഭാർഗവ് രാമൻ. 25 വയസ്. സിനിമയാണ് സ്വപ്നം. നാലഞ്ച് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. കാലിഡോസ്കോപ്പ് എന്ന ഒരു ഫിലിം, വളരെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചാല മാർക്കറ്റിൽ നടന്ന ഒരു സംഭവം നാല് വീക്ഷണകോണിൽക്കൂടി കാണിച്ചതായിരുന്നു അത്. വെറും 21 മിനിറ്റുള്ള സിനിമ. യൂട്യൂബിൽ അത് ഹിറ്റായി, ഹ്രസ്വചിത്രങ്ങൾക്കുള്ള കുറച്ച് അവാർഡുകൾ നേടി. അടുത്തത് ഫീച്ചർ ഫിലിമാണ്. കഥ തിരഞ്ഞു നടക്കുകയാണ് അയാൾ. അതിനിടയിൽ ഡിസംബറായി. ഫിലിം ഫെസ്റ്റിവൽ വന്നു.

ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുക എന്ന് എഴുതികാണിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട് ചില തിയേറ്ററുകളിൾ. ഭാർഗവ് അതിനെ പരിഹാസത്തോടെയാണ് കാണാറുള്ളത്. ആ പുച്ഛം മുഴുവൻ മുഖത്ത് വരുത്തി, സീറ്റിൽ മലർന്നുകിടക്കുകയാണ് പതിവ്. അന്നും അതു തന്നെ ചെയ്തു.

ദേശീയഗാനാലാപനം കഴിഞ്ഞ് ആളുകൾ ഇരിപ്പിടങ്ങളിലേക്കമരാൻ തുടങ്ങുമ്പോൾ, താൻ അനായാസമായി വായുവിലേക്ക് പൊങ്ങുന്നതു പോലെ തോന്നി ഭാർഗവിന്. പിന്നെ സീറ്റുകൾക്കിടയിലെ ഇടന്നാഴിയിലേക്ക് പുറം തല്ലി വീണതുമയാളറിഞ്ഞു. എന്താണിത് എന്ന് മനസിലാക്കുന്നതിനു മുമ്പ് നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടും കിട്ടി.

അഴിഞ്ഞുലഞ്ഞ തന്റെ നീണ്ട മുടികൾക്കിടയിലൂടെ ഇംഗ്ലീഷിൽ Aഎഴുതിയ പോലെ രണ്ട് കാലുകളും, അവയ്ക്ക് മുകളിൽ അക്ഷോഭ്യമായ ഒരു മുഖവും ഭാർഗവ് കണ്ടു.

ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് അകമ്പടിയോടെ മർദ്ദകനും ഇരയും തീയറ്റർ വിടുമ്പോൾ സ്ക്രീനിൽ Blue is the Warmest Colorഎന്ന സിനിമ ആരംഭിച്ചിരുന്നു.
വിരലുകൾ സംസാരിക്കുന്നത് വിഷ്വലായി എങ്ങനെ കാണിക്കാൻ സാധിക്കും എന്നായിരുന്നു അപ്പോൾ ദേശീയഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിൽ ഭാർഗവ് രാമന്റെ ചിന്ത
*
ഞാൻ സുൽഫിക്കർ. ഫാറോക്ക് ആണ് സ്വദേശം ഇപ്പോ തലസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിലാണ്. ഒരു നീണ്ട മുടിക്കാരൻ പയ്യനെ മർദ്ദിച്ചതാണ് കേസ്. പക്ഷേ അവനു കേസില്ലെന്ന്. നല്ല പയ്യൻ.

എന്തായാലും ഒരു മണിക്കൂറിനുള്ളിൽ കയിച്ചിലായി. പുറത്തിറങ്ങുമ്പോൾ ഈ ചെക്കൻ കൈത്തണ്ട കൊണ്ട് എന്നെ കൊരുത്തു പിടിച്ചിരുന്നു. ഒരു ഓട്ടോയിൽ അയാൾ എന്നെയും കൊണ്ട് കയറി. തിരികെ തീയേറ്ററിലേക്ക്. സിനിമ പകുതിയാകാറായിട്ടുണ്ടായിരിക്കും. അപ്പോൾ ഫിലിം കാണാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു. പയ്യൻ എന്നെ ഗേറ്റിൽ നിർത്തി, ബൈക്ക് കൂട്ടത്തിൽ നിന്ന് പണിപ്പെട്ട് പുറത്തെടുത്തു. എരപ്പിച്ച് എന്റെ മുന്നിൽ വന്നു. ഇപ്പോഴാണവൻ എന്നോട് മിണ്ടുന്നത്. അതും കേറ് എന്ന ഒറ്റ വാക്ക്. നഗരത്തിനുള്ളിൽ തന്നെ, കുത്തനെ ഇറങ്ങുന്ന ഒരു റോഡിൽക്കൂടി ഒരു വീട്ടിലേക്ക്. പുരയിടം കണ്ടാൽ ഗ്രാമമെന്ന് തോന്നും. താഴെ അടച്ചിട്ടിരിക്കുന്നു. വശത്തുള്ള കോണിയിലേറി ഒന്നാം നിലയിലേക്ക് എത്തി.

രണ്ട് ബെഡ് റൂം ഉള്ള വീടാണ്. എന്തായാലും അത് അവന്റെ കുടുംബം താമസിക്കുന്ന വീടാണെന്ന് തോന്നുന്നില്ല. ഹാളിൽ തന്നെയുള്ള ഒരു കൊച്ചു കട്ടിലിലാണവന്റെ കിടപ്പ്. ബെഡ് റൂമിലൊന്നിൽ രണ്ടു പായ നിവർന്ന് കിടക്കുന്നുണ്ടായിരുന്നു. ഒന്നിൽ തലയിണയുണ്ട്. മറ്റേതിൽ കുറച്ച് പുസ്തകങ്ങൾ മേലെ തുണിയിട്ട് തലയിണ ആക്കിയിരിക്കുന്നു. ഒരു പടുകൂറ്റൻ എൽ.സി.ഡി ഹോൾ ചുമരിൽ തറച്ചിട്ടുണ്ട്. പാമ്പ് ഉറയൂരിക്കളഞ്ഞ പോലെ ഒരു ജീൻസും ടീഷർട്ടും തറയിൽ അലക്ഷ്യമായി കിടക്കുന്നു. സെറ്റിക്കു മുന്നിലെ ടീപ്പോയിമേൽ മൂന്ന് ഗ്ലാസും തലേ ദിവസത്തെ ആഹാരത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ രണ്ടു പ്ലേറ്റുമുണ്ട്. അതിൽ ഉറുമ്പുകൾ വന്നു തുടങ്ങിയിരിക്കുന്നു.

എന്നോട് ഇരിക്കാൻ കൈ ചൂണ്ടി. ചൂണ്ടിയത് കട്ടിലിലേക്കായതിനാൽ അതിൽ ഇരുന്നു.കട്ടിലിൽ അലക്ഷ്യമായി പുസ്തകങ്ങളും മറ്റും കിടക്കുന്നുണ്ട്.

അത്രയും നേരം ഞാൻ വിചാരിച്ചത്, പയ്യൻ പകരം വീട്ടാൻ ഒരുങ്ങുകയാണ് എന്നാണ്. ചെയ്തത് കടന്നു പോയി എന്ന നിലപാടിൽ ഞാൻ എപ്പോഴേ എത്തിയിരുന്നു. ടീപ്പോയിയിൽ ഇരിക്കുന്ന ഗ്ലാസുകളിൽ നിന്ന് രണ്ടെണ്ണം എടുത്ത് അയാൾ കിച്ചണിൽ പോയി, സോപ്പുപതപ്പിച്ച് അവ വൃത്തിയായി കഴുകി, കമിഴ്ത്തി കുടഞ്ഞ് കുടഞ്ഞ് ഉണക്കി വീണ്ടും ടീപ്പോയിൽ വച്ചു. ഉറുമ്പു കയറിയ പ്ലേറ്റ് കണ്ട് ഒന്നാലോചിച്ച് അവ രണ്ടും എടുത്ത് ശബ്ദത്തോട് സിങ്കിലേക്കിട്ട് വെള്ളം തുറന്നിട്ടു. കിച്ചണിൽ നിന്നൊരു തുണി നനച്ച് പിഴിഞ്ഞ് ടീപ്പോയിലെ ഉറുമ്പുകളേയും അഴുക്കിനേയും നന്നായി തുടച്ച് മാറ്റി. കട്ടിലിനടിയിൽ നിന്ന് ഒരു പുതിയ റം ബോട്ടിൽ എടുത്ത് ടീപ്പോയിൽ വച്ചു.

ഹാളിൽ തന്നെയുള്ള ഫ്രിഡ്ജ് തുറന്നപ്പോൾ എല്ലാ വൃത്തികേടുകളും മരവിപ്പിച്ച് വച്ചിരിക്കുന്നതായി കാണപ്പെട്ടു. അതിൽ നിന്ന് ട്രോപ്പിക്കാനോ എന്ന ജ്യൂസിന്റെ വലിയ ചതുരൻ കടലാസ് പെട്ടി എടുത്തു അയാൾ. ഓറഞ്ച് കോക്കോനട്ട് എന്ന ഫ്ലേവർ. നാരങ്ങയും നാളികേരവും! ഇതെന്ത് കോമ്പിനേഷൻ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഭാർഗവ് രണ്ടു ഗ്ലാസുകളിൽ അരയോളം റം നിറച്ചു. ശേഷം നിറയെ ജ്യൂസ് ഒഴിച്ചു. സ്പൂൺ കൊണ്ട് കുറച്ചു നേരം അത് ഷേക്ക് ചെയ്തു.

അതൊരൊന്നാന്തരം പാനീയമായിരുന്നു. നല്ല ദാഹം. നീട്ടിയ ഗ്ലാസ് ഒറ്റവലിച്ച് കുടിച്ചു. അവനും. എന്നെ വിയർക്കാൻ തുടങ്ങിയപ്പോൾ അവനെണീറ്റ് ഫാൻ ഇട്ടു. നിറയെ പൊടിപിടിച്ച് തവിട്ട് നിറമായ ഫാൻ വെളുത്ത വൃത്തമായി.

ബെഡിൽ കിടന്നിരുന്ന കാലിഡോസ്കോപ്പ് എന്ന ഡിവിഡി, അത് പൊട്ടിച്ചിട്ടില്ലായിരുന്നു, ഞാൻ അതെടുത്ത് നോക്കുമ്പോൾ, പയ്യൻ ബുക്ക് ഷെൽഫിലേക്ക് നോക്കി. അവിടെ സാംസ്കാരികമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രം. ഡിവിഡിയിലെ, ഭാർഗവ് രാമൻ എന്ന പേരിലേക്കും ഫോട്ടോവിലേക്കും പയ്യന്റെ മുഖത്തേക്കും മാറിമാറിയുള്ള എന്റെ നോട്ടം കണ്ടപ്പോൾ അവൻ മുഖഭാവം കൊണ്ട്, യെസ് എന്ന് പറഞ്ഞു.

ആഹാ. യൂട്യൂബിൽ കണ്ടിട്ടുണ്ട്. നല്ല വർക്ക്. ചെറിയ റാഷാമോൺ മണമുണ്ടെങ്കിലും.”
ഭാർഗ്ഗവ് ഒന്ന് സ്തബ്ധനായെന്ന് തോന്നി. പിന്നെ പറഞ്ഞു:
മാർക്കറ്റ് സെറ്റിട്ടതാണ്.” അതെനിക്ക് പുതിയ അറിവായിരുന്നു. അത് കാണുമ്പോൾ അത്ഭുതപ്പെട്ടിരുന്നു. ചാല പോലെ ഒരു ബിസി മാർക്കറ്റിൽ, ഷൂട്ട് എങ്ങനെ സാധിച്ചെന്ന്. അതും നാലുതവണ ഒരേ രംഗങ്ങൾ, വ്യത്യസ്ത ആംഗിളുകളിൽ. ഞാൻ അവനെ കുറച്ച് ആരാധനയോടെ നോക്കി.

ഒരിക്കൽ പ്രവാസജീവിതത്തിനിടയിൽ കൂട്ടുകാരൻ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതാണ് സിനിമയ്ക്ക്. തീയറ്റർ ഒന്നുമല്ലായിരുന്നു. ഒരു കൾച്ചറൽ സെൻ‌ട്രൽ. കളർ ഓഫ് പാരഡൈസ്. അതു വരെ ഞാൻ എല്ലാ സിനിമകളും വിടാതെ കാണുന്ന ഒരുത്തൻ മാത്രമായിരുന്നു. ആർട്ട് സിനിമകളെ അവജ്ഞയോടെ കണ്ടിരുന്നവൻ. പക്ഷേ അന്ന് ആ സിനിമ എന്നെ മാറ്റിമറിച്ചു.

അപ്പോൾ അവൻ സിഗററ്റ് എടുത്ത് തൈരു കടയുന്ന മാതിരി ഇരുകൈകളിലും ഇട്ട് ഉരുട്ടുകയായിരുന്നു. സ്ഥിരം വലിക്കാരനല്ലെങ്കിലും ഉള്ളിലെ റമ്മിന്റെ ചൂടിൽ എനിക്ക് പുകയ്ക്കണമെന്ന് തോന്നി. അവൻ ടീപ്പോയിമേൽ മാഗസിൻ തുറന്ന് വച്ച് അതിലേക്ക് സിഗററ്റ്പുകയില ഉലർത്തിയിട്ടു. അവ കാറ്റിൽ പറക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടന്നെണീറ്റ് ഫാൻ ഓഫ് ചെയ്തു.

ഭാർഗവ് എൽ.സി.ഡി യുടെ പിറകിൽ നിന്ന് ഒരു പൊതിയെടുത്തു. അതിനുള്ളിൽ ഭദ്രമായി മടക്കി പൊതിഞ്ഞു വച്ച കടലാസ് തുറന്ന് ചെറിയൊരു പിടി വിരലുകൾ കൊണ്ടെടുത്ത് ഉള്ളം കയ്യിലിട്ടു അമർത്തി ചൂടാക്കി. അനന്തരം, സിഗററ്റിന്റെ പുകയില കുറച്ച് വകഞ്ഞു മാറ്റി തറയിലേക്കിട്ടു. ബാക്കിവന്നതിൽ ചൂടാക്കിയ തരികൾ കലർത്തി ഞെരടി. കലാകാരന്റെ പാടവത്തോടെ ഒഴിഞ്ഞ സിഗററ്റ് കുഴലിലേക്ക് അത് നിക്ഷേപിച്ചു. വിരലുകൾകൊണ്ട് അമർത്തിയും കുലുക്കിയും സിഗററ്റിനെ പുനർനിർമ്മിച്ചു. സിഗററ്റ് കത്തിച്ച് ഒരു ചെറിയ പുക എടുത്ത്, ഉള്ളിലിട്ട്, തല സ്വയം ഒന്ന് വെട്ടിച്ച് കൂട്ട് നന്നായി എന്ന് സ്വയം അംഗീകരിച്ചു. പിന്നീട് നീണ്ട മൂന്ന് പുകകൾ.

സെറ്റിയിൽ ചാരി ഇരുന്ന് അവൻ സിഗററ്റ് എനിക്ക് നീട്ടി. ഒട്ടും മടിക്കാതെ ഞാൻ വാങ്ങി. നീണ്ട മൂന്നോ നാലോ പുക എടുത്തു. എരിവുള്ള ബീഫ് കറി കഴിക്കുന്ന സുഖം. പുക ഞാൻ പുറത്തേക്ക് വിടാൻ ശ്രമിച്ചില്ല. എങ്കിലും ഉള്ളിലൊടുങ്ങി തീരാൻ കഴിയാത്ത അല്പം പുക വായിലൂടെയും മൂക്കിലൂടെയും പുറത്ത് വന്നു.

മാറി മാറി വലിച്ച് ഞങ്ങൾ അത് തീർത്തു.

അടിസ്ഥാനപരമായി ഞാൻ ഒരു വൃത്തിക്കാരനാണ്. ഇവന്റെ സ്ഥലത്ത് കേറിയത് മുതൽ എനിക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല.

പക്ഷേ, ഈ പുക മാന്ത്രികനാണ്. മന്ത്രവടി വീശി വിളപ്പിൽശാലയെ ശംഖുമുഖമാക്കുന്ന മാന്ത്രികൻ. ഞാൻ ഇരിക്കുന്നതിപ്പോൾ പറുദീസയിലാണെന്നെനിക്ക് തോന്നി.
ആദ്യമായിട്ടൊന്നുമല്ല ഞാൻ ഈ നീലപ്പുക മിഴുങ്ങന്നത്. നാലോ അഞ്ചോ വട്ടം പരീക്ഷിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ഉമ്മവീട്ടിൽ പോയപ്പോ അമ്മാവന്റെ കൂട്ടുകാരുടെ കൂടെ. അമ്മാവനും ഞാനും സമപ്രായം. അന്നവിടെ അമ്പലത്തിൽ ഉത്സവമായിരുന്നു. രസമായിരുന്നു. പുക കേറിയപ്പോൾ കൂട്ടത്തിലൊരുവന് എഴുന്നെള്ളിപ്പിനു നിൽക്കുന്ന ആന അവനെയാണ് നോക്കുന്നതെന്ന് സംശയം! നോട്ടം ശരിയല്ല പോലും. അഹങ്കാരിയാണ് ആന. അവന് ആനയെ ചവുട്ടിയെ മതിയാവൂ. വയലന്റായി. അവസാനം ആനയുടെ പിറകിൽ പോയി ആനപാപ്പാനു ഒരു നീലച്ചടയൻ ബീഡി ഓഫർ ചെയ്തപ്പോ പിറകിൽ നിന്ന് പതുക്കെ ആനയുടെ കാലിൽ ചെറിയൊരു ചവിട്ട് അനുവദിച്ചു.

തറയിൽ നിറയെ നേർത്ത മഞ്ഞുപോലെ നീലപ്പുക ഓടി നടക്കുന്ന ആ പറുദീസയിലിരുന്ന് അപ്പോൾ ഭാർഗവ് രാമൻ പറഞ്ഞു:

ചേട്ടന് എന്തോ പറായാനുണ്ട്. പറ.”

ഈ പുക റെക്കോഡ് പ്ലയറിൽ സ്റ്റെക്കായ ഹെഡ് പോലെയാണ്. ഒറ്റ പ്രവർത്തിയിൽ തന്നെ കുറ്റയടിപ്പിക്കും. ഇവിടെ എന്നെ അത് പറച്ചിലിലേക്കും ഭാർഗവനെ കേൾക്കലിലേക്കും തെന്നി വീഴ്ത്തി.

ഭാർഗവാ, നീ കാണുന്നുണ്ടോ? സർവ്വവും നീലമയമാണ്. നീലയാണ് ഏറ്റവും ഊഷ്മളമായ നിറം. ഹ ഹ. പ്രയോഗത്തിലെ വൈകല്യം നോക്ക്. തണുത്തുറഞ്ഞ നാട്ടിൽ സായ്പ് നടത്തുന്ന പ്രയോഗം. വാമസ്റ്റ് വെൽകം! ചൂടിലുരുകുന്ന നമ്മളും പറയുന്നു. ഊഷ്മളമായ സ്വാഗതം! ഹ ഹ.

ഭാർഗവാ, നിനക്ക് ഭാവിയുണ്ട്. നീ മികച്ച സംവിധായകനാകും. ഞാനൊരു കഥ തരാം. എന്റെ കഥ. തിരക്കഥയും നമുക്ക് ചേർന്നെഴുതാം. നിന്റെ പേരു വച്ചോ. ഡയലോഗ് വേണം നായകന്. പക്ഷേ, നായകനെ കാണിക്കരുത്. അവന്റെ കണ്ണുകൾ സമം ക്യാമറ. നല്ല ക്രാഫ്റ്റാകും. ബെറ്റ്. കളർ ഓഫ് പാരഡൈസിൽ ആ കണ്ണുകാണാത്ത ചെറുക്കൻ കൊണ്ടുപോകാൻ ആരും വരാത്ത വിഷമത്തിൽ ബഞ്ചിലിരിക്കുമ്പോൾ ഒരു നിമിഷം ക്യാമറ അവനെ ഒന്ന് നോക്കുന്നുണ്ട്. ആ നോട്ടം അവന്റെ അച്ഛന്റെ കണ്ണു കൊണ്ടായിരുന്നു. നീ അത് പഠിച്ചോ ഭാർഗവാ. ആ ഷോട്ടെടുത്തത് എങ്ങിനെയാണെന്ന്.

ശരി. അതു പോട്ടെ.

നീ പ്രവാസീ പ്രവാസീന്ന് കേട്ടിട്ടുണ്ടോ? തെറ്റാണ് ആ വാക്ക്. അതിന്റെ അർത്ഥം കുറേ തിരഞ്ഞിട്ടുണ്ട്. വിവരമുള്ളവരോട് ചോദിച്ചിട്ടുണ്ട്. പലരും പലതരത്തിൽ പറഞ്ഞു തന്നിട്ടുണ്ട്. പ്രവാസിയെ പറ്റി പറയാൻ ഏറ്റവും യോഗ്യനായ ബാബു ഭരദ്വാജിനോട് ചോദിച്ചു, ഒരിക്കൽ. മറ്റേ അശ്വമേധത്തിന്റെ കൂടെ ജഡ്ജിയായി ഫാറോക്ക് കോളേജിൽ വന്നപ്പോ. പുള്ളി താടി ചൊറിഞ്ഞു ചിരിച്ചു. കുറെ പൈസ ഉണ്ടാക്കാൻ വേണ്ടി അന്യനാട് തെണ്ടുന്നവൻ പ്രവാസിയാകില്ലെന്ന് അന്നേരം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായ പേരറിയാത്ത ബുദ്ധിജീവി പറഞ്ഞു. സ്വമേധയാ വിസ അടിപ്പിച്ച് പണമരം കുലുക്കാൻ അന്യനാട്ടിൽ പോകുന്നവൻ എങ്ങനെ പ്രവാസിയാകും എന്നാണ് വാദം. നമ്മടെ ബുദ്ധിജീവികളെ സമ്മതിക്കണം. പ്രവാസത്തിന്റെ പൊളിറ്റിക്കൽ റീസൺ ചിന്തിക്കാത്ത വിഡ്ഡികൾ. അല്ലെങ്കീത്തന്നെ ഭൂപടങ്ങളല്ലേ പ്രവാസിയെ സൃഷ്ടിച്ചത്? അതിർത്തി, പാസ്പോർട്ട്, വിസ... ഫക്ക്... നീ ക്ഷമിക്ക്.

ഞങ്ങൾ, എന്നു പറഞ്ഞാൽ ഞാൻ, എന്റെ ഭാര്യ സുഹ്റ, മോൻ ദീപക്, മോൾ ജാസ്മിൻ, വീണ്ടും സൂരജ്. നീയെന്തിനാ നോക്കുന്നത്? സുൽഫിക്കറിന്റെയും സുഹ്‌റയുടെയും മക്കൾക്ക് ഈ പേരുകൾ? ഇക്കാര്യത്തിൽ ഞാൻ ഇന്തോനേഷ്യക്കാരുടെ കൂടെയാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് പണ്ടെഴുതിയ ആൾ ഇന്നുണ്ടെങ്കിൽ, ഒരു പേരിൽ പലതുമുണ്ടെന്ന് തിരുത്തിയേനെ. ഇല്ലേ? ഹ ഹ ഹ. നിനക്ക് ചിരിവരുന്നില്ലെ? മനുഷ്യനും തീവ്രവാദിക്കും ഇടയിലെ ദൂരമാകുന്നു പേര്.....

ഏകദേശം പത്ത് വർഷത്തോളം ഞാൻ അവിടെയായിരുന്നു. കണ്ണുതുറന്നടയുമ്പോൾ മുഖച്ഛായ മാറുന്ന നാട്ടിൽ. വികസനം! പിന്നെയും ഞാൻ പറയട്ടെ, ഫക്ക്!

കല്യാണം കഴിഞ്ഞ ഉടനെ ഞാൻ സുഹ്‌റയേയും പ്രവാസിയാക്കി. ടീച്ചറായിരുന്നു. അവിടെയൊരു സ്കൂളിൽ. ഞാനവിടെ ഇലക്ട്രിസ്റ്റിയിൽ എഞ്ചിനിയറും. ഞാൻ കൂടെ ഉണ്ടെങ്കീ ഏതു കാടും, ഏതു മേടും, ഏതു മരുഭൂമിയും അവൾക്ക് സ്വർഗ്ഗതുല്യമാണെന്ന് അന്നൊക്കെ അവൾ പറയുമായിരുന്നു. നല്ല പെണ്ണാണ് സുഹ്‌റ.

ഭാർഗവാ, നമ്മുടെ സിനിമയിൽ മരുഭൂമിയിലെ സൂര്യോദയം വേണം. രാവിലെ നേരത്തെ ഇറങ്ങും. ഞാനും സുഹറയും പിള്ളേരും. ചിലപ്പോഴൊക്കെ കവി മഹമ്മൂദ് ദർവേശും ഭാര്യയും ഉണ്ടാകും. മറ്റേ ദർവേശല്ല. അയാളുടെ പേരുള്ള സാദാ കവി. മെയിൻ റോഡിൽ അരമണിക്കൂർ പോയി കിഴക്കോട്ട് മരുഭൂമിയിലേക്ക് കടൽ‌പ്പാലം കണക്കെ നീണ്ടവസാനിക്കുന്ന ഒരു റോഡിൽ കടക്കണം. അതവസാനിക്കുന്നിടത്ത് കസേരകളിട്ട് ഇരിക്കും. ഒരു ഫ്ലാസ്ക് നിറയെ കട്ടൻ ചായയും നല്ല മിന്റ് ഫ്ലേവർ ഹുക്കയുമായി. സൂര്യൻ ഫെയ്‌ഡ് ഇൻ ആയി നമ്മളെ കാണാൻ ഇങ്ങുവരും.

രണ്ടു മക്കൾ മതിയെന്നായിരുന്നു വെപ്പ്. പക്ഷേ, അവടെ പ്രസവം നിർത്തണ ഏർപ്പാട് പറ്റൂല്ല. നാട്ടിൽ വരുമ്പോൾ ചെയ്യാം എന്ന് വിചാരിച്ച് ഞങ്ങൾ നിയന്ത്രിച്ചു. നിയന്ത്രണങ്ങൾക്ക് ഉണ്ടല്ലോ ഒരു തെറ്റാനുള്ള വെമ്പൽ. ഇറാൻ സിനിമകൾ ക്ലാസിക്ക് ആകാൻ കാരണം നിയന്ത്രണങ്ങളാണ് എന്ന് പറഞ്ഞാൽ നീ അംഗീകരിക്കണം.

ശരി. ഒരിക്കൽ തെറ്റി. അന്ന് സുഹ്‌റയ്ക്ക് പനിയായിരുന്നു. 12 മണിക്കൂർ തുടർച്ചയായി മഴപെയ്തു. മരുഭൂമിയിലെ നിർമ്മാണങ്ങൾ മഴയെ പരിഗണിക്കാറില്ലല്ലോ? റോഡുകൾ മുഴുവൻ പുഴകളായി. ഭാഗ്യത്തിന് ഇറങ്ങിയ ഉടനെ വശപ്പിശക് തോന്നിയ ഞാൻ കാർ തിരിച്ച് വീട്ടിലെത്തി. 10 മണിക്കൂറുകളോളം എത്രയോ പേർ റോഡിൽ പെട്ടുപോയി അന്ന്.

സുഹ്‌റ അന്ന് പനിച്ച് അവധിയിലായിരുന്നു. പിള്ളേർ സ്കൂളിലും പെട്ടുപോയി.

നീ കല്യാണം കഴിച്ചിട്ടില്ലല്ലോ? അല്ലെങ്കിൽ വേണ്ട, പനിയുള്ള പെണ്ണിനെ നീ പ്രാപിച്ചിട്ടുണ്ടോ? തീ മണക്കുന്ന രതി! ആ തീ വിഴുങ്ങി ഞാനവളെ വിയർപ്പിൽ തണുപ്പിച്ചു.

സെക്സ് സീനുകൾ എടുക്കാൻ നിനക്കറിയുമോ? ഭാർഗവാ, മജീദി മജീദിയുടെ ബാരാൻ കണ്ടിട്ടില്ലേ? ആ അഫ്‌ഗാൻ പെണ്ണ് അതിൽ അവസാനം പിക്കപ്പിലേക്ക് കേറുമ്പോ ഒരു കാൽ ചെളിയിൽ താഴും. ചെരുപ്പ് അവിടെ പെട്ടുപോകും. നായകൻ ചെക്കൻ അപ്പോൾ ചെരുപ്പെടുത്ത് ചെളി തുടച്ച് അവൾക്ക് മുന്നിലേക്കിട്ട് കൊടുക്കും. പെൺകുട്ടി പിന്നെ ചെരുപ്പിൽ കാൽ കയറ്റുന്ന ഷോട്ടുണ്ട്. പിന്നെ വണ്ടി അകന്നു പോകുമ്പോൾ, ആ ചെരുപ്പ് താഴ്ന്ന കുഴിയിൽ കുറേശ്ശെ മഴ വീണ് അത് നിറയുന്ന ക്ലോസപ്പ്. ഇതിലും നന്നായി രതി എടുക്കാൻ ഏത് ഓസ്കാർ സംവിധായകനും പറ്റില്ല.

നമ്മുടെ സിനിമയിൽ ഈ പനിച്ചൂട് വരണം. നീ വരുത്തണം. കേട്ടല്ലോ? ആലോചിക്ക്. നിനക്ക് പറ്റും.

പറഞ്ഞു വന്നത്, ഞങ്ങൾ രഹസ്യമായി പനിക്കുട്ടൻ എന്ന് വിളിക്കുന്ന സൂരജ് ജനിച്ചതങ്ങനെയാണ്.

അവന് ഒരു പത്തുമാസം പ്രായമുള്ളപ്പോഴാണ്. ഞാനും പിള്ളേരും ഹാളിലായിരുന്നു. സുഹ്‌റ അടുക്കളയിലും. സൂരജ് മോൻ കട്ടിലിൽ ഉറങ്ങുകയായിരുന്നു. രാത്രി പത്ത് മണി ആയിക്കാണണം. ചെക്കന്റെ വലിയ കരച്ചിൽ കേട്ടു. കട്ടിലിൽ നിന്ന് വീണതാണ്. ഭയങ്കരകരച്ചിൽ. തലയിടിച്ചാണ് വീണതെന്ന് തോന്നുന്നു. പക്ഷേ മുഴച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. ഏറെ നേരം വേണ്ടി വന്നു കരച്ചിൽ മാറാൻ. ഇതിനിടയിൽ, ആണല്ലേ, ഞാൻ സുഹ്‌റയെ കുറേ വഴക്കും പറഞ്ഞു. ശ്രദ്ധ ഇല്ലാഞ്ഞിട്ടാണെന്ന്. നീ നോക്കണം ഭാർഗവാ. അടുക്കളയിൽ അവൾ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുന്നു. ഞാൻ ചുമ്മാ ഇരുന്ന് ടിവി കാണുന്നു. എന്നിട്ടും കുറ്റം അവൾക്ക്.

കുഞ്ഞ് പിന്നെ എന്റെ മടിയിലിരുന്ന് ചിരിച്ചു തുടങ്ങി.

പക്ഷേ ഭാർഗവാ. രാവിലെ ഞാനുണരുന്നത് സുഹ്‌റയുടെ അലറിക്കരച്ചിൽ കേട്ടിട്ടാണ്. പനിക്കുട്ടൻ മരവിച്ചുപോയിരുന്നു. എങ്ങനെ ഞങ്ങൾ ആശുപത്രിയിലെത്തി എന്ന് നീ ചോദിക്കരുത്. എനിക്കതോർമ്മയില്ല.

ഒന്നു കൂടി ഒഴിക്കാമോ ഭാർഗവാ. അതേ അളവിൽ.

ശരി. നീ ഇനി ഞെട്ടരുത്. ആ ഗവണ്മെന്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയിൽ വച്ച് ഒരു പിതാവും ഒരു മാതാവും അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റം, കൊലപാതകം. സ്വന്തം കുഞ്ഞിനെ!

നീ ഒഴിച്ചോ. നിർത്തണ്ട. അളവ് തെറ്റരുത്. ആ ഫിഫ്റ്റി ഫിഫ്റ്റിയാണ് നിന്റെ കോൿടെയിലിന്റെ രഹസ്യം. ഉറപ്പ്.

നേരെ ലോക്കപ്പിൽ. ഉച്ചയ്ക്ക് മുമ്പേ ജയിലിൽ. ഞാൻ ആൺ ജെയിലിലും അവൾ പെൺ ജയിലിലും.

നീ ഓർക്കണം ഭാർഗവാ. ഒരു കുഞ്ഞ് മരിച്ച് കിടക്കുന്നു. മറ്റു രണ്ടു കൊച്ചു കുട്ടികൾ വീട്ടിൽ ഒറ്റയ്ക്ക്. ഇതിനിടയിൽ പോലീസ് വണ്ടിയിൽ ലോക്കപ്പിലേക്ക് കൊണ്ടു പോകുമ്പോൾ ഫോൺ വിളിക്കാൻ അനുവദിച്ചു. അത്രയും ഭാഗ്യം.

പിന്നെ, ഈ സിനിമയിൽ പെൺ ജെയിൽ കാണിക്കണ്ട. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുന്ന സുഹ്‌റയെ കാണിച്ചാൽ മതി. ഓരോ ഫ്രെയിമും ആ ഫ്രെയിം മാത്രമല്ലല്ലോ? ഫ്രെയിമിൽ ഒരിക്കലും വരാത്ത പെൺ ജെയിൽ, കൈ പിറകിൽ വിലങ്ങിട്ട്, കാലിൽ മെലിഞ്ഞ സ്റ്റീൽ ചങ്ങലയിട്ട്, പോലീസ് ബസ്സിൽ നിന്നറങ്ങി ഏന്തിയേന്തി നടന്നു വരുന്ന സുഹ്‌റയിൽക്കൂടി എല്ലാവരും കാണണം. അത് നിന്റെ മിടുക്ക്.

ആൺജെയിൽ ഞാൻ വരച്ചു തരാം. നമുക്ക് സെറ്റിടാം.
ജഡ്ജി ഒരു ചോദ്യമേ ചോദിക്കൂ. കുറ്റം സമ്മതിക്കുന്നോ ഇല്ലയോ? യെസ് ഓർ നോ മതി. വിശദീകരണം സാധ്യമല്ല. പരിഭാഷകൻ ഉണ്ട്. മലയാളി. അയാൾ എന്നോട് മലയാളത്തിൽ, കുറ്റം സമ്മതിക്കുന്നോ ഇല്ലയോ എന്ന്.

എന്ത് കുറ്റം? ഞങ്ങളുടെ കൊച്ചിനെ കൊന്ന കുറ്റമോ? ഞാൻ ചോദിച്ചു. പരിഭാഷകൻ മലയാളി നിസംഗനായി പിന്മാറി നേരെ എതിരെ കൂട്ടിൽ നിൽക്കുന്ന സുഹ്‌റയുടെ അടുത്ത് ചെന്ന് ചോദ്യം ആവർത്തിച്ചു. അവൾ എന്തു കേൾക്കാൻ. അമ്പത്തഞ്ചു കിലോ ഇറച്ചി മാത്രമായിരുന്നു അപ്പോൾ സുഹ്‌റ.

തിരിച്ച് ജയിലിലേക്ക്. അതൊരു പതിനേഴാം തിയതിയായിരുന്നു. ഭാർഗവാ പിന്നീട് എല്ലാ പതിനേഴാം തിയതിയും ആവർത്തിക്കപ്പെട്ടു. സൂരജ് മോനെ കൊന്ന കുറ്റം സമ്മതിക്കാൻ!

ജയിൽ ഒരു പാഠശാലയാണ്. അത് ഞാൻ പിന്നെ പറഞ്ഞുതരാം. ആറു തവണ ഈ പതിനേഴാം തിയതികൾ ആവർത്തിക്കപ്പെട്ടപ്പോഴേക്കും ഞാൻ പഠിച്ചു പോയിരുന്നു.

ആദ്യം കുറ്റം സമ്മതിക്കണം. എന്നാലെ ശിക്ഷ വിധിക്കൂ. ശിക്ഷ വിധിച്ചാലേ അപ്പീലിനു പോകാൻ പറ്റൂ. സ്നേഹതീരം എന്നൊരു ഒറ്റയാൾ സംഘടനയുണ്ട്. ഒരു ഏകാംഗപ്രസ്ഥാനം. തോമസ് ചെറിയാൻ. ബിസിനസ് കാരനാണ്. പൂജനീയനായ വ്യക്തി. കൊട്ടിഘോഷിച്ചല്ല ഒന്നും ചെയ്യുന്നത്. അതുകൊണ്ട് അധികമാരും അറിയില്ല. കാരണമില്ലാതെ അവിടെ ജയിലിൽ കിടക്കുന്ന ആൾക്കാരെ സഹായിക്കുന്ന മഹാൻ.

പുള്ളി എന്നെ വന്ന് കണ്ടു. കുറ്റം സമ്മതിച്ചാൽ മതി എന്ന്. ബാക്കിയെല്ലാം പുള്ളി നോക്കുമത്രേ. മൂന്ന് തവണ അദ്ദേഹം വന്നു എന്റെ മനസ് മാറ്റാൻ.

അങ്ങനെ ഏഴാമത്തെ പതിനേഴാം തിയതി ഞാൻ സമ്മതിച്ചു. യെസ്. ഞാനാണത് ചെയ്തത്. പരിഭാഷകൻ അലീക്കാ അത് തർജ്ജമ ചെയ്തു ജഡ്ജിയോട്. അലീക്കാക്കും ആശ്വാസം, ജഡ്ജിക്കും ആശ്വാസം.

ഭാർഗവാ, അന്നേരം എതിരെയുള്ള പ്രതിക്കൂടിൽ നിന്ന് സുഹ്‌റ എന്നെ ഒരു നോട്ടം നോക്കി. തെറ്റ്. എന്നെയല്ല നോക്കിയത്, എന്നിൽക്കൂടി ആ നോട്ടം തുളഞ്ഞു പോയിരുന്നു. തിരക്കഥയിൽ ഞാൻ അത് ഇങ്ങനെ എഴുതും. നോട്ട് ലുക്കിംഗ് അറ്റ് ഹിം. ബട്ട് ലൂക്കിംഗ് ത്രൂ ഹിം. പിടിക്കേണ്ടത് നിന്റെ ചുമതല. നോട്ടം മാത്രമേ ഉള്ളൂ. ലക്ഷ്യസ്ഥാനമായ നായകൻ കാമറായാണ്. നിനക്കൊരു ചലഞ്ചാണ്.

വിധി അടുത്ത നിമിഷം വന്നു. ശരിക്കും വിധി! രണ്ടരവർഷം ജയിൽ‌വാസം. പിന്നെ നാടുകടത്തൽ.

എന്റെ ഭാർഗവാ, അടുത്ത ദിവസം ചെറിയാൻ സാർ വന്നു. ഇനി കേൾക്കുമ്പോൾ നീ ഞെട്ടരുത്. പുള്ളി കുറേ പേപ്പറുകളുമായാണ് വന്നത്. ഒരു സ്വദേശി വക്കീലുമുണ്ട് കൂടെ.

ഞങ്ങളെ വെറുതെ വിടാൻ പോകുന്നു. തികച്ചും നിസാരമാണ് നടപടികൾ.

കൊല്ലപ്പെട്ട കുട്ടിയുടെ ഉടമസ്ഥർക്ക്, കൊന്നവർ നിയമപ്രകാരമുള്ള തുക നൽകി. അങ്ങനെ അവർ കൊലപാതകികളോട് ക്ഷമിച്ചു. അപ്പോൾ കുറ്റം ഇല്ലാതാകുന്നു.

നീയെന്താ ഭാർഗവാ, വാ തുറന്നിരിക്കുന്നത്?

കുട്ടിയുടെ ഉടമസ്ഥരായ ഞങ്ങൾ, കുട്ടിയെ കൊന്ന ഞങ്ങളോട് ക്ഷമിച്ചിരിക്കുന്നു!!! പണം വാങ്ങി പൊരുത്തപ്പെട്ടിരിക്കുന്നു. രണ്ടൊപ്പ് കൂടുതലിടണം. ഒപ്പിടാനാണോ വിഷമം. ഞാൻ ഇട്ടു. അറബി വക്കീൽ കൈ വച്ചിടത്തൊക്കെ ഇട്ടു. മഷി പുരട്ടിയ തന്തവിരലുകൊണ്ടും കുറെ അമർത്തി.

സുഹ്‌റയും അങ്ങനെ ചെയ്തിട്ടുണ്ട്. ഉണ്ടാകണം. ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല.

നീ വിശ്വസിക്കുമോ? ഏഴാം ദിവസം ഒരു പോലീസ് വണ്ടി വിമാനത്തിന്റെ അടുത്ത് വരെ എത്തി. തോമസ് ചെറിയാൻ ജയിലിലെത്തിച്ച പുതിയ വസ്ത്രങ്ങളിട്ട്, യാത്രക്കാർ കേറുന്നതിന് മുമ്പേ ഞങ്ങളെ കേറ്റി ഇരുത്തി. ഒരക്ഷരം സുഹ്‌റ എന്നോട് മിണ്ടിയില്ല. അവൾ എന്റെ മടിയിൽ കിടന്നാണ് കരിപ്പൂർ വരെ എത്തിയത്.
മക്കളും, സഹോദരങ്ങളും, മാതാപിതാക്കളും എത്തിയിരുന്നു എയർപ്പോർട്ടിൽ. കാലം ഇതായിരുന്നില്ല, അല്ലെങ്കിൽ ലൈവ് ഷോയിൽ അഭിനയിക്കേണ്ടി വന്നേനെ! വണ്ടി എയർപ്പോർട്ട് വിട്ട് കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ നിർത്തിച്ചു. റോഡിൽ നിന്ന് വശത്തുള്ള ചെമ്മണ്ണും ചരലും നിറഞ്ഞ മൈതാനത്തേക്ക് നടന്നു.

നീ നമ്മുടെ മണ്ണിനെ ചുംബിച്ചിട്ടുണ്ടോ?

ഞാൻ മുട്ടു കുത്തി.

അന്ന് മുതൽ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയുന്നു. ശരിയാണ്.

മണ്ണിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞ ഞാൻ പിന്നെ മലർന്നു കിടന്നു. എനിക്ക് ആകാശം കാണണമായിരുന്നു.

നീ വിശ്വസിക്കില്ല ഭാർഗവാ. എന്റെ തൊട്ടടുത്ത് സുഹ്‌റ ഉണ്ടായിരുന്നു അപ്പോൾ. അവൾ സന്ദേഹത്തോടെ എന്നെ നോക്കുകയാണ്. അവളുടെ മുകളിൽ കുടചൂടിയ പോലെ ആകാശം.

ആകാശത്തിൽ ഞാൻ അതിർത്തികൾ കണ്ടില്ല. അന്നേരം ആകാശം പൂർണ്ണമായും നീലയായിരുന്നു.
*
പറഞ്ഞു പറഞ്ഞ് സുൽഫിക്കറും, കേട്ട് കേട്ട് ഭാർഗവ് രാമനും ഉറങ്ങിപ്പോയി. എണീറ്റപ്പോൾ സന്ധ്യയായിരുന്നു. കിച്ചണിലിരിക്കുന്ന പാരച്യൂട്ട് വെളിച്ചെണ്ണ സുൽഫിക്കർ ഒന്നോടെ തലയിലേക്ക് ഞെക്കിയൊഴിച്ചു. പക്ഷേ ബാത്ത് റൂമിൽ വെള്ളമില്ലായിരുന്നു. പുരയിടത്തിനു പിറകിലുള്ള കിണറിനരികെ പോയി അവർ. അവിടെ ഷെഡിൽ സൂക്ഷിച്ചിരുന്ന ബക്കറ്റും കയറുമുണ്ടായിരുന്നു. ബക്കറ്റ് തുടുപ്പിച്ച് കിണറിന്റെ അടിത്തട്ട് വരെ താഴ്ത്തി അയാൾ പത്തോളം തവണ തണുത്ത വെള്ളം സ്വന്തം തലയിലൊഴിച്ചപ്പോൾ ഭാർഗവിനും കൊതിയായി. അയാളും സ്വയം കുതിർത്തു.

എട്ടേമുക്കാലിന്റെ ഷോക്ക് തീയറ്ററിലിരിക്കുമ്പോൾ ദേശീയഗാനത്തിനായി രണ്ടുപേരും എണീറ്റു നിന്നു.


അറ്റൻഷനിൽ നിൽക്കുന്ന അയാളുടെ ഇടതു കൈയ്യിൽ അപ്പോൾ ഭാർഗവിന്റെ വലതു കൈ കോർത്തു.

Thursday, June 12, 2014

പരോൾ (ചെറുകഥ)

(ഈ കഥ നടക്കുന്ന കാലഘട്ടം 1991 ആണ്.) 
ഈ കഥ എന്റെ സ്ക്രിപ്റ്റിൽ സനൽ ശശിധരൻ ടെലിഫിലിം ആക്കി, കൈരളി ടിവിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ടെലിഫിലിം ഇവിടെ കാണാവുന്നതാണ്http://onappathipp.blogspot.in/2009/08/blog-post_27.html )
-----------------------------------------------------

'എന്റെ കാർന്നോമാരെ, എനിക്ക്‌ പോണ്ടാ. ഞാൻ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാൻ കൊച്ചപ്പന്റെ കടേന്ന്‌ നൂറ്‌ എണ്ണ വാങ്ങി വിളക്കു വക്കാം.'

കണ്ണൻ കണ്ണടച്ച്‌ കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്‌. അവന്റെ പഴയ കാർന്നോമ്മാരാണ്‌ കാവില്‍ ഇരിക്കുന്നത്‌. അഞ്ചുപേരുണ്ട്‌. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാൻ. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു ചതുരക്കല്ലു വച്ചിട്ടുണ്ട്‌. ആ മുത്തമ്മാന്‌ മാത്രമേ എന്നും വിളക്ക്‌ വക്കൂ. ഈ അറ്റത്തിരിക്കുന്നത്‌ അവന്റെ അച്ഛന്റെ അമ്മാവന്‍. ഇരുപതാമത്തെ വയസില്‍ മരിച്ചതാത്രേ. അച്ഛമ്മയും ആ അമ്മാമനെ കണ്ടിട്ടില്ല. ഇതൊക്കേ അച്ഛമ്മ പറഞ്ഞുകൊടുത്തതാണവന്‌. വിളിച്ചാ വിളിപ്പുറത്താ മുത്തമ്മാന്‍. പണ്ട്‌ അച്ഛമ്മയുടെ സ്വർണ്ണമാല കാണാതെ പോയി. അപ്പോ നേർന്നു നൂറെണ്ണ അതാ കിടക്കുന്നു മാല കുളത്തിന്റെ പടവില്‍. മുറ്റമടിക്കാൻ വരുന്ന വിലാസിനി പറഞ്ഞതാ. 'ന്റെ മുത്തമ്മാ, കാർന്നോന്മാരെ... എന്നെ ഇവ്ടന്ന്‌ കൊണ്ടോൻന്‍ സമ്മതിക്കല്ലേ..എണ്ണ മറക്കാതെ കൊണ്ട്‌രാം..'നേർന്നാ പിന്നെ മറക്കാൻ പാടില്ലാ. അവന്റെ കാർന്നോന്മാര്‍ മുൻ കോപികളാണുപോലും.

രാവിലെയാണ്‌ അവന്റെ അച്ഛമനും അമ്മയും വിളിച്ചത്‌. വെക്കേഷൻ കഴിഞ്ഞാൽ അവനെയും അങ്ങോട്ട്‌ കൊണ്ടുപോവുന്നൂന്ന്‌. അബുദാബിയിലേക്ക്‌. കേട്ടപ്പോൾ തുടങ്ങിയതാണ്‌ കണ്ണന്‌ പരവേശം. മുത്തച്ഛൻ വരട്ടെ. എനിക്ക്‌ വിസയും വേണ്ട ഒരു തേങ്ങയും വേണ്ട. കിഴക്കേലെ ബ്ലാക്കി പട്ടി അതാ പോകുന്നു. അവന്‍ കുനിഞ്ഞ്‌ ഒരു കല്ലെടുത്തു. അതിന്‌ ഭയങ്കര ബുദ്ധിയാണ്‌. കുനിയുന്നതു കാണുമ്പോളേ അത്‌ സ്ഥലം കാലിയാക്കും. അവൻ കല്ല്‌ വെറുതേ ഒരു തെങ്ങുമ്മേ വീക്കി. ശ്ശെ അതും കൊണ്ടില്ല. താഴത്തെ ഒട്ടു മാവിന്മേല്‍ കുരുവിക്കൂൽ മൂന്നാല്‌ മുട്ടയുണ്ട്‌. അത്‌ വിരിഞ്ഞോന്ന്‌ നോക്കണം. അവൻ അങ്ങോട്ട്‌ നടന്നു. നമ്മൾ അതിൽ തൊടാതെ നോക്കണം. തൊട്ടാൽ പിന്നെ കുരുവി ആ കൂട്ടിൽ വരില്ല.. പിന്നെ പാമ്പുംകാവിലെ മഞ്ചാടിക്കുരു ശേഖരിച്ച് വക്കുന്ന പാത്രത്തിൽ കുറെ പെറുക്കി ഇടണം. ഇപ്പോൾ നാലായിരത്തി ഒരുനൂറ്റിഅമ്പതെണ്ണമുണ്ട്‌. കുറേ ആകുമ്പോൾ അവൻ ഉണ്ടാക്കിയ പൂന്തോട്ടത്തിൽ വിരിക്കും. അപ്പോ നല്ല ഭംഗി ഉണ്ടാകും അകലെ നിന്ന്‌ കാണാൻ. അമ്മുവിന്റെ വീട്ടില്‍ അങ്ങിനെ ചെയ്തിട്ടുണ്ട്‌.

അവന്‌ സ്വന്തമായി ഒരു വാഴയുണ്ട്‌. കുഴി കുത്തിതന്നത്‌ മാണിക്യനാണ്‌. പക്ഷേ വാഴ നട്ടത്‌ അവനാണ്‌. നേന്ത്രവാഴയാ. എന്നും രാവിലെ അതിന്‌ പുതിയ ഇല വന്നോ എന്ന്‌ അവന്‌ നോക്കേണ്ടതുണ്ട്‌. അവനണാല്ലോ അതിന്റെ ഉടമസ്ഥന്‍. കൂമ്പടയാതിരുന്നാല്‍ മതിയായിരുന്നു. കൂമ്പടഞ്ഞാ പിന്നെ അതു വെട്ടിക്കളയുകയല്ലാതെ വേറെ ഒരു വഴിയുമില്ലന്നാണ്‌ മാണിക്യൻ പറഞ്ഞത്‌. അവന്റെ അച്ഛന് പഠിക്കുന്ന കാലത്ത്‌ കുറേ വാഴകൃഷി ഉണ്ടായിരുന്നത്രേ. അന്നും മാണിക്യനായിരുന്നു സഹായത്തിനെന്നാണ്‌ മാണിക്യന്റെ പത്രാസ്‌.

അവനെന്തൊക്കെ സ്വപ്നങ്ങളായിരുന്നെന്നോ? അടുത്ത കൊല്ലം അവന്‍ ഏഴ്‌ സിയിലേക്കാണ്‌. ഏഴു കഴിഞ്ഞാല്‍ പിന്നെ ചാലക്കുടിയിൽ പോകണം. അപ്പോ ബസില്‍ പോകാം. കാര്യം അവന്‍ അബുദാബിയിലും ബസിലാണ്‌ സ്ക്കൂളിൽ പോയിരുന്നത്‌. ഇതതു പോലെയല്ലത്രേ. ചിലപ്പോള്‍ ഇരിക്കാന്‍ പോയിട്ട്‌ നിക്കാന്‍ കൂടി സ്ഥലം ഉണ്ടാവില്ലത്രേ വടക്കേലെ സിന്ധു ആന്റി പറഞ്ഞതാ. ആന്റീന്നല്ല ചേച്ചീന്നാത്രേ വിളിക്കേണ്ടത്‌. മുത്തച്ഛന്റെ ഓർഡറാ. അടുത്ത കൊല്ലം അവനെ സ്ക്കൂൾ ലീഡറാക്കുമെന്ന്‌ സുശീല ടീച്ചർ അമ്പലത്തില്‍ വച്ച്‌ അച്ഛമ്മയോട്‌ പറയുന്നത്‌ അവനും കേട്ടതാണ്‌. എന്നിട്ട്‌ വേണം അസംബ്ലിക്ക്‌ സ്റ്റേജില്‍ കേറി നിന്ന്‌ എല്ലാർക്കും "ഇന്‍ഡ്യ ഈസ്‌ മൈ കണ്‍ട്രി" ചൊല്ലിക്കൊടുക്കാൻൻ അപ്പോഴാണ്‌ ഒരു വിസ വന്നിരിക്കുന്നത്‌. 'ഞാന്‍ പോവില്ല്യ.. നോക്കിക്കോ.' പറഞ്ഞത്‌ ഇത്തിരി ഒറക്കെ ആയിപ്പോയി.

"എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ" ഓ, അമ്മു. അമ്മൂന്റച്ഛനും അവന്റെ അച്ഛനും കൂടി ചെറുപ്പത്തില്‍ ഒപ്പിക്കാത്ത വേലത്തരങ്ങളില്ലെന്നാ അമ്മൂന്റെ അച്ഛമ്മ പറയാറ്‌. ഇവള്‍ക്ക്‌ എന്തിന്റെ കൊഴപ്പാ. എപ്പ നോക്ക്യാലും പിന്നാലെ വരും. പിശാശ്‌. വേണ്ടാ, പിശാശ്‌ എന്ന്‌ വിളിക്കണ്ടാ. ഇവള്‌ കാരണമാണവന്‍ സ്ക്കൂളിലെ ഹീറോ ആയത്‌. അവള്‍ടെ ക്ലാസിലെ ഗിരീഷ്‌ അവള്‍ടെ സ്ലേറ്റ്‌ പൊട്ടിച്ചു. കണ്ണേട്ടാന്നും വിളിച്ച്‌ കരഞ്ഞോണ്ട്‌ ഓടി വന്നത്‌ അവന്റെ അടുത്തക്കാ. അല്ലാതെ അവളുടെ ചേട്ടന്‍ പേടിത്തൊണ്ടന്‍ ഉണ്ണിയുടെ അടുത്തേക്കല്ലാ. അന്നാ അവന്റെ ക്ലാസിലെ പിള്ളേര്‍ക്ക്‌ അവന്‌ കണ്ണന്‍ന്നും ഒരു പേരുണ്ടെന്ന് മനസിലായത്‌. അവന്റെ ശരിക്ക്‌ പേര്‍ സഞ്ജയ്‌ മേനോൻ എന്നാണല്ലോ. അച്ഛമ്മ ഇട്ട പേരാ കണ്ണന്ന്ന്‌. അമ്മ അവനെ സഞ്ജൂന്നേ വിളിക്കൂ. ഗിരീഷിനെ അവന്‍ ഇടിച്ച്‌ മൂക്ക്‌ ചപ്പാത്തിയാക്കിയത്‌ അമ്മൂനോടുള്ള ഇഷ്ടം കൊണ്ട്വന്നുമല്ലകേട്ടോ. അവളാണാ കുരുവിക്കൂട്‌ അവന്‍ കാണിച്ചു കൊടുത്തത്‌. അതോണ്ടാ.ഹെഡ്മാഷ്‌ പിടിച്ച്‌ മൂന്നെണ്ണം തുടയില്‍ തന്നു. അതു പോട്ടേന്നു വക്കാം. മുത്തച്ഛനെ ഒന്നു കാണുന്നുണ്ടത്രേ മാഷ്‌. മുത്തച്ഛന്റെ കാര്യം വല്ല്യ രസമാ. എല്ലാവരും മുത്തച്ഛനെ അറിയും.

'എങ്ക്ട്‌ പൂവില്ല്യാന്നാ കണ്ണേട്ടാ പറഞ്ഞേ?' അമ്മു വീണ്ടും ചോദിച്ചു. അവന്‌ ദേഷ്യം വന്നു. "നിന്റെ നായര്‍ടോടക്ക്‌". അവള്‍ടെ അച്‌'മ്മ ദേഷ്യം വന്നാല്‍ അവളോടങ്ങന്യാ പറയാ. പാവം അമ്മുവിന്‌ സങ്കടം വന്നു. അടുത്ത കൊല്ലം അഞ്ചിലേക്കാണെന്ന്‌ പറഞ്ഞ്‌ അതിന്റെ പത്രാസിലാണവളീയിടെയായി.

'പൂയ്‌.. പൂയ്‌' ഉണ്ണിയാണ്‌. അവളുടെ ചേട്ടന്‍. അവനും ഏഴിലേക്കാണ്‌. പക്ഷേ അവന്‍ കണ്ണന്റെ അപ്പുറത്തെ ക്ലാസിലാണ്‌. ഉണ്ണി പിന്നേയും അമ്മുവിനെ കളിയാക്കി. മൂക്കിന്മേല്‍ വിരല്‍ വച്ച്‌ അയ്യേ! എന്നാക്കി അവന്‍ പിന്നെയും കൂവി. 'പൂയ്‌ പൂയ്‌...' പാടുപെട്ട്‌ സങ്കടമെല്ലാം ഒതുക്കി വെറുതേ തെങ്ങിന്റെ മോളിലും ആകാശത്തും നോക്കി കണ്ണുനിറഞ്ഞത്‌ അവനെ കാണിക്കാതിരിക്കുകയായിരുന്നു അവള്‍. അവളുടെ നായര്‍ക്ക്‌ പറഞ്ഞില്ലേ കണ്ണന്‍. കൂടെ ഉണ്ണിയുടെ കൂവലും. അവൾ ഒറ്റ കരച്ചിൽ. ഇന്ന്‌ മുത്തച്‌'ന്റെ കൈയ്യീന്ന്‌ ഒരു പിച്ച്‌ ഉറപ്പായി. മുത്തച്ഛൻ പടിക്കലെത്തുമ്പോഴേക്കും അമ്മു പരാതി പറയും. മുത്തച്ഛൻ പിച്ചിയാല്‍ അവിടെ എസ്‌ എന്ന അക്ഷരം വരും.അവന്‌ ശരിക്ക്‌ ഓർമ്മയുണ്ട്‌. ഒരു കൊല്ലം മുൻപാണത്‌. ഒരു ദിവസം അച്ഛൻ വന്നു കയറിയത്‌ ആകെ സങ്കടത്തിലായിരുന്നു. അച്ഛന്റെ ജോലി പോയത്രേ. അന്ന്‌ അച്ഛനും അമ്മയും താടിക്ക്‌ കൈയ്യും കൊടുത്ത്‌ ഒറ്റ ഇരിപ്പായിരുന്നു. എപ്പോ നോക്ക്യാലും, മതിയായി.. നിർത്തിപോകും നിർത്തിപോകും എന്ന്‌ പറയാറുള്ള അച്ഛന് ജോലി പോയപ്പോ എന്തൊരു സങ്കടം! രാത്രി കണ്ണന്‌ വിശന്നിട്ടും അമ്മ ഒന്നും തരുന്ന ലക്ഷണം അവന്‍ കണ്ടില്ല.. അപ്പുറത്തെ റൂമിലെ റസിയ ആന്റിയാണന്നവന്‌ അന്ന്‌ കുപ്പൂസും മൊട്ടക്കറിയും കൊടുത്തത്‌. അച്ഛനോട് ഇന്നൊന്നും മിണ്ടണ്ടാന്നും പറഞ്ഞു ആന്റി. അങ്കിള്‍ വന്ന്‌ അച്ചനോട്‌ ഓരോന്ന്‌ പറഞ്ഞ്‌ സമധാനിപ്പിക്കുന്നുണ്ടായിരുന്നു. അങ്കിളിനും ആന്റിക്കും കുട്ടികള്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‌ എന്നും ഫ്ലാറ്റിൽ കളിക്കാൻ കൂട്ടായേനേ. രസമുണ്ടായത്‌ അന്നല്ല. പിറ്റേന്ന്‌ രാവിലെ അവൻ സ്കൂളില്‍ പോകാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌. അമ്മ അതെടുത്ത്‌ ഒറ്റ വീക്ക്‌ ചുമരിന്മേലേക്ക്‌. ഇനി നീ ഒരു സ്ഥലത്തും പോണ്ടാന്നും പറഞ്ഞു. അവന്‌ ദേഷ്യം വന്നു. അന്നൊക്കെ അവന്‌ ദേഷ്യം വന്നാല്‍ കരയാറാണ്‌ പതിവ്‌. പെരപണി കഴിയാത്തതിലായിരുന്നു അമ്മക്ക്‌ സങ്കടം. ജോസങ്കിളും ബീനാന്റിയും പിന്നെ അച്ഛന്റെ ഓഫീസിലെ രണ്ട്‌ അങ്കിള്‍മാരും എയർപോർട്ടിൽ വന്നിരുന്നു അവർ പോരുമ്പോൾ. അവന്‌ ശരിക്കും സങ്കടമുണ്ടായിരുന്നു അബുദാബിയില്‍ നിന്ന്‌ പോരാൻ. അവൻ മുമ്പ്  നാട്ടിൽ അധികം വന്നിട്ടില്ല. അച്ഛനും അമ്മയ്ക്കും കൂടി ലീവ്‌ കിട്ടാറില്ല. അവനെ ഒറ്റക്ക്‌ മുത്തച്ഛന്റെയും അച്ഛമ്മയുടെയും അടുത്ത്‌ നിർത്താൻ അമ്മക്ക്‌ ഇഷ്ടമല്ല. അച്ചന് അത്‌ വലിയ ഇഷ്ടമായിരുന്നു. അവനും നാട്ടിൽ നിൽക്കുന്നത്‌ ഇഷ്ടമായിരുന്നില്ല. ഭയങ്കര ഇരുട്ടാ അവന്റെ വീട്ടില്‍. അബുദാബിയില്‍ രാത്രീലും മുറിയില്‍ റോട്ടുവെളിച്ചം ഉണ്ടാവും. പിന്നെ നാട്ടിലെ പിള്ളേര്‍ക്ക്‌ വലിയ പത്രാസാണ്‌. അവർക്ക്‌ മരം കയറാൻ അറിയാം, നീന്താനറിയാം, മീനെ പിടിക്കാനറിയാം. ഇപ്പോഴാണെങ്കിലേ, അതെല്ലാം കണ്ണനും അറിയാം. അവരെക്കാള്‍ നന്നായി. അവന്റെ അമ്മ കുറേ പറഞ്ഞതാ അമ്മയുടെ വീട്ടില്‍ നിന്ന്‌ പഠിച്ചാൽ മതീന്ന്‌. ഭാഗ്യത്തിന്‌ അച്‌'ന്‍ സമ്മതിച്ചില്ല. അമ്മയുടെ വീട്ടിൽ ഒരു രസവുമില്ല..


അച്ഛൻ മൂന്ന്‌ മാസം ആയപ്പോഴേക്കും തിരിച്ച്‌ പോയി. പോയിട്ട്‌ വേണമത്രേ ജോലി അന്വേഷിക്കാൻ. പെര പണി മുഴുവനായിരുന്നെങ്കിൽ അച്ഛൻ ഇനി പോവില്ല്യായിരുന്നു. അച്ഛൻ അത്‌ ഇടക്കിടക്ക്‌ പറയും. ആ വളപ്പിൽ തന്നെയാണ്‌ വീട്‌ പണിതിരിക്കുന്നത്‌. വാർക്കപുറത്ത്‌ കയറി മുറ്റത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണലിലേക്ക്‌ ചാടിക്കളിക്കലാണിപ്പോൾ അവന്റെയും ഉണ്ണിയുടേയും പരിപാടി. അച്ഛൻ പോയത്‌ അവന്‌ പ്രശ്നമായി. അമ്മയുടെ നിയമങ്ങളായി പിന്നെ. കാലത്ത്‌ തൊട്ട്‌ നടന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍ വന്നാല്‍ അമ്മക്കറിയാം. എന്നിട്ട്‌ നീയെന്തിനാ അവനെ ഞോണ്ടാന്‍ പോയേ, നിനക്ക്‌ നിന്റെ കാര്യം നോക്ക്യാ പോരേ, എന്തിനാ പന്തു കളിക്കാന്‍ പോയേ, അതല്ലേ മുട്ട്‌ പോട്ട്യേ...... അച്ഛനുണ്ടെങ്കില്‍  'എഡീ, നിർത്ത്‌. നിർത്ത്‌ ഞാൻ ഇതിലും കുരുത്തക്കൊള്ളിത്തരം കാണിച്ചിട്ടാടീ വലുതായത്‌. ന്നെട്ടും നീ എന്നെ കെട്ടിയില്ലേ...' എന്നു പറഞ്ഞേനേ. അച്ഛൻ  ഇടപെട്ടാ പിന്നെ അമ്മ നിര്‍ത്തും. പിന്നൊരു സ്ഥിരം വർത്താനമുണ്ട്‌. 'എന്റെ ഗതികേട്‌... പുക ഊതി ഊതി എന്റെ ജന്മം തീരും.' ഓ. അമ്മയുടെ വീട്ടില്‍ ഗ്യാസ്‌ സ്റ്റൌ ഉണ്ട്‌. അതിന്റെ ഡംബ്‌. പിന്നെയാണ്‌ പിടികിട്ടിയത്‌. അമ്മുവാണ്‌ എല്ലാം വന്നു പറയുന്നത്‌. അച്ഛൻ അവൾക്കൊരു പേരിട്ടു - ചാരവനിത.

അവനെ ഓട്ടോറിക്ഷയിലാണ്‌ സ്ക്കൂളിലേക്ക്‌ വിട്ടിരുന്നത്‌. അമ്മുവും, ഉണ്ണിയും എല്ലാ കുട്ടികളും നടന്നാ പോണത്‌. അവന്‍ മാത്രം കുറേ ഒന്നാം ക്ലാസുകാരുടെ കൂടെ ഓട്ടോറിക്ഷയിലും. അവനത്‌ കുറച്ചിലാണ്‌. അമ്മയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. വെറുതെ നല്ല നുള്ള്‌ കിട്ടും അത്ര തന്നെ. അവന്റെ ഭാഗ്യത്തിന്‌ അച്ഛന്‌ വേറെ നല്ല ജോലി കിട്ടി. അമ്മയെ കൊണ്ടുപോയി. പോവുമ്പോള്‍ എന്തായിരുന്നു അമ്മയുടെ വർത്താനങ്ങള്‍. അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌. ഇല്ല ചെയ്യില്ല! അച്ഛമ്മ പറയണതെല്ലാം കേൾക്കണം. കേട്ടോളാം! അച്ഛമ്മ പറേമ്പോലെ എല്ലാം യെസ്‌ മൂളി. . പാവം കാറിൽ കേറാൻ നേരത്ത്‌ അവനെ ഉമ്മ വച്ചപ്പോ അമ്മ കരഞ്ഞുകേട്ടോ. അവൻ കരഞ്ഞില്ല. എന്നിട്ടും അവളുണ്ടല്ലോ, ആ നുണച്ചിപ്പാറു അമ്മു, അവള്‌ പറഞ്ഞോണ്ട്‌ നടന്നു അവൻ കരഞ്ഞൂന്ന്‌.

അമ്മ പോയപ്പോളല്ലേ രസം. അച്ഛമ്മ അവനെ ചീത്തപറയില്ല. പഠിക്കാൻ പറയില്ല. അമ്മയെ പോലെ മുത്തച്ഛൻ വരുമ്പോൾ ഏഷണിയും പറയില്ല. ഇടക്കിടക്ക്‌ അവൻ ഓട്ടോറിക്ഷയിൽ കേറാതെ നടന്നു പോകും. മുത്തച്ഛൻ അറിഞ്ഞാൽ കൊഴപ്പമാ. എന്തൊരു രസാന്നറിയാമോ നടന്നു പോകാൻ. ഉണ്ണിയാണവന്‌ വെള്ളത്തിൽ കാലുകൊണ്ട്‌ പടക്കം പൊട്ടിക്കാൻ പഠിപ്പിച്ചത്‌. പക്ഷേ ട്യൂഷനെടുക്കുന്ന സിന്ധുവാന്റിയുടെ അടുത്ത്‌ ഒരു രക്ഷയുമില്ല. വൈകുന്നേരമായാല്‍ ഇരുത്തി പഠിപ്പിക്കും. അമ്മയുടെ പ്രത്യേകം ഓർഡറുണ്ടെന്ന്‌ പിന്നെയല്ലേ മനസിലായത്‌. ഓണപരീക്ഷ കഴിഞ്ഞപോളല്ലേ രസം. കണ്ണന്‍്‌ ക്ലാസില്‍ ഫസ്റ്റ്‌ കിട്ടി. അബുദാബിയിലെ ടീച്ചർമാര്‍ ശരിയല്ല. അവരവന്‌ ബി ഗ്രേഡേ കൊടുക്കൂ. അമ്മക്കും അച്ഛനും എന്തൊരു സന്തോഷമായെന്നോ? അതൊന്നുമല്ല അവന്‌ ഏറ്റവും ഇഷ്ടമായത്‌. അടക്ക വലിക്കാന്‍ പുരുഷോത്തമൻ വരുന്നതാണ്‌. ആരും ചെന്ന്‌ വിളിക്കൊന്നും വേണ്ടാ. സമയാവുമ്പോൾ ആളെത്തിക്കോളും. ഒരു അടക്കാമരത്തില്‍ കയറി ആടി വേറേമ്മെ ചാടിപിടിക്കും. കണ്ണന്റെ കാലിന്റെ അടിയില്‍ അതു കാണുമ്പോള്‍ ഒരു തരിപ്പാണ്‌. അന്ന്‌ മുത്തച്‌'ന്‍ ഇല്ലാതിരുന്നാല്‍ ഭാഗ്യം. എന്നാല്‍ പുരുഷു അവനേയും കൊണ്ടേ അടക്ക വിക്കാന്‍ പോവൂ. അടക്ക കൊടുക്കുന്ന സ്ഥലത്തെ മീശക്കൊമ്പന്‍ ഇതാരാ പുരുഷോന്ന്‌ ചോദിച്ചപ്പോ പുരുഷു പറഞ്ഞത്‌ കേള്‍ക്കണോ - ഇത്‌ നമ്മക്കടെ കണ്ണന്‍ മൊതലാള്യാന്ന്!. അവനത്‌ വലിയ പത്രാസായി. പുരുഷു ആരോടും പറയരുതെന്ന്‌ പറഞ്ഞാ അന്ന്‌ അവന്‌ കൊള്ളി ഉപ്പേരി വാങ്ങി കൊടുത്തത്‌. തട്ടുകടേന്ന്‌. അവന്‍ ആരോടും അത്‌ പറഞ്ഞിട്ടില്ല. മുത്തച്ഛൻ അറിഞ്ഞാല്‍ ചിലപ്പോൾ ഒരു പെട കിട്ടാന്‍ വഴിയുണ്ട്‌. ഇതു വല്ലതും അബുദാബിയിലുണ്ടോ? ഒന്നുംല്ല്യാന്നേ. അതാ അവന്‌ അവിടെ പോകാന്‍ ഇഷ്ടമില്ലാത്തത്‌.

ഒരു രസവുമില്ല അവിടെ. റസിയാന്റീടെ മുറിയിലേക്ക്‌ പോവാന്‍ കൂടി അമ്മ സമ്മതിക്കില്ല. അവർക്ക്‌ ശല്ല്യമാവുന്ന്‌! ശല്ല്യേ. എന്നോട്‌ വർത്താനം പറഞ്ഞിരിക്കാനാ ആന്റിക്കിഷ്ടം. എന്നാ ബാൽക്കണിയില്‍ ചെന്ന്‌ തഴേക്ക്‌ നോക്കിയാലോ? വീഴും എന്ന്‌ പറഞ്ഞ്‌ അതും സമ്മതിക്കില്ല. അവന്റെ മുറിയുടെ ചുമരിലെ പാടുകൾ അവന്‌ കാണപ്പാഠമായി. കട്ടിലിൽ കേറി കിടന്ന്‌ മുകളിലേക്ക്‌ നോക്കിയാൽ ആ പാടുകള്‍ക്കെല്ലാം ഓരോ ഛായ വരും. ഒന്ന്‌ ശരിക്കും ഒരു ചെമ്മരിയാട്‌. പിന്നെ രണ്ടു മനുഷ്യര്‍. അവർക്ക്‌ കാലില്ല. പിന്നെയും കുറെ രൂപമില്ലാത്ത സാധനങ്ങള്‍.... ... അവനൊരു ചെറിയ കട്ടിലുണ്ട്‌. അമ്മക്കും അച്ഛനും വേറെ വലുതും. പിന്നെ ഒട്ടും സ്ഥലമില്ല അവന്റെ മുറിയില്‍. അവിടെ അവൻ സ്ക്കൂള്‍ വിടുന്നത്‌ നാലുമണിക്കൊന്നുമല്ലാട്ടോ. രണ്ടു മണിക്കാ. അവന്റെ കൈയ്യിലും ഉണ്ടാകും ഫ്ലാറ്റിന്റെ തക്കോൽ. റസിയാന്റി അവന്‌ ചോറ്‌ എടുത്തു കൊടുക്കും. ചിലപ്പോൾ പാവം ഉറങ്ങിയിട്ടുണ്ടാകും. ഈ റസിയാന്റിയുടെ ഹോബി എന്താന്നറിയണോ? ഒറക്കാത്രേ. അങ്കിള്‍ പറഞ്ഞതാട്ടോ. അമ്മ ഭയങ്കര മടിച്ചിയാ. ഒരു കറി വച്ചാല്‍ മൂന്നു ദിവസം ചൂടാക്കണം. അവന്‌ ചൂടാക്കി കഴിക്കുന്നതേ ഇഷ്ടമല്ല. അമ്മ ചൂടാക്കി വിളമ്പി തന്നാല്‍ കൊള്ളാം. അതിന്‌ അമ്മ വരാന്‍ അഞ്ചു മണി ആകും. ഇവിടെ അവനു വന്നിരിക്കേ വേണ്ടൂ. അച്‌'മ്മ വിളമ്പിത്തരും. പാത്രമൊന്നും അവനു കഴുകണ്ടാ. അച്ഛമ്മ എന്തൊക്കെ കറികളാ ഉണ്ടാക്കാന്നറിയോ? പുളി തിരുമ്മീത്‌, ഉള്ളി ചമ്മന്തി, അരച്ച്കലക്കി, വഴുതങ്ങ അടുപ്പിലിട്ട്‌ ചുട്ട ചമ്മന്തി....... ഇന്നാള്‌ വാഴകൊടപ്പൻ അവനാ തോട്ടികൊണ്ട്‌ പൊട്ടിച്ചു കൊടുത്തത്‌. എന്തൊരു രസമാണെന്നോ അന്നത്തെ തോരന്‌. ഈ അമ്മ അവിടെ എന്നും ഉണ്ടാക്കും ചിക്കൻ. തിന്നു തിന്നു അവനും അച്ഛനും മടുത്തു. ജോലിക്ക്‌ പോക്കും കറി വെപ്പും... ഒക്കെ കൂടി വലിയ ബുദ്ധിമുട്ടാന്നാ അമ്മ പറയാറ്‌. എന്നാ നീ ജോലിക്ക്‌ പോണ്ടാന്ന്‌ അച്ഛൻ പറഞ്ഞാലോ.. അപ്പോ പിന്നെ പഞ്ചാരവർത്താനമായി അവനോടും അച്ഛ'നോടും. അച്ഛന്‌ ദേഷ്യം വന്നാല്‍ ഒന്ന്‌ പറഞ്ഞാ പറഞ്ഞതാ. അതോണ്ടാ അമ്മക്ക്‌ പേടി. ജോലികൂടിയില്ലെങ്കിൽ ബോറടിച്ച്‌ ചാവുമെന്നാണ്‌ അമ്മയുടെ പറച്ചിൽ. അതു കേട്ടാല്‍ റസിയാന്റിയുടെ മുഖം പോകും. അച്ഛമ്മ വാഴയുടെ ഉണ്ണിപിണ്ടി പൊളിച്ചു കൊടുത്താൽ അതോണ്ട്‌ തോരൻ ഉണ്ടാക്കി തരാംന്ന്‌ പറഞ്ഞിട്ടുണ്ട്‌.

വേറെ രസം കേള്‍ക്കണോ? ഈ അച്ഛമ്മ എല്ലാ പച്ചക്കറിയുടെ തോലും എടുത്ത്‌ ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കി തരും. അതു വെയിലത്ത്‌ ഉണക്കാൻ വക്കുമ്പോൾ എടുത്തു തിന്നാനാണ്‌ രസം."മുത്തച്ഛാ, ഞാന്‍ എങ്ങോട്ടും പോണില്ല. ഞാമ്പ്ടെ പഠിച്ചോളാം. മുത്തച്ഛാ..."

"നിന്റെ അച്ഛൻ  പറയണേട്ത്തല്ലടാ നീ പഠിക്കേണ്ടത്‌? നല്ല മക്കള്‍ അച്ഛൻ പറയുന്നത്‌ അനുസരിക്കണം.........മനസിലാവ്ണ്ണ്ടോ നെനക്ക്‌? "

"അപ്പോ അച്ഛൻ  മുത്തച്ഛന്റെ മോനല്ലേ. മുത്തച്ഛൻ പറഞ്ഞാ അച്ഛൻ കേൾക്കില്ലേ?" അവന്റെ മറുന്യായത്തില്‍ മുത്തച്ഛന്  ഉത്തരം മുട്ടി. അച്ഛമ്മ അവന്റെ പക്ഷം ചേര്‍ന്നു.

"നിങ്ങളവൻ വിളിക്കുമ്പോ ഒന്ന്‌ പറ മനുഷ്യനേ. ന്റെ മോനെ ഞാൻ നോക്കിക്കൊള്ളാം"
'തെല്ല്‌ മിണ്ടാതിരി തള്ളേ. അവർക്ക്‌ ഇവനെ ഇവിടെ ആക്കിയാല്‍ എന്തു മനസമാധാനാണ്ടാവാ? എല്ലാർക്കും സ്വന്തം മക്കളെ കൺവെട്ടത്ത്‌ കണ്ടോണ്ടിരിക്കണംന്നാ ണ്ടാവാ, നെനക്കതിന്റെ വെഷമം അറീല്ലാ. നിനക്ക്‌ ലോകവിവരം ഉണ്ടോ? കഴുത.'

ലോകത്തിലെ ഏറ്റവും വലിയ തമാശ ഇപ്പോ പറഞ്ഞതാണെന്നമട്ടിൽ മുത്തച്ഛന്റെ ഹഹഹ എന്ന ചിരിയും. അവന്‌ ചിരി വന്നില്ല. അവനെ മുത്തച്‌'ന്‍ സമാധാനിപ്പിച്ചു.

"ഞാൻ പറഞ്ഞു നോക്കാം കണ്ണാ". മുത്തച്ഛൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാന്നാ ആൾക്കാര്‌ പറയണേ. അവന്‌ സമാധാനമായി.

'ലക്ഷണം അത്ര ശരിയല്ല കണ്ണങ്കുട്ട്യേ...' മാണിക്യൻ. അവന്റെ വാഴയുടെ പുതിയതായി വന്ന കൂമ്പ്‌ പരിശോധിക്കുകയാണ്‌. മാണിക്യൻ അവനെ കണ്ണങ്കുട്ട്യേന്നാ വിളിക്കാ. അവനും കണ്ടു. പുതിയ കൂമ്പിന്‌ പവറ്‌ പോരാ. നമുക്ക്‌ നോക്കാം. കൂമ്പടഞ്ഞാൽ പിന്നെ വെട്ടിക്കളയേ കാര്യള്ളൂ. അമ്മ വിളിച്ചപ്പോള്‍ അവനെ കുറേ വഴക്ക്‌ പറഞ്ഞു. അമ്മക്കറിയേണ്ടത്‌ അവൻ മുത്തച്ചനോട്‌ പറഞ്ഞോ അവിടെ തന്നെ നിക്കണമെന്ന്‌.

"ഞാൻ ഇവ്ടെ നിന്നോളാംമ്മേ. ഞാൻ നല്ലോണം പഠിക്കണ്ണ്ട്‌. നിക്ക്‌ ഫസ്റ്റ്‌ കിട്ടീല്ല്യേമ്മേ."
"അവ്ടെ നിന്നട്ട്‌ വേണം വൃത്തികെട്ട ശീലങ്ങളൊക്കെ പഠിക്കാൻ. മര്യാദക്ക്‌ ഞാൻ പറയണ കേട്ടാ മതി"

"അപ്പോ അച്ഛനും  ഇവ്ടല്ല്യേ പഠിച്ചത്‌? അച്ഛന്റെ ശീലങ്ങളും വൃത്തി കെട്ടതാണാവോ" ചോദിച്ചില്ല. ചോദിച്ചാൽ അതു മതി.

അവന്‌ കണ്ണില്‍ വെള്ളം വന്നു. ഏയ്‌ ഇനി കണ്ണന്‍ കരയില്ല. അടുത്ത മാസം ഏഴിലേക്കാവും. അവന്റെ സ്ക്കൂളിൽ ഏഴാം ക്ലാസുകാരാണ്‌ ഏറ്റവും വലിയവർ. ആറാം ക്ലാസിലെ എല്ലാവർക്കും അവനെ പേടിയാണ്‌. ഏഴിലെ വലിയവന്മാര്‍ ആരും തോൽക്കാതിരുന്നാല്‍ പിന്നെ അവനായിരിക്കും അടുത്ത കൊല്ലത്തെ ചട്ട. പക്ഷേ ആ ശശി എന്തായാലും ജയിക്കില്ലത്രേ. എന്നാ പോയി. അച്ഛമ്മ വന്ന്‌ അവന്റെ തലമുടിയിൽ വിരലോടിച്ചു. അവന്‌ മനസിലായി അവനെ സമാധാനിപ്പിക്കാനാണെന്ന്‌. എന്നിട്ട്‌ അമ്മുവിന്റെ അച്ഛമ്മയോട്  'അതിനിവിടെ നിന്നാ മതി. പാവം. അവടെ കളിക്കാനൊന്നും കൂട്ടില്ലാത്രേ.' പിന്നെ അവന്‌ പിടിച്ച്‌ നിക്കാനായില്ല.

അമ്മു നില്‍ക്കുന്നതൊക്കെ മറന്ന്‌ അവന്‍ ഉറക്കെ കരഞ്ഞു. അച്ഛമ്മയെ കെട്ടിപ്പിടിച്ച്‌. 'എനിക്ക്‌ പോണ്ടച്ഛമ്മേ... എനിക്ക്‌ പോണ്ടാ....' അച്ഛമ്മ ഉറക്കെ നാമം ചെല്ലി. പാവം അമ്മു അവൾക്കും സങ്കടം വന്നു...

വിലാസ്ന്യേ.... ഇനി ഇങ്ങനെ നൊണ പറയരുത്‌. വിലാസിനിയാണവന്‌ കാർന്നോമാര്‍ക്ക്‌ എണ്ണ നേരാൻ പറഞ്ഞത്‌. കാർന്നോമ്മാർക്ക്‌ എണ്ണ വേണ്ട. അവന്റെ വിസയും കൊണ്ട്‌ ജോസങ്കിള്‍ വന്നു. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവനും ജോസങ്കിളിന്റെ കൂടെ പോകുന്നു.

'എന്റെ കണ്ണാ കാർന്നോമ്മാര്‌ മോന്‌ നല്ലതു വരുന്നതേ ചെയ്യൂ. പേർഷ്യേല്‌ നല്ല ഷ്ക്കോളില്‌ നല്ല പിള്ളേരുടെ കൂടേര്‍ന്ന്‌ പഠിച്ചൂടേ?' അവിടെ സ്ക്കൂളെല്ലാം വാർക്കയാണെന്നറിഞ്ഞപ്പോ തുടങ്ങിയതാ വിലാസ്നിക്ക്‌. ഇവിടെയെല്ലാം ഓടിട്ട പൊട്ട സ്ക്കൂളാത്രേ. ഈ വിലാസിനിക്ക്‌ ഒരു ബുദ്ധിയുമില്ല. അവടെ നല്ല സ്ക്കൂളാത്രേ! നല്ല പിള്ളേരാത്രേ! അവിടെ സ്ക്കൂളില്‍ കഞ്ഞി കിട്ടില്ല എന്നത്‌ മാത്രമായിരുന്നു വിലാസിനി കണ്ട ഒരേയൊരു കുറ്റം. അവര്‍ പഠിക്കുന്ന കാലത്തൊന്നും സ്ക്കൂളില്‍ കഞ്ഞി ഉണ്ടായിരുന്നില്ലത്രേ. ഉണ്ടായിരുന്നെങ്കിൽ പത്താം ക്ലാസ്‌ വരെ പഠിച്ചേനെയെന്നാണ്‌ അവര്‍ പറയുന്നത്‌.

ജോസങ്കിളിനോടും അവന്‍ പറഞ്ഞുനോക്കി. അമ്മക്കവിടെ ഒരു സമാധാനവുമില്ലാത്രേ. എന്നും അവന്റെ കാര്യം പറഞ്ഞ്‌ കരച്ചിലാണെന്ന്‌. ജോസങ്കിള്‍ നുണ പറയുന്നതാണ്‌. അവനറിയാം.അച്ഛ നോടും പറഞ്ഞു വിളിച്ചപ്പോള്‍. രണ്ട്‌ ദിവസം അവ്ടെ നിക്കുമ്പോ സങ്കടമൊക്കെ മാറുംന്നാ അച്‌'ന്‍ പറഞ്ഞത്‌. ഒരു കാര്യവുമുണ്ടായില്ല. അവന്റെ എല്ലാ ഉത്സാഹവും നശിച്ചു.

വിരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളെല്ലാം പറന്നു പോയിരുന്നു. അവന്റെ വാഴക്ക്‌ വന്ന കൂമ്പുകളെല്ലാം വിളറി വെളുത്തുപോയിരുന്നു. അതു കൂമ്പടഞ്ഞത്രെ. ഇനി അതു കാര്യമില്ല. വെട്ടിക്കളയണമെന്നാണ്‌ മാണിക്യന്റെ വിദഗ്ദ്ധോപദേശം. പോകുന്നതിന്റെ തലേ ദിവസമാണ്‌ അവനും മുത്തച്‌'നും കൂടി പോയി സ്ക്കൂളില്‍ നിന്ന്‌ പേപ്പറുകള്‍ ശരിയാക്കി വാങ്ങിയത്‌. അന്ന്‌ സന്ധ്യക്ക്‌ അവന്‍ വെട്ടുകത്തിയെടുത്ത്‌ അവന്റെ വാഴയുടെ അടുത്തേക്ക്‌ നടന്നു. പിന്നെ വാഴ തലങ്ങും വിലങ്ങും വെട്ടി. അവസാനം അച്‌'മ്മ വന്ന്‌ അവനെ വട്ടം പിടിച്ച്‌ നിര്‍ത്തുന്നത്‌ വരെ....

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.സന്ധ്യയായാല്‍ പാമ്പുംകാവിലേക്ക്‌ നോക്കാന്‍ പോലും പേടിയായിരുന്ന അവന്‍ കൂസലില്ലാതെ മഞ്ചാടിക്കുരു ശേരിച്ച്‌ വക്കുന്ന പാത്രം അവിടെ നിന്നെടുത്തു. പടിക്കല്‍ക്കൂടിയല്ലാതെ വേലിമുറിച്ച്‌ കടന്ന്‌ അമ്മുവിന്റെ വീട്ടിലേക്ക്‌ നടന്നു. അവന്‍ കാണാതെ അവന്റെ പാത്രത്തില്‍ നിന്ന്‌ മഞ്ചാടിക്കുരു കട്ടെടുക്കുന്ന പെണ്ണാണവള്‍. ഒരു ദിവസം അവന്‍ കണ്ടുപിടിച്ച്‌ രണ്ടിടി കൊടുത്തതാണ്‌.

'വാ കണ്ണാ.. നാളെ വെളുപ്പിന്‌ അഞ്ചു മണിക്കേ ഇറങ്ങണം അല്ലേ' അമ്മുവിന്റെ അച്‌'മ്മ.

അവന്‍ അത്‌ ശ്രദ്ധിക്കാനേ പോയില്ല. അവന്റെ അച്‌'മ്മ അവനെ ഉറക്കെ പേരു ചൊല്ലി വിളിക്കുന്നത്‌ കേട്ടു. അവന്‍ ഉറക്കെ വിളിച്ചു.

"അമ്മൂ.."

അവള്‍ ഓടി പുറത്ത്‌ വന്നു. ഉണ്ണിയും.കണ്ണന്‍ അവളുടെ ചെടിത്തോട്ടത്തിലേക്ക്‌ മഞ്ചാടിക്കുരു മുഴുവന്‍ ചെരിഞ്ഞു. പാത്രം താഴെയിട്ട്‌ ഒരക്ഷരം അരോടും പറയാതെ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

നാളെയാണവന്‌ പോകേണ്ടത്‌. അമ്മുവും, ഉണ്ണിയും അവരുടെ അച്‌'നുമമ്മയും, അച്‌'മ്മയും വന്നിട്ടുണ്ട്‌. അവരൊക്കെ കൂടി അവന്റെ ബാഗില്‍ എല്ലാം നിറച്ചു. നാളെ അവര്‍ എണീക്കുന്നതിന്‌ മുന്‍പേ അവന്‍ പോകും. ജോസങ്കിള്‍ രാവിലെ അഞ്ചുമണിക്ക്‌ കാറുമായെത്തും. അപ്പോഴേക്കും അവന്‌ റെഡിയായിരിക്കണം.

അവന്‍ അന്ന്‌ നേരത്തെ കിടന്നു.

*********************************

Wednesday, March 5, 2014

ജലകന്യക (ചെറുകഥ)


കെ.വി മണികണ്ഠൻ
{ഈ കഥ മലയാളം വാരിക നടത്തിയ എം. പി നാരായണപിള്ള സ്മാരക പുരസ്കാരമത്സരത്തിൽ ആറാം സ്ഥാനത്ത് വരികയും, മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുകയും മാതൃഭൂമി ഫൈനൽ റൈണ്ട് എന്ന കഥാ സമാഹാ‍രത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.}

സ്വപ്നത്തിലാണെന്നാണ് കതിരേശൻ കരുതിയത്.

കണ്ണുമിഴിച്ചപ്പോൾ മുന്നിൽ കാടുകയറിയ നദി. പെരുംവൃക്ഷങ്ങളുടെ അരക്കെട്ടിൽ നിശബ്‌ദമായി ഇക്കിളിയിടുന്ന ആമസോൺ. അവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പായുന്ന പെരുമ്പാമ്പ്. ചിരപരിചിതമായ പ്രവൃത്തി ചെയ്യുന്ന ലാഘവത്തോടെ അയാളുടെ വലതുകൈ തറയിലൂടെ റിമോട്ടിലേക്കിഴഞ്ഞു.. കല്ലിലും മുള്ളിലും വയർ ഉരസാതെ കാടു ചുറ്റാൻ കിട്ടുന്ന അപൂർവ്വാവസരത്തിൽ ആകാശത്തിലെ പറവ പോലെ ഒഴുകി പറക്കുന്ന ആ പെരുമ്പാമ്പിനോട് ഒരുവശത്തു നിന്ന് അപ്രതീക്ഷിതമായി അതേ വേഗതയിൽ കൂടെ ചേരുന്ന ഇണപ്പാമ്പ്.

റിമോട്ട് വേട്ടക്കാരന്റെ തോക്കുപോലെ ഉയർന്നു. ആ‍മസോൺ കാട് കെട്ടു.ഇരുട്ട്. നിശബ്ദജലവിതാനത്തിലേക്ക് പൊടുന്നനെ പൊട്ടിവീഴുന്ന വെള്ളത്തുള്ളിപോലെ വീണ്ടും കിളിശബ്ദം. കതിരേശൻ അറിയാതെ ഞെട്ടി. സെറ്റിയിലെ ആ കിടപ്പിൽ കിടന്ന് എതിർചുമരിലേക്ക് കണ്ണുകളുയർത്തി. ബെഡ് റൂമിൽ നിന്നുള്ള ഇരുണ്ട നീല വെളിച്ചത്തിൽ ക്ലോക്ക് മയങ്ങി നിൽക്കുന്നു. ദിവസത്തിൽ രണ്ടു തവണ -എഴ്. മുപ്പത്തി അഞ്ച് - മാത്രം കൃത്യസമയം കാണിക്കുന്ന ഘടികാരം. അനുഷ്ടാനം പോലെ ബാറ്ററി വാങ്ങിയില്ലല്ലോ എന്ന് അപ്പോഴും ഓർത്തു കതിരേശൻ . തന്നോടൊപ്പം സെറ്റിയിൽ കിടന്നുറങ്ങുന്ന മൊബൈൽ ഫോൺ അയാളുടെ വലതു കൈ തപ്പിയെടുത്ത് കണ്ണിനുമുന്നിൽ കൊണ്ടുവന്നു. മൂന്നര.

ഈ സമയത്ത് ആരാണ്?

വാതിൽക്കലേക്ക് നീങ്ങുമ്പോൾ ബെഡ് റൂമിൽ നീല വെളിച്ചത്തിൽ ശാന്തമായി കിടന്നുറങ്ങുന്ന ഭാര്യയെ അയാൾ കണ്ടു. കണ്ടതാണ്, നോക്കിയതല്ല. എത്രയോ തവണ ഉപേക്ഷിക്കണം എന്ന് വിചാരിച്ച ശീലം -മീരയെ കാണുമ്പോൾ അവളുടെ കഴുത്തിൽ താലി ഉണ്ടോ എന്ന അനാവശ്യ ജിജ്ഞാസ- അപ്പോഴും അയാളെ കീഴടക്കി. നോക്കി. താലി കണ്ടില്ല. രണ്ടുവർഷങ്ങൾക്ക് മുമ്പ്, ഒരു കാൽനടക്കാരിയുടെ മാല ബൈക്കിൽ വന്ന കള്ളൻ പൊട്ടിച്ച് കടന്നുകളയുന്ന രംഗത്തിന് സാക്ഷിയായതിന്റെ പിറ്റേന്ന്, മീര സ്വർണ്ണം ധരിക്കുന്നത് നിർത്തിവച്ചു. ഒരു വിശദീകരണം നൽകാൻ മീരയും ചോദിക്കാൻ കതിരേശനും തയ്യാറായിരുന്ന കാലം അസ്തമിച്ചിരുന്നതിനാൽ, മീര താലി ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന തെറ്റായ നിഗമനത്തിൽ കതിരേശൻ എത്തിച്ചേരുകയും ചെയ്തു.
ശലഭശൈലീ നീന്തലിൽ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു മീര. വെള്ളത്തിനടിയിൽ കണ്ണുതുറക്കുന്നതായിരുന്നു മീരയുടെ ശീലം. കണ്ണടച്ചാലും കണ്ണിൽ ഒരു നിറം തങ്ങി നിൽക്കും എന്ന വിചിത്ര സത്യം അയാളെ പഠിപ്പിച്ചത് അവളാണ്. ആദ്യരാത്രിയിൽ തന്നെ. കണ്ണടച്ചാൽ ഇരുട്ടാകുമെന്ന് അന്നു വരെ കതിരേശൻ കരുതിയിരുന്നു. ആദ്യരാത്രി മുതൽ മീരയെ അലട്ടിയിരുന്നത് കണ്ണടച്ചാലുള്ള മഞ്ഞ വെള്ളിച്ചമായിരുന്നു. കൺപോളയ്ക്കും കൃഷ്ണമണിക്കും ഇടയിലെ ആ രൂക്ഷ മഞ്ഞയെ മറികടക്കാൻ അടുത്തൊരു നാൾ കതിരേശൻ കിടപ്പുമുറിയിൽ ഇളം നീല സീറോ ബൾബ് പരീക്ഷിച്ചു. നീന്തൽക്കുളത്തിന്റെ നിറം കണ്ണിനുള്ളിൽ നിറച്ച് അതിനു ശേഷം അവൾ എന്നും സുഖമായുറങ്ങുന്നു.

പീപ് ഹോളിൽ യൂണിഫോം കണ്ട ധൈര്യത്തിൽ കതിരേശൻ വാതിൽ തുറന്നു. സെക്യൂരിറ്റിയോട് അപ്പോഴും തുറക്കാൻ മടിക്കുന്ന കണ്ണുകളോടെ അസഹിഷ്ണമായി പുരികങ്ങളുയർത്തി. ഒരു വശത്ത് മാറി മറ്റൊരാൾ കൂടിയുണ്ട്. എവിടെയോ കണ്ടു മറന്ന മുഖം എന്നോർക്കുന്നതിനിടയിൽ തന്നെ അയാളുടെ ഉറക്കം തലയിൽ നിന്ന് ചിതറിത്തെറിച്ചു പോയി.

അപ്പുമ്മാ‍ൻ...

ശാന്തമായൊരു തിരയിളക്കം പോലെ അപ്പുമ്മാന്റെ കണ്ണുകൾ ഒഴുകിനടന്നു. ടീപ്പോയിക്ക് മീതെ കാലിയായ പ്ലേറ്റും സ്പൂണും, മദ്യമുണങ്ങിയ ഗ്ലാസ്, കമിഴ്ത്തി വച്ച, ‘മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം. കതിരേശന്റെ കിടപ്പിനെ അടയാളപ്പെടുത്തിക്കൊണ്ട് സെറ്റിയും തലയിണയും. തുറന്നു കിടക്കുന്ന ബെഡ് റൂം. ഇപ്പോൾ വിരിച്ചതെന്ന് തോന്നിപ്പിക്കുന്ന വൃത്തിയുള്ള കിടക്കവിരിയിൽ നീലവെളിച്ചത്തിൽ നിശ്ചലമായി മീര. ഹാളിൽ തന്നെയുള്ള തീൻ മേശയിൽ ഒരു മദ്യക്കുപ്പി. തെല്ലൊരു വല്ലായ്മയോടെ കതിരേശൻ....

അതിഥി മുറിയിൽ കിടക്കാമെന്നു പറഞ്ഞതൊന്നും അപ്പുമ്മാൻ ചെവിക്കൊണ്ടില്ല. ഹാളിൽ താഴെ കതിരേശൻ വിരിച്ചു കൊടുത്ത പുൽ‌പ്പായയിൽ കിടന്നതും അദ്ദേഹം നേർത്ത കൂർക്കം വലി തുടങ്ങി. സെറ്റിയിൽ കിടന്നു കൊണ്ട് കതിരേശൻ അപ്പുമ്മാനെ നോക്കി. രണ്ടു കയ്യും നെഞ്ചിൽ പിണച്ചു വച്ച്, ശാന്തമായ ഉറക്കം. കിടന്ന ഉടനെ ഉറങ്ങാൻ സാധിക്കുന്ന മഹാഭാഗ്യവാനായിരുന്നു എന്നും അപ്പുമാൻ.

കതിരേശന്റെ പേർ അയാൾക്ക് ചുറ്റുമുള്ള ആളുകളെ ആദ്യമൊന്നു അമ്പരപ്പിച്ചിരുന്നു.
ഒമ്പതാം വയസ്സിൽ മദ്രാസ് നഗരത്തിൽ എത്തിപ്പെട്ട് മുപ്പതൊമ്പതാം വയസ്സിൽ തനിത്തമിഴനായി നാട്ടിൽ വന്ന് കല്യാണം കഴിച്ച് , നാല്പത്തൊമ്പതാം വയസ്സിൽ മൂന്നാമത്തെ പുത്രന് കതിരേശൻ എന്ന് പേരുമിട്ട്, അറുപത്തൊമ്പതാം വയസ്സിൽ ഒരു തനി ദ്രാവിഡനായി മഹാനഗരത്തിൽ തന്നെ ദഹിച്ചു ചേർന്ന ശിവരാ‍മൻ നായരായിരുന്നു അയാളുടെ പിതാവ്. ദിനകരൻ, സെന്തിൽ, കതിരേശൻ എന്ന് പേരുകളിട്ട് അദ്ദേഹം മക്കളെ മഹാനഗരത്തിന് ദത്തു നൽകി. അങ്ങിനെയിരിക്കെ ഏഴുവയസുള്ള കതിരേശനെ, ഭാര്യാ സഹോദരൻ വളർത്താൻ ചോദിച്ചപ്പോൾ ഒരു മടിയും കൂടാ‍തെ നൽകിയ ദാനശീലനായിരുന്നു ശിവരാമൻ.

അന്ന് ശിവരാമൻ നായർക്ക് താൻ വർഷങ്ങളായി വാടകക്ക് കഴിഞ്ഞിരുന്ന വീട് സ്വന്തമാക്കാനവസരം വന്നു. ഭാര്യയുടെ ഭാഗം പണമായി കിട്ടിയാൽ തരക്കേടില്ല എന്ന് വിനീതഭാഷയിൽ ഭാര്യാസഹോദരനോട് എഴുതി ചോദിച്ചു. എഴുത്തിലെ കൈയ്യക്ഷരം സഹോദരിയുടേതാണെങ്കിലും, അതിലെ ചുക തമിഴൻ മലയാളിയുടേതായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അപ്പുക്കട്ടൻ നായർ തിരിച്ചെഴുതിയത് ഇപ്രകാരമായിരുന്നു.: നീ, അവളേയും പിള്ളേരേയും കൊണ്ട് പത്തു നാൾ പാർക്കാൻ വാ, നമുക്ക് സംസാരിച്ചൊരു തീരുമാനത്തിലെത്താം ശിവാ.

അപ്പുക്കുട്ടൻ നായർ തന്റെ ഏക സഹോദരിയെ അന്യനാട്ടിലേക്ക്, പിറന്ന നാട്ടിൽ വേരുകളില്ലാത്ത, സ്വന്തം ജാതകവും ജനനനസമയം പോലും അറിയാത്ത, തന്തൈ പെരിയാറെ ഇടത്തേതോളിൽ പച്ച കുത്തിയ തമിഴൻ നായർക്ക് വേട്ടു കൊടുത്തതിനു പിന്നിൽ തക്കതായ കാരണമുണ്ടായിരുന്നു.

കൃതാവിലേക്ക് നീളുന്ന മീശയുമായി ശിവരാമൻ നായരും, ട്രെയിനിലിരുന്നു ചതഞ്ഞ പട്ടത്തി കനകാംബരം ചൂടി ഭാര്യയും, ഒരേ പോലെയുള്ള ഷർട്ടും നിക്കറുമിട്ട് ദിനകരനും, സെന്തിലും, കതിരേശനും കല്ലേറ്റുംകരയിൽ ട്രെയിനിറങ്ങി. മുപ്പത്തി രണ്ട് വർഷം മുമ്പ്. തനിക്കാവശ്യമുള്ള തുകയുടെ പകുതി പോലും ഭാര്യയുടെ വിഹിതം വിറ്റാൽ കിട്ടില്ലെന്ന് നന്നായറിയാമായിരുന്ന ശിവരാമൻ നായർ, വന്നതിന്റെ ഏഴാം പക്കം അളിയൻ മുഴുവൻ തുകയും കയ്യിൽ വച്ച് കൊടുത്തപ്പോൾ ആകെ ഉലഞ്ഞു പോയി. ഭീകരമായ മീശയും ഭംഗിയുള്ള മുഖവുമുള്ള അയാൾ പണമത്രയും പെരുങ്കായ സഞ്ചിയിൽ കെട്ടിമുറുക്കിയത് വിതുമ്പി കൊണ്ടായിരുന്നു. കതിരേശന്റെ മനസ്സിൽ അച്ഛന്റെ ഒട്ടും നിറം മങ്ങാത്ത ഓർമ്മ അതാണ്.

തിരിച്ച് പോകുന്ന നേരത്ത്, തികച്ചും അപ്രതീക്ഷിതമായി അപ്പുക്കുട്ടൻ നായർ അളിയനോട് ചോദിച്ചുപോലും, താഴേള്ള ചെക്കൻ ഇവടെ നിന്ന് പഠിക്കട്ടെ. അമ്മാളൂനൊരു കൂട്ടാവട്ടെ.
ആ ചോദ്യം, കതിരേശൻ എന്ന തമിഴ് നാമധാരിയെ മലയാളിയാക്കി. അപ്പുമ്മാനും അമ്മിണി അമ്മായിയും അവന് അച്ഛനുമമ്മയുമായി. അമ്മാളു എന്ന് വിളിക്കപ്പെടുന്ന സുമതി അനിയത്തിയുമായി..
മുപ്പത്തിരണ്ടു വർഷങ്ങൾ.....

വരളാത്ത, എന്നാൽ ഒഴുക്കില്ലാതെ കനം മൂടിയ ഒരു തടാകമാണ് കാലം ഇന്ന് കതിരേശന്. എന്നാൽ പിൻതിരിഞ്ഞു നോക്കുമ്പോൾ കാലം ഒരു പ്രളയം പോലെ. ആരെയൊക്കെ വിഴുങ്ങികൊണ്ടുപോയി... അച്ഛൻ, അമ്മ, സെന്തിൽ, പിന്നെ അമ്മായി....സുമതി...... അതുമാത്രമോ? തനിക്കും മീരയ്ക്കും ഇടയിൽ ഉണ്ടായിരുന്ന എന്തൊക്കെയോ.... കതിരേശൻ ദീർഘനിശ്വാസമുതിർത്ത് ഒഴിഞ്ഞ ഉറക്കത്തെ തിരികെ വരുത്താൻ വൃഥാ ശ്രമിച്ചു.

തികച്ചും അപ്രതീക്ഷിതമായ അപ്പുമ്മാന്റെ വരവിന്റെ നാലാം നാൾ, മീരയുടെ ടെക്സ്റ്റ് സന്ദേശം കതിരേശന്റെ ഫോണിലെത്തി. കുറുവൻ‌കോണത്തെ ഓർഗാനിക് കടയിൽ ^കാവുത്ത് വാങ്ങാൻ കിട്ടും. അത് വാങ്ങിക്കാൻ കഴിയുമോ എന്നറിയാൻ. ഇന്നലെ രാത്രിയിൽ അപ്പുമ്മാന്റെ തലച്ചോറിൽ, അമ്മായി ഇറങ്ങി വന്ന് കാവുത്ത് പുഴുക്ക് നിർമ്മിക്കുകയായിരുന്നു.അന്നു ഫ്ലാറ്റിനുള്ളിൽ തിരുവാതിരയുടെ മണമായിരുന്നു. അപ്പുമ്മാൻ പതിവിലും കൂടുതൽ കഞ്ഞി കുടിച്ചു.
ഭക്ഷണം കഴിഞ്ഞ ഉടനെ, അപ്പുമ്മാൻ കട്ടിലിൽ കേറി കിടന്നു. ഹാളിൽ തന്നെ കിടക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചതിനാൽ പൊടിപിടിച്ച് കിടന്നിരുന്ന പ്ലാസ്റ്റിക് വാറുള്ള പഴയ കട്ടിൽ തൂത്ത് വെടുപ്പാക്കി ഹാളിൽ സ്ഥാപിച്ചിരുന്നു കതിരേശൻ. മീരയും കതിരേശനും തീൻ മേശയിലിരുന്ന് കഞ്ഞിയും പുഴുക്കും കഴിച്ചു തുടങ്ങി.

“ഹഹ!, ആദ്യമൊക്കെ അവൾക്ക് നാണമായിരുന്നു. എന്തിനണ് നാണം? കമ്പോള നിലവാരം കഴിയുമ്പോ പിള്ളേർക്ക് ഊണ് കൊടുക്കും.. ഡൽഹീ വാർത്ത കഴീമ്പഴക്കും അവറ്റങ്ങള് ഉറങ്ങും. പിന്നെ ആര് വരാനാ? നിലാവ്ണ്ടെങ്കി വിശേഷായി. ഹ ഹ. അമ്മണിക്ക് പേട്യാ. നക്ഷത്രങ്ങള് കാണുംന്ന്. നക്ഷത്രങ്ങള് അവൾടെ ചത്തു പോയ കാർന്നോന്മാരാന്ന്. കാർന്നോമ്മാരല്ലേ.... അവര് കാണാത്ത വല്ലതുംണ്ടോ മ്മണീ നിന്റെ മേത്ത്. ഹ ഹ....”

കതിരേശൻ ആദ്യമൊന്നമ്പരന്നു. അയാൾ മീരയെ നോക്കി. മീര ധൃതിയിൽ കഞ്ഞി കോരികുടിക്കുന്നു. ഒരു തരം വെപ്രാളത്തോടെ അവൾ പുഴുക്ക് കഞ്ഞിയിലൊഴിച്ച് പ്ലേറ്റ് ചുണ്ടിലോട്ട് വച്ച് വലിച്ചു കുടിച്ചു. പ്ലേറ്റിൽ ബാക്കി വന്ന കാവുത്ത് കഷണങ്ങൾ അവൾ കോരി വായിലിട്ടു. അത് ചവച്ച് തീരാൻ കാത്തുനിൽക്കാതെ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് ത്ധുടിതിയിൽ പോയി. അവ സിങ്കിനുള്ളിലേക്ക് ശബ്ദത്തോടെ ഇട്ട് പൈപ്പ് തുറന്നു വച്ചു. അപ്പുമ്മാന്റെ ഇടറിയ ഓർമ്മകളുടെ ദുർബലശബ്ദത്തെ വെള്ളത്തിന്റെ ഇരമ്പലിൽ ഒലിപ്പിച്ചു കളയാൻ ശ്രമിച്ചു.

“ചെങ്കല്ല് ചെത്തീണ്ടാക്ക്യ പടിയാ. നെറയെ പാശാറ്‌. സൂക്ഷിച്ചില്ലെങ്കീ വഴുക്കും. ആ പച്ച പാശാറ്‌ പിടിച്ച കൽ‌പ്പടിയിൽ ഇരിക്കാൻ അവൾക്കിഷ്ടാ.... ഹ ഹഹ. കണ്ണങ്കാല് വെള്ളത്തിലിട്ട്, കയ്യ് പിന്നില്ക്ക് കുത്തി ഒരിര്പ്പ്ണ്ട് . ചന്തീമ്മേ ആ തണുപ്പടിക്കുമ്പോ അവൾടെ മേത്തെല്ലാം ചൂടു കുരുക്കൾ പൊന്തും...”അടുക്കളയിലെ പൈപ്പുവെള്ളത്തിന്റെ ഒച്ച പെട്ടന്ന് നിലച്ചു. മതിയാക്കി എഴുന്നേൽക്കാൻ തുനിഞ്ഞ കതിരേശൻ കുറച്ച് കഞ്ഞികൂടി തന്റെ പ്ലേറ്റിലേക്ക് വീഴ്ത്തി.

“മേലെ ആകാശോം, നക്ഷത്രങ്ങളും, അവക്കെടേല് ചന്ദ്രനും, ഹ ഹ ഹ..... കീഴെ ആ തണത്ത ചെങ്കൽപ്പടവും... ഏത് പട്ടുമെത്തേല് കിട്ടും ആ സുഖന്നാ അമ്മണീ പിന്നെ പിന്നെ ചോയ്ച്ചൊടങ്ങീത്..... ഹ ഹ ഹ....”
അന്നേരം, അടുക്കളയിലെ പാത്രം കഴുകുന്നതിലെ ഇഴച്ചിലും, ഒച്ചയില്ലതെ പൈപ്പുവെള്ളം വീഴുന്നതും ഒരു കാതോർക്കലിനെ അടയാളപ്പെടുത്തുണ്ടായിരുന്നു. അതിനെ മൂടിക്കൊണ്ട് അപ്പുമ്മാന്റെ കൂർക്കം വലി തുടങ്ങി.
അടുത്ത ദിവസം, കതിരേശനെ മീര ഫോണിൽ വിളിക്കുകയുണ്ടായി..ജോലി സമയത്ത് പരസ്പരം മൊബൈൽ സന്ദേശങ്ങളേ പാടുള്ളൂ എന്ന ആർ തുടങ്ങിയെന്നോ എപ്പോ തുടങ്ങിയെന്നോ അറിയാത്ത ഒരു കീഴ്വഴക്കം അവർ തമ്മിലുണ്ടായിരുന്നു.. ആ പരസ്പര ധാരണ വളർന്ന് ഫ്ലാറ്റിനുള്ളിൽ പോലും ചില സമയങ്ങളിൽ അവർ എസ്.എം.എസ്സിൽക്കൂടി സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവളുടെ വിളി തന്റെ ഫോണിലേക്ക് വന്നപ്പോൾ കതിരേശന് എന്തെന്നറിയാത്ത ഒരു തരം ആധി കയറുകയാണുണ്ടായത്.“അപ്പുമാനെ പറ്റിയാണെനിക്ക് പറയാനുള്ളത്.” മീര ഉപചാരങ്ങളൊന്നുമില്ലതെ തുടങ്ങി.

പ്രത്യേക സാഹചര്യത്തിൽ പെട്ടന്ന് അവർക്ക് വിവാഹിതരാകേണ്ടി വന്നു. അവരുടെ ഇരുപത്തിരണ്ടാം വയസ്സിൽ, അന്നില്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയിൽ. കതിരേശനെ കല്യാണം കഴിച്ചത് മീരയുടെ നീന്തൽ ജീ‍വിതത്തിനു വിഘാതമാകരുതെന്ന് അയാൾക്കായിരുന്നു നിർബന്ധം. അതിനാൽ തന്നെ അഞ്ചു വർഷങ്ങളോളം കുട്ടികൾ അവരുടെ സ്വപ്നങ്ങളിലേ ഇല്ലായിരുന്നു. എന്നാൽ പിന്നീട് കാരണമില്ലാത്ത കാരണങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരായി തീർന്നു അവർ. അവർക്കു രണ്ടുപേർക്കുമൊഴികെ ലോകത്തുള്ള എല്ലാവർക്കും അതൊരു വലിയ നിരാശയായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടേയും വിഷമം തങ്ങളുടെ വിഷമമായി മാറിയപ്പോൾ ആരെയും സങ്കടപ്പെടുത്തുന്നതിഷ്ടമില്ലാതിരുന്ന അവർ നാട്ടിൽ പോക്ക് നിർത്തി. ഏകദേശം അഞ്ചെട്ട് വർഷം മുമ്പ്.

“കുറച്ചു ദിവസമായി തന്നോട് പറയണെമെന്ന് കരുതുന്നു. സന്ദർഭം കിട്ടിയില്ല. അപ്പുമ്മാൻ... അപ്പുമ്മാന് എന്തു പറ്റി? മുമ്പൊന്നും അധികം സംസാരിക്കുന്നതേ കേട്ടിട്ടില്ല. ഇതിപ്പോ.....”

“കഴിഞ്ഞ രണ്ടു മാസമായി അപ്പുമാൻ വേറെ ലോകത്താണ്. സുധാകരൻ മാഷ് രണ്ടു തവണ വിളിച്ചിരുന്നു. ചിന്നൻ എന്നു പറയില്ലേ, വാർദ്ധ്യക്യത്തിന്റെ ബാല്യം. അതിന്റെ പേരിലാണ് ഞാൻ കഴിഞ്ഞ മാസം വീട്ടിൽ പോയത്.”

“ഓഹോ, എന്നിട്ടെന്നോട് താൻ ഒന്നും പറഞ്ഞില്ലല്ലോ?” താൻ എന്ന വാക്ക് കഴിഞ്ഞതും, മീരയുടെ മനസ്സ് ആ ചോദ്യത്തെ പിൻവലിച്ചിരുന്നു. അതു മനസിലാക്കിയ കതിരേശൻ “എങ്ങനെ ഇവിടെയെത്തി എന്നാണ് എനിക്കത്ഭുതം. എത്ര വട്ടം വിളിച്ചിട്ടും ഇവിടേക്ക് വരാത്ത ആൾ, ഇത്രദൂരം.... അതും തെറ്റാതെ ഫ്ലാറ്റ് വരെ എത്തീതോർക്കുമ്പോൾ....”

നിശബ്ദതയുടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ശബ്ദിച്ചു. “ഇന്നൊന്ന് ശംഖുമുഖം പോവാം . ഞാൻ കുറച്ച് നേരത്തെ ഇറങ്ങാം.”

മീര നേരത്തെ ഇറങ്ങാം എന്ന് പറയുമ്പോൾ അതിന് ഓഫീസ് സമയമെന്നേ അർത്ഥമുള്ളൂ എന്ന് കതിരേശനറിയാം. സ്പോർട്സ് അതോറിറ്റിയുടെ കാര്യവട്ടത്തുള്ള സെന്ററിൽ സീനിയർ ട്രെയിനർ ആണ് മീര.

ശംഖുമുഖത്ത് അവളുടെ കാർ കിടക്കുന്നതിനരികെ തന്നെ അയാൾ ബൈക്ക് ഒതുക്കി.
കതിരേശൻ അടുത്തേക്ക് വരുന്നതൊന്നും കാണാതെ ^^മത്സ്യകന്യകയെ നോക്കികൊണ്ട് സമീപത്തുള്ള ഇരിപ്പിടം പോലെ വളഞ്ഞ ചെറിയ മരത്തിൽ ചാരി നിൽക്കുകയായിരുന്നു മീര. സ്വയമറിയാതെയെന്ന വണ്ണം, കാറ്റു പിടിക്കുന്ന സാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. അയാൾ അടുത്തെത്തിയതറിയാതെ മീര അതേ നില്പ് തുടർന്നു.

ഒരു തരം മാദകത്വത്തോടെ കിടക്കുന്ന മത്സ്യകന്യകയുടെ തെറിച്ചു നിൽക്കുന്ന ഇടത്തേ മുലയുടെ മുലക്കണ്ണിൽ തുടർച്ചയായി ഇരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ട് ഒരു കടൽ‌പ്പക്ഷി.
മീര ഈ സാരിയിൽ സുന്ദരിയായിരിക്കുന്നുവെന്ന് കതിരേശനോർത്തു. നീന്തൽ കടഞ്ഞെടുത്ത ശില്പം. കാലം അതിൽ പടർന്നു കയറാ‍ൻ മടിച്ചു നിൽപ്പാണ്. അവരുടെ പ്രണയകാലത്ത്, ദിവസത്തിൽ അഞ്ചു മണിക്കൂറോളം പരിശീലനം നടത്തിയിരുന്ന മീര, വെള്ളത്തിൽ കുതിർന്നു ചുളിഞ്ഞ അവളുടെ ഉള്ളം കൈ ചുംബിക്കാൻ അയാളെ വല്ലപ്പോഴുമൊക്കെ അനുവദിക്കുമായിരുന്നു. ജലം മണക്കുന്ന കൈകൾ. സാരിക്ക് ചേർന്ന നിറത്തിലാണ് കഴുത്തിലെ മാലയും വളകളും. കമ്മലിനും അതേ നിറം. ഏതു വസ്ത്രം ധരിക്കണമെന്ന് പരസ്പരം തീരുമാനിച്ചിരുന്ന ഭൂതകാലമോർത്തു കൊണ്ട്, ഇപ്പോഴും മീര ദിവസവും വസ്ത്രത്തിന്റെ നിറമനുസരിച്ച് ആഭരണങ്ങൾ മാറുന്നുണ്ടോ എന്ന് അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇനി ശ്രദ്ധിക്കാം എന്ന് സ്വയം സമാധാനിക്കുമ്പോഴാണ് മീര അയാളെ കണ്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് കതിരേശൻ മീരയുടെ ഈ പുഞ്ചിരി കാണുന്നത്. അയാൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു തരം ചിരി അവൾക്കുണ്ട്. പഠിക്കുന്ന കാലത്തുള്ള ആ ചിരിക്ക് ഇപ്പോഴും വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് അയാൾ അത്ഭുതത്തോടെ സ്ഥിരീകരിച്ചു.

കടലിൽ നിന്ന് കിട്ടിയ മത്സ്യകന്യകയെ കരയിലിട്ട് ബന്ധിച്ചതാ‍ണ് ഈ പ്രതിമ എന്ന് തിരുവനന്തപുരത്ത് വന്ന കാലങ്ങളിൽ മീര കതിരേശനോട് പറയാറുണ്ടായിരുന്നു. ഭോഗാലസ്യത്തിൽ ഇമകൾ പൂട്ടിയ മത്സ്യകന്യകയെയാണ് ശില്പി നിർമ്മിച്ചതെന്ന് അയാളും, കരയിൽ പെട്ടുപോയ തന്റെ വിധിയിൽ മനം നൊന്ത് തൊട്ടപ്പുറത്തെ കടൽ കാണാനുള്ള കളരുറപ്പില്ലാതെ അസ്യഹതയിൽ കണ്ണടച്ചിരിക്കുന്നതാണെന്ന് മീരയും അക്കാലങ്ങളിൽ എത്രയോ വട്ടം ഇവിടെ നിന്നും ഇരുന്നു നടന്നും തർക്കിച്ചിരുന്നു.

പ്രതിമകളെ കണ്ടാൽ മീരയ്ക്ക് വല്ലായ്കയായിരുന്നു എന്നും. ഒരു സ്ഥലത്ത് അനങ്ങാതെ നിൽക്കേണ്ടി വന്നാൽ മീരയ്ക്ക് തലചുറ്റും. അനുവാദമില്ലാതെ ആ നില്പിൽ നിന്ന് മാറാൻ കഴിയില്ലെന്ന് വന്നാൽ നിമിഷങ്ങൾക്കകം അവൾ കുഴഞ്ഞു വീഴും. സ്കൂൾ അസംബ്ലി, എൻ.സി.സി ഡ്രിൽ, സ്പോർട്സ് മേളകളിലെ മാർച്ച് പാസ്റ്റിനു മുമ്പുള്ള കാത്തു നിൽ‌പ്പ് തുടങ്ങിയവ എല്ലാം മീരയുടെ പേടി സ്വപ്നമായിരുന്നു. അതുപോലെ ഉയരപ്പേടിയും. മരത്തിലോ, ഏണിയിലോ കേറുന്നതിനെ പറ്റി ആലോചിക്കുമ്പോൾ തന്നെ അവൾക്ക് കാലിനടിയിൽ തരിപ്പ് കേറും. തികച്ചും മാനസികം എന്ന് പറഞ്ഞ ഡോക്ടർമാർ എഴുതിത്തള്ളിയ രോഗം. എന്നാൽ വെള്ളം ഒരിക്കലും അവളെ ഭയപ്പെടുത്തിയില്ല. കടലിൽ കുളിക്കുമ്പോൾ പരിധിവിട്ടു ഉള്ളിലേക്ക് നീന്തിയും, വളരെ നേരം ശ്വാസം പിടിച്ചു കടലിനടിയിൽ അപ്രത്യക്ഷമായുമൊക്കെ ആദ്യകാലങ്ങളിൽ മീര കതിരേശനെ പരിഭ്രാന്തനാക്കാറുണ്ടായിരുന്നു. താൻ വളർന്ന വീട്ടിൽ ഒന്നാന്തരം ഒരു കുളമുണ്ടായിരുന്നിട്ടും, ഇതുവരെ നീന്തൽ പഠിക്കാത്ത കതിരേശന് വെള്ളം എന്നുമൊരു ഭീതിയായിരുന്നു. മദ്രാസിൽ നിന്ന് പറിച്ച് നടപ്പെട്ട കാലത്ത് ഒരിക്കൽ ആ കുളത്തിൽ മുങ്ങി പോയതിന്റെ ഞടുക്കം അയാൾക്കിപ്പോഴും ഉണ്ട്.

ഒരു വാനിൽ വന്ന ഉപദേശിസംഘം സ്പീക്കർ എടുത്ത് പുറത്ത് വച്ച്, ദൈവത്തിന്റെ വിളി കേൾക്കാൻ ആൾക്കാരെ ഉദ്ബോധിപ്പിക്കാൻ തുടങ്ങി. മദ്യം ശത്രുവാണെന്ന് അയാൾ ആക്രോശിച്ചപ്പോൾ മീര കതിരേശനെ അറിയാതെ നോക്കി. അയാളപ്പോൾ കടലിന്റെ അടുത്തേക്ക് നടന്നു, അവൾ പിറകെയും.

കോവളത്ത് തീരത്തോട് സല്ലപിക്കുന്ന തിരകൾ ശംഖുമഖത്ത് കരയുമായി കലമ്പലുണ്ടാക്കും.
അധികമൊന്നും സംസാരിച്ചില്ലെങ്കിലും ഇരുട്ടു വീഴും വരെ അവിടെ ചിലവഴിച്ചു. തിരിച്ചു നടക്കുമ്പോൾ ശത്രു മിത്രമാണെന്ന് മറ്റൊരു ഉപദേശി നീട്ടിയാവർത്തിക്കുന്നു. അപ്പോൾ കതിരേശൻ മീരയെ അറിയാതെ നോക്കി. ചിരി അടക്കാൻ ശ്രമിക്കുമ്പോൾ മാത്രം മീരയ്ക്ക് നുണക്കുഴി വിരിയും.മീരയുടെ കാർ കൺ‌വെട്ടത്തു നിന്ന് മറയാത്ത രീതിയിൽ വേഗം നിയന്ത്രിച്ച് തിരികെ ബൈക്ക് ഓടിക്കുമ്പോൾ, അപ്പുമ്മാനെ പറ്റി സംസാരിക്കണമെന്ന് പറഞ്ഞ മീര അതു മറന്നുപോയല്ലോ എന്ന് കതിരേശൻ ഓർക്കുകയും ചെയ്തു.

അതിനടുത്ത ദിവസം പുലർച്ചെ നാലുമണിയായിക്കാണും. കട്ടിലിലിരുന്ന് ആരോടെന്നില്ലാതെ വർത്തമാനം പറയുകയായിരുന്നു അപ്പുമ്മാൻ. ഉറക്കം തെറ്റിയ മീര എണീറ്റിരുന്നു. വിലപിടിച്ച, മാർദ്ദവമേറിയ ആ കിടക്കയിൽ ഒരറ്റത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നുണ്ടായിരുന്നു കതിരേശൻ. ഏതോ ഒരുൾപ്രേരണയിൽ, അവൾ തന്റെ രണ്ടു കൈപ്പത്തികളും മലർത്തി വച്ച് കിടക്കയുടെ തണുപ്പ് പരിശോധിച്ചു.

അപ്പുമ്മാന്റെ അടുത്തേക്ക് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ഏക മകൾ അമ്മാളു എന്ന സുമതി ആയിരുന്നു അപ്പോൾ. അമ്മാളുവിനെ പ്രസവിക്കുമ്പോൾ അമ്മയോ മകളോ എന്ന ഘട്ടത്തിലെത്തി ചേർന്നതായിരുന്നു പോലും. അതിനു ശേഷം പ്രസവിക്കാനുള്ള ധൈര്യം അമ്മായിക്കുണ്ടായിരുന്നില്ലത്രെ..

കല്യാണത്തിന് മഞ്ഞ സാരിയുടുത്ത് ആദ്യാവസാനം നിറഞ്ഞു നിന്ന അമ്മാളു കതിരേശന്റെ നേർ പെങ്ങൾ അല്ലായിരുന്നു എന്ന് മീര അറിഞ്ഞത് കല്യാണമണ്ഡപത്തിൽ വച്ചും, സ്ഥിരീകരിച്ചത് ആദ്യരാത്രി മണിയറയിൽ വച്ചുമായിരുന്നു. കതിരേശൻ അക്കാര്യം എന്തിനു മറച്ചു വെച്ചു എന്ന് മീരയ്ക്കെന്നും അത്ഭുതമായിരുന്നു. പറയാൻ മാത്രം എന്തുണ്ട്, അവൾ തന്റെ അനുജത്തി തന്നെ എന്ന് അതിനെ കതിരേശൻ നിസ്സാരവൽക്കരിച്ചു തള്ളി.മീര ഹാളിലെത്തിയതറിയാതെ, അപ്പുമ്മാൻ ചരിത്രം തുടരുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അവൾ വിവശയായി നിന്നു. അവൾക്കെന്തോ താൻ രഹസ്യം ചോർത്തുകയാണെന്ന് തോന്നി. അടുക്കളയിലേക്ക് നടന്നു. അപ്പുമ്മാന് ഒരു കട്ടൻ കാപ്പി വച്ചു കൊടുക്കാൻ തീരുമാനിച്ചു.

കല്യാണാലോചനകളിൽ നിന്ന് ഒരു മത്സ്യം കണക്കെ വഴുതി മാറാൻ അമ്മാളു മിടുക്കിയായിരുന്നു. അവസാനം കതിരേശൻ മുൻ കൈ എടുത്ത് കൊണ്ടുവന്ന ഒരാലോചന, അയാളുടെ സഹപ്രവർത്തകനായ യു.ജി.സി അദ്ധ്യാപകന്റെ, എതിർക്കാൻ മാത്രം കാരണങ്ങൾ നിരത്താൻ അമ്മാളുവിന് കഴിഞ്ഞില്ല.കല്യാണത്തിന്റെ ഏകദേശം ഒരു മാസം മുമ്പ് നാലമ്പലം തൊഴാൻ പോയതായിരുന്നു അമ്മയും മകളും. ഭരതനെ തൊഴുത്, രാമനരികിലേക്ക് പോകുമ്പോൾ അവർ സഞ്ചരിച്ചിരുന്ന ബസ്, പാടത്തേക്ക് ഊളയിട്ടിറങ്ങി. കർക്കിടകം പാടത്തിനു മീതെ നാലാൾ പൊക്കത്തിൽ പെയ്തിറങ്ങിയ സമയം.

അന്ന് അപ്പുമ്മാൻ ദൈവങ്ങളെ ജീവിതത്തിൽ നിന്ന് ആട്ടി പുറത്താക്കി. ദീർഘസുമംഗലീ ഭാഗ്യം ജാതകത്തിൽ കൊത്തിവച്ചിട്ടുള്ള പരമഭക്തയായ തന്റെ ഭാര്യ അകാലത്തിൽ മരിച്ചതും, ഭർത്താവ് വാഴില്ല എന്ന് അനേകം ജോത്സ്യന്മാർ ഒറ്റ നോട്ടത്തിൽ വിധിച്ച സഹോദരി ദീർഘകാലം സുമംഗലിയായി തുടർന്നതും അപ്പുമ്മാനെ തികഞ്ഞ അവിശ്വാസിയാക്കി.

“കതിരന്റെ പ്രേമം വല്യ പ്രശ്നമായി....., അമ്മിണിക്ക് ഒട്ടും പിടിച്ചില്ല. ആരോടും ചോദിക്ക്യാതെ ഓരോന്ന് കണക്കൂട്ടി വച്ചിരുന്നു പൊട്ടീ... ചെക്കന് അതിനുള്ള പ്രായായിട്ടൂല്ല്യ. ഹഹ. എന്നാലും അറ്റത്തെത്തണ വരെ ചെക്കനൊന്നും മിണ്ടീം‌ല്ല. അമ്മയോട് സമരത്തിനു വന്നത് അവളാ‍..... അമ്മാളു... ചേട്ത്ത്യമ്മയെ കാണാൻ അമ്മാളൂനായിരുന്നു പൂതി. മൂന്ന് ദെവസം ക്ടാവ് ഒന്നും കഴിച്ചില്ല. കതിരേട്ടന്റെ കല്യാണത്തിന് അമ്മ സമ്മതിക്കാണ്ട് വെള്ളാ‍ വേണ്ടാന്ന്. ഹ ഹ ഹ. വാശിക്ക് അമ്മേം ശര്യാ മോളും ശര്യാ...”

മീര എത്ര നേരം അടുക്കളയിൽ അങ്ങനെ നിന്നു എന്ന് അവൾക്കറിയില്ല. അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒരു തരം നിസ്സംഗത ഭാവിച്ച് താൻ ഒഴിവാക്കിയ സുമതിയെ ഓർക്കുകയായിരുന്നു അവൾ.

അടുത്തൊരുനാൾ, നീലവെളിച്ചം ഒഴിവാക്കി ഇരുട്ടിൽ മീര കിടന്നുറങ്ങിത്തുടങ്ങിയത് കതിരേശന്റെ ശ്രദ്ധയിൽ പെട്ടു. പക്ഷേ അതിനെ പറ്റി എന്തെങ്കിലും ചോദിക്കാൻ അയാളുടെ ശീലം അനുവദിച്ചില്ല.

ദീർഘകാലമായി മരവിപ്പിലാണ്ട് നിന്നിരുന്ന ആ രണ്ടുമുറി ഫ്ലാറ്റ് രതിവർണ്ണനകളേറ്റ് തരളിതയായി. ചുമരിലെ പെയിന്റിംഗിലെ ശകുന്തള കാലിലെ വ്യാജമുള്ളിനേയും, ഫ്രെയിമിനു പുറത്തുള്ള ദുഷ്യന്തനേയും മറന്നു. കാട് മറന്നു. അവിടെയാകെ തട്ടിൻ പുറത്തെ കരിഞ്ഞ വായുവും, കൊള്ളിത്തോട്ടത്തിലെ മൃദുമണ്ണും, കൂനകൂട്ടിയ വൈക്കോഗന്ധവും നിറഞ്ഞു നിന്നു. മഴ തീർത്ത സ്ഫടികഭിത്തിക്കുള്ളിലെ സുരതവർണ്ണന അപ്പുമ്മാൻ വിവരിച്ചപ്പോൾ താഴിട്ടു പൂട്ടിയ തന്റെ രഹസ്യ ഭ്രമങ്ങൾ ആകെ വെളിപ്പെട്ട പോലെ തോന്നി മീരയ്ക്ക്. ആൾക്കൂട്ടത്തിൽ വച്ച് അറിയാതെ വിവസ്ത്രയായിപ്പോയ പരിഭ്രമത്തോടെ അവൾ ഒറ്റുകാരനെയെന്നവണ്ണം കതിരേശനെ നോക്കി.

കതിരേശനകാട്ടെ ഇതെല്ലാം അപ്പുമ്മാന്റെ ഭാവനകളാണോ എന്ന് സംശയിച്ച് ശൂന്യമായ നോട്ടത്തോടെ ഇരിക്കുകയായിരുന്നു ആ സമയം. എപ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്ന, കലമ്പൽ കൂട്ടുന്ന ദമ്പതികളായേ അയാൾ അവരെ അറിഞ്ഞിട്ടുള്ളൂ. തന്റെ കൺ‌മുമ്പിലല്ലാത്ത എത്രയോ സമയം അവർ ജീവിച്ചു കൂട്ടിയിരിക്കുന്നു എന്ന കാര്യം അയാളതുവരെ ഓർത്തിട്ടേയില്ലായിരുന്നു.

അപ്പുമ്മാൻ വർത്തമാനകാലത്തിലേക്ക് എത്തുന്ന ദിവസങ്ങൾ മീരയ്ക്ക് വിരസമായനുഭവപ്പെട്ടു തുടങ്ങി.അങ്ങനെയുള്ള ഒരു ദിവസം തന്റെ അന്ത്യാഭിലാഷങ്ങളെ പറ്റി അദ്ദേഹം കതിരേശനോടും മീരയോടും വിശദമായി സംസാരിച്ചു. ഒരു തരത്തിലുള്ള മരണാനന്തരകൃയകളും തനിക്ക് വേണ്ട എന്നതിനായിരുന്നു ഊന്നൽ.

ജീവിതം ഏതാണ്ട് മുഴുവനും മണ്ണിൽ കാലുറപ്പിച്ചു ജീവിച്ചു തീർത്ത അപ്പുമ്മാൻ, ഭൂമിയിൽ നിന്ന് ഉയരത്തിൽ ജീവിക്കാനാരംഭിച്ചതിന്റെ ഇരുപത്തിമൂന്നാം ദിവസം, തിരികെ ഭൂമിയിലേക്ക് യാത്ര തുടങ്ങി. ഒരു എക്കിളിൽ നിന്ന് ആരംഭിച്ച്, മെഡിക്കൽ കോളേജ് വഴി തൈക്കാട് ശ്മശാനവും കടന്ന് കൊച്ച് കുടത്തിന്റെ മൺ‌തണുപ്പിൽ അതവസാനിപ്പിച്ചു.

മരണത്തിന്റെ രണ്ടാം നാൾ, കുടത്തിലടച്ച അപ്പുമാനുമായി കതിരേശനും മീരയും നാട്ടിലെത്തി.
അന്ന് അർദ്ധരാത്രി, പറമ്പിലെ കുളത്തിനകത്ത് ചന്ദ്രനില്ലാത്ത ആകാശത്തിലെ അനേകായിരം നക്ഷത്രങ്ങളെ അവർ രണ്ടു പേരും നോക്കി നിന്നു. ഏറ്റവും മുകളിലുള്ള കൽ‌പ്പടവുകളിലൊന്നിൽ കുടത്തിനുള്ളിൽ അപ്പുമ്മാനിരുന്നു.

മീരയുടെ അരയിലെ സ്വർണ്ണ അരഞ്ഞാണം നക്ഷത്ര വെളിച്ചത്തിൽ തിളങ്ങി. അയാൾ നോക്കി. അതിൽ കൊളുത്തിയിട്ടിരുന്ന സ്വർണ്ണത്താലി പൊക്കിളിനു നേരെ താഴെയായി വിറച്ചു കൊണ്ടു കിടക്കുന്നു. ലോകം മുഴുവൻ തേടിനടന്ന് കണ്ടെത്താനാവാഞ്ഞ നിധി തന്റെ വീട്ടുമുറ്റത്തു നിന്ന് കണ്ടെത്തിയ അറബി നാടോടിയെപ്പോലെ ഗൂഢാഹ്ലാദത്തോടെ മുട്ടുകുത്തി നിന്ന് അയാൾ അത് വിരൽ കൊണ്ട് ഉയർത്തി നോക്കി.

പച്ച പാശാർ പിടിച്ച്, തണുത്തിരിക്കുന്ന ചെങ്കൽപ്പടവ് അവളുടെ ചന്തികളെ തണുപ്പിച്ചപ്പോൾ ശരീരത്തിൽ നിന്ന് നീരാവിയുടെ കുമിളകൾ ഉയർന്നു. ആ ആവിയിൽ കതിരേശൻ വിയർത്തു...

സങ്കൽ‌പ്പങ്ങളിലേക്കുള്ള തീർത്ഥാടനത്തിന്റെ നാളുകളായിരുന്നു അവർക്ക് പിന്നീട്.

കരിഞ്ഞ വായു മണക്കുന്ന തട്ടിൻപുറം കാണാൻ മീരയ്ക്കായിരുന്നു തിടുക്കം. കുറേ കഴിഞ്ഞ്, ആദ്യമിറങ്ങിയ കതിരേശൻ പിടിച്ചു കൊടുത്ത പുരാതനമായ മരയേണിയിൽക്കൂടി ഉയരപ്പേടി വലിച്ചെറിഞ്ഞ് , ദേഹത്തവിടെയിവിടേ കരിയടയാളങ്ങളുമായി, ഉല്ലാസത്തോടെ മീര ഇറങ്ങിവന്നു.

ആൾപൊക്കത്തിൽ വളർന്ന, അപ്പോഴും അപ്പുമ്മാന്റെ കാല്പാടുകൾ മായാത്ത കൊള്ളിത്തോപ്പിലെ മൃദുമണ്ണിന്റെ മാദക മണം ഇത്രകാലം താൻ അറിയാതെ പോയി എന്ന് മീരയുടെ പുറത്തൊട്ടിയ മണ്ണ് തൂത്തുകളയുമ്പോൾ നഷ്ടബോധത്തോടെ കതിരേശനോർത്തു.

വെളിപ്പെടാനുള്ള സാധ്യത ഉല്പാദിപ്പിക്കുന്ന ഉന്മാദം ത്രസിപ്പിക്കുന്നതാണെന്ന് , തുലാവർഷ മഴയിൽ, പകൽവെളിച്ച ത്തെ ചീന്തിക്കൊണ്ട് മിന്നലുകൾ തീർത്ത ദീപപ്രഭയിൽ, ഇടിമുഴക്കത്തിന്റെ ആസുരവാദ്യത്തിന്നകമ്പടിയിൽ, നഗ്നരായി പുണർന്ന് നിന്നുകൊണ്ട് അവർ രണ്ടു പേരും ഒരേസമയം ചിന്തിച്ചു.

ഉപയോഗമില്ലാതെ കിടക്കുന്ന വൈക്കോൽ തുറുവിൽ, കുട്ടികളെ പോലെ അവർ നിർമ്മിച്ച തുരങ്കത്തിന്റെ സ്വകാരത നാലു ചുവരുകളുടെ അർത്ഥമില്ലാത്ത സുരക്ഷിതത്വവുമായി താരതമ്യമേ ഇല്ലാത്തതാണെന്ന അവളുടെ മനസിന്റെ പിറുപിറുക്കൽ കതിരേശൻ അമർന്ന ചുംബനത്തിൽ ചതച്ചു കളഞ്ഞു.

അപ്പുമ്മാന്റെ മരണത്തിന്റെ പതിനഞ്ചാം രാവിൽ, അർദ്ധരാത്രി കഴിഞ്ഞപ്പോൾ കുളത്തിനകത്തേക്ക് നിശബ്ദം ഇറങ്ങിപോകുന്ന പൂർണ്ണ ചന്ദ്രനേയും, അനേകായിരം നക്ഷത്രങ്ങളേയും കതിരേശനും മീരയും മുകളിലെ കൽ‌പ്പടവിൽ നിന്ന് നോക്കി കണ്ടു. അനന്തരം, അപ്പുമ്മാൻ അവരുടെ കൈകളിൽക്കൂടി ആ നക്ഷത്രങ്ങളോട് ചേർന്നു, അവയെ ആകെ തുള്ളിച്ചുകൊണ്ട്. 

അല്പമൊരു ഭയത്തോടെ കുളത്തിലേക്ക് നോക്കി നിന്നിരുന്ന കതിരേശനെ അപ്രതീക്ഷിതമായി കയ്യിൽ കുരുക്കി, ഏറ്റവും ഉയർന്ന കൽ‌പ്പടവിൽ നിന്ന് കുളത്തിലേക്ക് കുതിച്ച മീര, നടുക്കം മാറുന്നതിനുമുമ്പേ അയാളെ അടിത്തട്ടിലേക്ക് കൊരുത്തു കൊണ്ടുപോയി. കുളത്തിനകത്തെ ചന്ദ്രൻ ആയിരം നക്ഷത്രങ്ങളായി ചിതറി വെളിച്ചമേകി. ആ ഇളം വെളിച്ചത്തിൽ അവളയാൾക്ക് കുളത്തിനകത്തെ ലോകം കാട്ടിക്കൊടുത്തു. വെള്ളാരങ്കല്ലുകൾ വിരിച്ച അടിത്തട്ടും, കൊച്ചു ജലസസ്യങ്ങളുടെ ഉദ്യാനവും എല്ലാമെല്ലാം കതിരേശൻ അത്ഭുതത്തോടെ നോക്കി കണ്ടു. മത്സ്യങ്ങളും, മറ്റു ജലജീവികളും തെല്ലത്ഭുതത്തോടെയും, അസൂയയോടേയും അവരെ വീക്ഷിച്ചു. അവ, വളരെ മെല്ലെ അവരെ തൊട്ടുരുമി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു. കതിരേശനു പ്രാണവായു ആവശ്യമുള്ളപ്പോഴെല്ലാം മീര അയാളുടെ ശ്വാസകോശത്തെ അവളുടെ ശ്വാസം കൊണ്ട് നിറച്ചു.

അവസാ‍നം, കുളത്തിനടിയിൽ അയാൾ തളർന്ന് കിടക്കുമ്പോൾ കാലുകൾ മാത്രം ചലിപ്പിച്ച് സാവധാനം ഉയർന്നു പോയി മീര.

കുറച്ച് കഴിഞ്ഞ്, പരിഭ്രമമേതുമില്ലാതെ, തനിയെ നീന്തി ഉയർന്നു വന്ന കതിരേശൻ കാലുകൾ വെള്ളത്തിലിട്ട് കല്പടവിലിരിക്കുന്ന മീരയെ കണ്ടു. കൈകൾ രണ്ടും പിറകിലേക്ക് കുത്തി, ഭോഗാലസ്യത്തോടെ കണ്ണുകളടച്ച്...

അന്നേരം, ഒരു താരാട്ടിന്റെ ഈണം അന്തരീക്ഷത്തിൽ നിറഞ്ഞു. അത് മീരയുടെ ഉള്ളിൽ നിന്നാണെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു കതിരേശൻ.

അയാൾ കാതോർത്തു....
പൂവിൽ നിറഞ്ഞ മധുവോ....
പരി-പൂർണേന്ദു തന്റെ നിലാവോ.....

സ്വപ്നത്തിലാണെന്നാണ് കതിരേശൻ കരുതിയത്.

^കാവുത്ത്: കാച്ചിൽ എന്ന വിളയുടെ തൃശ്ശൂർ പേര്.
^^
മത്സ്യകന്യക/ജലകന്യക/the mermaid കാനായി കുഞ്ഞിരാമന്റെ അതുല്യ സൃഷ്ടി.ഏകദേശം നാല്പതു മീറ്ററോളം നീളത്തിൽ ശംഖുമുഖം നിറഞ്ഞ് കിടക്കുന്ന ഇതാണ് ബീച്ചിലെ പ്രധാന ആകർഷണം.