ചെറുകഥ
കെ. വി മണികണ്ഠൻ
ഭാർഗവ്
രാമൻ.
25 വയസ്.
സിനിമയാണ്
സ്വപ്നം.
നാലഞ്ച്
ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്.
കാലിഡോസ്കോപ്പ്
എന്ന ഒരു ഫിലിം,
വളരെ
ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ചാല
മാർക്കറ്റിൽ നടന്ന ഒരു സംഭവം
നാല് വീക്ഷണകോണിൽക്കൂടി
കാണിച്ചതായിരുന്നു അത്.
വെറും
21 മിനിറ്റുള്ള
സിനിമ.
യൂട്യൂബിൽ
അത് ഹിറ്റായി,
ഹ്രസ്വചിത്രങ്ങൾക്കുള്ള
കുറച്ച് അവാർഡുകൾ നേടി.
അടുത്തത്
ഫീച്ചർ ഫിലിമാണ്.
കഥ തിരഞ്ഞു
നടക്കുകയാണ് അയാൾ.
അതിനിടയിൽ
ഡിസംബറായി.
ഫിലിം
ഫെസ്റ്റിവൽ വന്നു.
ദേശീയ
ഗാനത്തിനായി എഴുന്നേറ്റ്
നിൽക്കുക എന്ന് എഴുതികാണിക്കുന്ന
പരിപാടി തുടങ്ങിയിട്ടുണ്ട്
ചില തിയേറ്ററുകളിൾ.
ഭാർഗവ്
അതിനെ പരിഹാസത്തോടെയാണ്
കാണാറുള്ളത്.
ആ പുച്ഛം
മുഴുവൻ മുഖത്ത് വരുത്തി,
സീറ്റിൽ
മലർന്നുകിടക്കുകയാണ് പതിവ്.
അന്നും
അതു തന്നെ ചെയ്തു.
ദേശീയഗാനാലാപനം
കഴിഞ്ഞ്
ആളുകൾ ഇരിപ്പിടങ്ങളിലേക്കമരാൻ
തുടങ്ങുമ്പോൾ,
താൻ
അനായാസമായി വായുവിലേക്ക്
പൊങ്ങുന്നതു പോലെ തോന്നി
ഭാർഗവിന്.
പിന്നെ
സീറ്റുകൾക്കിടയിലെ ഇടന്നാഴിയിലേക്ക്
പുറം തല്ലി വീണതുമയാളറിഞ്ഞു.
എന്താണിത്
എന്ന് മനസിലാക്കുന്നതിനു
മുമ്പ് നെഞ്ചത്ത് ആഞ്ഞൊരു
ചവിട്ടും കിട്ടി.
അഴിഞ്ഞുലഞ്ഞ
തന്റെ നീണ്ട മുടികൾക്കിടയിലൂടെ
ഇംഗ്ലീഷിൽ Aഎഴുതിയ
പോലെ രണ്ട് കാലുകളും,
അവയ്ക്ക്
മുകളിൽ അക്ഷോഭ്യമായ ഒരു
മുഖവും ഭാർഗവ് കണ്ടു.
ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് അകമ്പടിയോടെ മർദ്ദകനും ഇരയും തീയറ്റർ വിടുമ്പോൾ സ്ക്രീനിൽ Blue is the Warmest Colorഎന്ന സിനിമ ആരംഭിച്ചിരുന്നു.
വിരലുകൾ സംസാരിക്കുന്നത് വിഷ്വലായി എങ്ങനെ കാണിക്കാൻ സാധിക്കും എന്നായിരുന്നു അപ്പോൾ ദേശീയഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിൽ ഭാർഗവ് രാമന്റെ ചിന്ത.
*
ഞാൻ
സുൽഫിക്കർ.
ഫാറോക്ക്
ആണ് സ്വദേശം ഇപ്പോ തലസ്ഥാനത്തെ
ഒരു പോലീസ് സ്റ്റേഷനിലാണ്.
ഒരു നീണ്ട
മുടിക്കാരൻ പയ്യനെ മർദ്ദിച്ചതാണ്
കേസ്.
പക്ഷേ
അവനു കേസില്ലെന്ന്.
നല്ല
പയ്യൻ.
എന്തായാലും
ഒരു മണിക്കൂറിനുള്ളിൽ
കയിച്ചിലായി.
പുറത്തിറങ്ങുമ്പോൾ
ഈ ചെക്കൻ കൈത്തണ്ട കൊണ്ട്
എന്നെ കൊരുത്തു പിടിച്ചിരുന്നു.
ഒരു
ഓട്ടോയിൽ അയാൾ എന്നെയും കൊണ്ട്
കയറി.
തിരികെ
തീയേറ്ററിലേക്ക്.
സിനിമ
പകുതിയാകാറായിട്ടുണ്ടായിരിക്കും.
അപ്പോൾ
ഫിലിം കാണാനുള്ള മാനസികാവസ്ഥ
എനിക്കില്ലായിരുന്നു.
പയ്യൻ
എന്നെ ഗേറ്റിൽ നിർത്തി,
ബൈക്ക്
കൂട്ടത്തിൽ നിന്ന് പണിപ്പെട്ട്
പുറത്തെടുത്തു.
എരപ്പിച്ച്
എന്റെ മുന്നിൽ വന്നു.
ഇപ്പോഴാണവൻ
എന്നോട് മിണ്ടുന്നത്.
അതും
കേറ് എന്ന ഒറ്റ വാക്ക്.
നഗരത്തിനുള്ളിൽ
തന്നെ,
കുത്തനെ
ഇറങ്ങുന്ന ഒരു റോഡിൽക്കൂടി
ഒരു വീട്ടിലേക്ക്.
പുരയിടം
കണ്ടാൽ ഗ്രാമമെന്ന് തോന്നും.
താഴെ
അടച്ചിട്ടിരിക്കുന്നു.
വശത്തുള്ള
കോണിയിലേറി ഒന്നാം നിലയിലേക്ക്
എത്തി.
രണ്ട്
ബെഡ് റൂം ഉള്ള വീടാണ്. എന്തായാലും
അത് അവന്റെ കുടുംബം താമസിക്കുന്ന
വീടാണെന്ന് തോന്നുന്നില്ല.
ഹാളിൽ
തന്നെയുള്ള ഒരു കൊച്ചു
കട്ടിലിലാണവന്റെ കിടപ്പ്.
ബെഡ്
റൂമിലൊന്നിൽ രണ്ടു പായ നിവർന്ന്
കിടക്കുന്നുണ്ടായിരുന്നു.
ഒന്നിൽ
തലയിണയുണ്ട്.
മറ്റേതിൽ
കുറച്ച് പുസ്തകങ്ങൾ മേലെ
തുണിയിട്ട് തലയിണ ആക്കിയിരിക്കുന്നു.
ഒരു
പടുകൂറ്റൻ എൽ.സി.ഡി
ഹോൾ ചുമരിൽ തറച്ചിട്ടുണ്ട്.
പാമ്പ്
ഉറയൂരിക്കളഞ്ഞ പോലെ ഒരു
ജീൻസും ടീഷർട്ടും തറയിൽ
അലക്ഷ്യമായി കിടക്കുന്നു.
സെറ്റിക്കു
മുന്നിലെ ടീപ്പോയിമേൽ മൂന്ന്
ഗ്ലാസും തലേ ദിവസത്തെ ആഹാരത്തിന്റെ
അവശിഷ്ടങ്ങൾ അടങ്ങിയ രണ്ടു
പ്ലേറ്റുമുണ്ട്.
അതിൽ
ഉറുമ്പുകൾ വന്നു തുടങ്ങിയിരിക്കുന്നു.
എന്നോട്
ഇരിക്കാൻ കൈ ചൂണ്ടി.
ചൂണ്ടിയത്
കട്ടിലിലേക്കായതിനാൽ അതിൽ
ഇരുന്നു.കട്ടിലിൽ
അലക്ഷ്യമായി പുസ്തകങ്ങളും
മറ്റും കിടക്കുന്നുണ്ട്.
അത്രയും
നേരം ഞാൻ വിചാരിച്ചത്,
പയ്യൻ
പകരം വീട്ടാൻ ഒരുങ്ങുകയാണ്
എന്നാണ്.
ചെയ്തത്
കടന്നു പോയി എന്ന നിലപാടിൽ
ഞാൻ എപ്പോഴേ എത്തിയിരുന്നു.
ടീപ്പോയിയിൽ
ഇരിക്കുന്ന ഗ്ലാസുകളിൽ നിന്ന്
രണ്ടെണ്ണം എടുത്ത് അയാൾ
കിച്ചണിൽ പോയി,
സോപ്പുപതപ്പിച്ച്
അവ വൃത്തിയായി കഴുകി,
കമിഴ്ത്തി
കുടഞ്ഞ് കുടഞ്ഞ് ഉണക്കി
വീണ്ടും ടീപ്പോയിൽ വച്ചു.
ഉറുമ്പു
കയറിയ പ്ലേറ്റ് കണ്ട്
ഒന്നാലോചിച്ച് അവ രണ്ടും
എടുത്ത് ശബ്ദത്തോട് സിങ്കിലേക്കിട്ട്
വെള്ളം തുറന്നിട്ടു.
കിച്ചണിൽ
നിന്നൊരു തുണി നനച്ച് പിഴിഞ്ഞ്
ടീപ്പോയിലെ ഉറുമ്പുകളേയും
അഴുക്കിനേയും നന്നായി തുടച്ച്
മാറ്റി.
കട്ടിലിനടിയിൽ
നിന്ന് ഒരു പുതിയ റം
ബോട്ടിൽ എടുത്ത് ടീപ്പോയിൽ
വച്ചു.
ഹാളിൽ
തന്നെയുള്ള ഫ്രിഡ്ജ് തുറന്നപ്പോൾ
എല്ലാ വൃത്തികേടുകളും
മരവിപ്പിച്ച് വച്ചിരിക്കുന്നതായി
കാണപ്പെട്ടു.
അതിൽ
നിന്ന് ട്രോപ്പിക്കാനോ എന്ന
ജ്യൂസിന്റെ വലിയ ചതുരൻ കടലാസ്
പെട്ടി എടുത്തു അയാൾ.
ഓറഞ്ച്
കോക്കോനട്ട് എന്ന ഫ്ലേവർ.
നാരങ്ങയും
നാളികേരവും!
ഇതെന്ത്
കോമ്പിനേഷൻ എന്ന് ഞാൻ
അത്ഭുതപ്പെട്ടു.
ഭാർഗവ്
രണ്ടു ഗ്ലാസുകളിൽ അരയോളം റം
നിറച്ചു.
ശേഷം
നിറയെ ജ്യൂസ് ഒഴിച്ചു.
സ്പൂൺ
കൊണ്ട് കുറച്ചു നേരം അത്
ഷേക്ക് ചെയ്തു.
അതൊരൊന്നാന്തരം
പാനീയമായിരുന്നു.
നല്ല
ദാഹം.
നീട്ടിയ
ഗ്ലാസ് ഒറ്റവലിച്ച് കുടിച്ചു.
അവനും.
എന്നെ
വിയർക്കാൻ തുടങ്ങിയപ്പോൾ
അവനെണീറ്റ് ഫാൻ ഇട്ടു.
നിറയെ
പൊടിപിടിച്ച് തവിട്ട് നിറമായ
ഫാൻ വെളുത്ത വൃത്തമായി.
ബെഡിൽ
കിടന്നിരുന്ന കാലിഡോസ്കോപ്പ്
എന്ന ഡിവിഡി,
അത്
പൊട്ടിച്ചിട്ടില്ലായിരുന്നു,
ഞാൻ
അതെടുത്ത് നോക്കുമ്പോൾ,
പയ്യൻ
ബുക്ക് ഷെൽഫിലേക്ക് നോക്കി.
അവിടെ
സാംസ്കാരികമന്ത്രിയിൽ നിന്ന്
അവാർഡ് വാങ്ങുന്ന ചിത്രം.
ഡിവിഡിയിലെ,
ഭാർഗവ്
രാമൻ എന്ന പേരിലേക്കും
ഫോട്ടോവിലേക്കും പയ്യന്റെ
മുഖത്തേക്കും മാറിമാറിയുള്ള
എന്റെ നോട്ടം കണ്ടപ്പോൾ അവൻ
മുഖഭാവം കൊണ്ട്,
യെസ്
എന്ന് പറഞ്ഞു.
“ആഹാ.
യൂട്യൂബിൽ
കണ്ടിട്ടുണ്ട്.
നല്ല
വർക്ക്.
ചെറിയ
റാഷാമോൺ മണമുണ്ടെങ്കിലും.”
ഭാർഗ്ഗവ്
ഒന്ന് സ്തബ്ധനായെന്ന് തോന്നി.
പിന്നെ
പറഞ്ഞു:
“മാർക്കറ്റ്
സെറ്റിട്ടതാണ്.”
അതെനിക്ക്
പുതിയ അറിവായിരുന്നു.
അത്
കാണുമ്പോൾ അത്ഭുതപ്പെട്ടിരുന്നു.
ചാല പോലെ
ഒരു ബിസി മാർക്കറ്റിൽ,
ഷൂട്ട്
എങ്ങനെ സാധിച്ചെന്ന്.
അതും
നാലുതവണ ഒരേ രംഗങ്ങൾ,
വ്യത്യസ്ത
ആംഗിളുകളിൽ.
ഞാൻ അവനെ
കുറച്ച് ആരാധനയോടെ നോക്കി.
ഒരിക്കൽ
പ്രവാസജീവിതത്തിനിടയിൽ
കൂട്ടുകാരൻ നിർബന്ധിച്ച്
കൂട്ടിക്കൊണ്ടുപോയതാണ്
സിനിമയ്ക്ക്.
തീയറ്റർ
ഒന്നുമല്ലായിരുന്നു.
ഒരു
കൾച്ചറൽ സെൻട്രൽ.
കളർ ഓഫ്
പാരഡൈസ്.
അതു വരെ
ഞാൻ എല്ലാ സിനിമകളും വിടാതെ
കാണുന്ന ഒരുത്തൻ മാത്രമായിരുന്നു.
ആർട്ട്
സിനിമകളെ അവജ്ഞയോടെ കണ്ടിരുന്നവൻ.
പക്ഷേ
അന്ന് ആ സിനിമ എന്നെ മാറ്റിമറിച്ചു.
അപ്പോൾ
അവൻ സിഗററ്റ് എടുത്ത് തൈരു
കടയുന്ന മാതിരി ഇരുകൈകളിലും
ഇട്ട് ഉരുട്ടുകയായിരുന്നു.
സ്ഥിരം
വലിക്കാരനല്ലെങ്കിലും ഉള്ളിലെ
റമ്മിന്റെ ചൂടിൽ എനിക്ക്
പുകയ്ക്കണമെന്ന് തോന്നി.
അവൻ
ടീപ്പോയിമേൽ മാഗസിൻ തുറന്ന്
വച്ച് അതിലേക്ക് സിഗററ്റ്പുകയില
ഉലർത്തിയിട്ടു.
അവ കാറ്റിൽ
പറക്കാൻ തുടങ്ങിയപ്പോൾ ഞാൻ
പെട്ടന്നെണീറ്റ് ഫാൻ ഓഫ്
ചെയ്തു.
ഭാർഗവ്
എൽ.സി.ഡി
യുടെ പിറകിൽ നിന്ന് ഒരു
പൊതിയെടുത്തു.
അതിനുള്ളിൽ
ഭദ്രമായി മടക്കി പൊതിഞ്ഞു
വച്ച കടലാസ് തുറന്ന് ചെറിയൊരു
പിടി വിരലുകൾ കൊണ്ടെടുത്ത്
ഉള്ളം കയ്യിലിട്ടു അമർത്തി
ചൂടാക്കി.
അനന്തരം,
സിഗററ്റിന്റെ
പുകയില കുറച്ച് വകഞ്ഞു മാറ്റി
തറയിലേക്കിട്ടു.
ബാക്കിവന്നതിൽ
ചൂടാക്കിയ തരികൾ കലർത്തി
ഞെരടി.
കലാകാരന്റെ
പാടവത്തോടെ ഒഴിഞ്ഞ സിഗററ്റ്
കുഴലിലേക്ക് അത് നിക്ഷേപിച്ചു.
വിരലുകൾകൊണ്ട്
അമർത്തിയും കുലുക്കിയും
സിഗററ്റിനെ പുനർനിർമ്മിച്ചു.
സിഗററ്റ്
കത്തിച്ച് ഒരു ചെറിയ
പുക എടുത്ത്,
ഉള്ളിലിട്ട്,
തല സ്വയം
ഒന്ന് വെട്ടിച്ച് കൂട്ട്
നന്നായി എന്ന് സ്വയം അംഗീകരിച്ചു.
പിന്നീട്
നീണ്ട മൂന്ന് പുകകൾ.
സെറ്റിയിൽ
ചാരി ഇരുന്ന് അവൻ സിഗററ്റ്
എനിക്ക് നീട്ടി.
ഒട്ടും
മടിക്കാതെ ഞാൻ വാങ്ങി.
നീണ്ട
മൂന്നോ നാലോ പുക എടുത്തു.
എരിവുള്ള
ബീഫ് കറി കഴിക്കുന്ന സുഖം.
പുക ഞാൻ
പുറത്തേക്ക് വിടാൻ ശ്രമിച്ചില്ല.
എങ്കിലും
ഉള്ളിലൊടുങ്ങി തീരാൻ കഴിയാത്ത
അല്പം പുക വായിലൂടെയും
മൂക്കിലൂടെയും പുറത്ത് വന്നു.
മാറി
മാറി വലിച്ച് ഞങ്ങൾ അത് തീർത്തു.
അടിസ്ഥാനപരമായി
ഞാൻ ഒരു വൃത്തിക്കാരനാണ്.
ഇവന്റെ
സ്ഥലത്ത് കേറിയത് മുതൽ എനിക്ക്
ഒന്നും ഇഷ്ടപ്പെട്ടില്ല.
പക്ഷേ,
ഈ പുക
മാന്ത്രികനാണ്.
മന്ത്രവടി
വീശി വിളപ്പിൽശാലയെ ശംഖുമുഖമാക്കുന്ന
മാന്ത്രികൻ.
ഞാൻ
ഇരിക്കുന്നതിപ്പോൾ
പറുദീസയിലാണെന്നെനിക്ക്
തോന്നി.
ആദ്യമായിട്ടൊന്നുമല്ല
ഞാൻ ഈ നീലപ്പുക മിഴുങ്ങന്നത്.
നാലോ
അഞ്ചോ വട്ടം പരീക്ഷിച്ചിട്ടുണ്ട്.
പഠിക്കുന്ന
കാലത്ത് ഉമ്മവീട്ടിൽ പോയപ്പോ
അമ്മാവന്റെ കൂട്ടുകാരുടെ
കൂടെ.
അമ്മാവനും
ഞാനും സമപ്രായം.
അന്നവിടെ
അമ്പലത്തിൽ ഉത്സവമായിരുന്നു.
രസമായിരുന്നു.
പുക
കേറിയപ്പോൾ കൂട്ടത്തിലൊരുവന്
എഴുന്നെള്ളിപ്പിനു നിൽക്കുന്ന
ആന അവനെയാണ് നോക്കുന്നതെന്ന്
സംശയം!
നോട്ടം
ശരിയല്ല പോലും.
അഹങ്കാരിയാണ്
ആന. അവന്
ആനയെ ചവുട്ടിയെ മതിയാവൂ.
വയലന്റായി.
അവസാനം
ആനയുടെ പിറകിൽ പോയി ആനപാപ്പാനു
ഒരു നീലച്ചടയൻ ബീഡി
ഓഫർ ചെയ്തപ്പോ പിറകിൽ നിന്ന്
പതുക്കെ ആനയുടെ കാലിൽ ചെറിയൊരു
ചവിട്ട് അനുവദിച്ചു.
തറയിൽ
നിറയെ നേർത്ത മഞ്ഞുപോലെ
നീലപ്പുക ഓടി നടക്കുന്ന ആ
പറുദീസയിലിരുന്ന് അപ്പോൾ
ഭാർഗവ് രാമൻ പറഞ്ഞു:
“ചേട്ടന്
എന്തോ പറായാനുണ്ട്.
പറ.”
ഈ
പുക റെക്കോഡ് പ്ലയറിൽ സ്റ്റെക്കായ
ഹെഡ് പോലെയാണ്.
ഒറ്റ
പ്രവർത്തിയിൽ തന്നെ
കുറ്റയടിപ്പിക്കും.
ഇവിടെ
എന്നെ അത് പറച്ചിലിലേക്കും
ഭാർഗവനെ കേൾക്കലിലേക്കും
തെന്നി വീഴ്ത്തി.
ഭാർഗവാ,
നീ
കാണുന്നുണ്ടോ?
സർവ്വവും
നീലമയമാണ്.
നീലയാണ്
ഏറ്റവും ഊഷ്മളമായ നിറം.
ഹ ഹ.
പ്രയോഗത്തിലെ
വൈകല്യം നോക്ക്.
തണുത്തുറഞ്ഞ
നാട്ടിൽ സായ്പ് നടത്തുന്ന
പ്രയോഗം.
വാമസ്റ്റ്
വെൽകം!
ചൂടിലുരുകുന്ന
നമ്മളും പറയുന്നു.
ഊഷ്മളമായ
സ്വാഗതം!
ഹ ഹ.
ഭാർഗവാ,
നിനക്ക്
ഭാവിയുണ്ട്.
നീ മികച്ച
സംവിധായകനാകും.
ഞാനൊരു
കഥ തരാം.
എന്റെ
കഥ.
തിരക്കഥയും
നമുക്ക് ചേർന്നെഴുതാം.
നിന്റെ
പേരു വച്ചോ.
ഡയലോഗ്
വേണം നായകന്.
പക്ഷേ,
നായകനെ
കാണിക്കരുത്.
അവന്റെ
കണ്ണുകൾ സമം ക്യാമറ.
നല്ല
ക്രാഫ്റ്റാകും.
ബെറ്റ്.
കളർ ഓഫ്
പാരഡൈസിൽ ആ കണ്ണുകാണാത്ത
ചെറുക്കൻ കൊണ്ടുപോകാൻ ആരും
വരാത്ത വിഷമത്തിൽ ബഞ്ചിലിരിക്കുമ്പോൾ
ഒരു നിമിഷം ക്യാമറ അവനെ ഒന്ന്
നോക്കുന്നുണ്ട്.
ആ നോട്ടം
അവന്റെ അച്ഛന്റെ കണ്ണു
കൊണ്ടായിരുന്നു.
നീ അത്
പഠിച്ചോ ഭാർഗവാ.
ആ
ഷോട്ടെടുത്തത് എങ്ങിനെയാണെന്ന്.
ശരി.
അതു
പോട്ടെ.
നീ
പ്രവാസീ പ്രവാസീന്ന്
കേട്ടിട്ടുണ്ടോ?
തെറ്റാണ്
ആ വാക്ക്.
അതിന്റെ
അർത്ഥം കുറേ തിരഞ്ഞിട്ടുണ്ട്.
വിവരമുള്ളവരോട്
ചോദിച്ചിട്ടുണ്ട്.
പലരും
പലതരത്തിൽ പറഞ്ഞു തന്നിട്ടുണ്ട്.
പ്രവാസിയെ
പറ്റി പറയാൻ ഏറ്റവും യോഗ്യനായ
ബാബു ഭരദ്വാജിനോട് ചോദിച്ചു,
ഒരിക്കൽ.
മറ്റേ
അശ്വമേധത്തിന്റെ കൂടെ ജഡ്ജിയായി
ഫാറോക്ക് കോളേജിൽ വന്നപ്പോ.
പുള്ളി
താടി ചൊറിഞ്ഞു ചിരിച്ചു.
കുറെ
പൈസ ഉണ്ടാക്കാൻ വേണ്ടി അന്യനാട്
തെണ്ടുന്നവൻ പ്രവാസിയാകില്ലെന്ന്
അന്നേരം അദ്ദേഹത്തിന്റെ
കൂടെ ഉണ്ടായ പേരറിയാത്ത
ബുദ്ധിജീവി പറഞ്ഞു.
സ്വമേധയാ
വിസ അടിപ്പിച്ച് പണമരം കുലുക്കാൻ
അന്യനാട്ടിൽ പോകുന്നവൻ എങ്ങനെ
പ്രവാസിയാകും എന്നാണ് വാദം.
നമ്മടെ
ബുദ്ധിജീവികളെ സമ്മതിക്കണം.
പ്രവാസത്തിന്റെ
പൊളിറ്റിക്കൽ റീസൺ ചിന്തിക്കാത്ത
വിഡ്ഡികൾ.
അല്ലെങ്കീത്തന്നെ
ഭൂപടങ്ങളല്ലേ പ്രവാസിയെ
സൃഷ്ടിച്ചത്?
അതിർത്തി,
പാസ്പോർട്ട്,
വിസ...
ഫക്ക്...
നീ
ക്ഷമിക്ക്.
ഞങ്ങൾ,
എന്നു
പറഞ്ഞാൽ ഞാൻ,
എന്റെ
ഭാര്യ സുഹ്റ,
മോൻ
ദീപക്,
മോൾ
ജാസ്മിൻ,
വീണ്ടും
സൂരജ്.
നീയെന്തിനാ
നോക്കുന്നത്?
സുൽഫിക്കറിന്റെയും
സുഹ്‌റയുടെയും മക്കൾക്ക് ഈ
പേരുകൾ?
ഇക്കാര്യത്തിൽ
ഞാൻ ഇന്തോനേഷ്യക്കാരുടെ
കൂടെയാണ്.
ഒരു
പേരിലെന്തിരിക്കുന്നു എന്ന്
പണ്ടെഴുതിയ ആൾ ഇന്നുണ്ടെങ്കിൽ,
ഒരു പേരിൽ
പലതുമുണ്ടെന്ന് തിരുത്തിയേനെ.
ഇല്ലേ?
ഹ ഹ ഹ.
നിനക്ക്
ചിരിവരുന്നില്ലെ?
മനുഷ്യനും
തീവ്രവാദിക്കും ഇടയിലെ
ദൂരമാകുന്നു പേര്.....
ഏകദേശം
പത്ത് വർഷത്തോളം ഞാൻ
അവിടെയായിരുന്നു.
കണ്ണുതുറന്നടയുമ്പോൾ
മുഖച്ഛായ മാറുന്ന നാട്ടിൽ.
വികസനം!
പിന്നെയും
ഞാൻ പറയട്ടെ,
ഫക്ക്!
കല്യാണം
കഴിഞ്ഞ ഉടനെ ഞാൻ സുഹ്‌റയേയും
പ്രവാസിയാക്കി.
ടീച്ചറായിരുന്നു.
അവിടെയൊരു
സ്കൂളിൽ.
ഞാനവിടെ
ഇലക്ട്രിസ്റ്റിയിൽ എഞ്ചിനിയറും.
ഞാൻ കൂടെ
ഉണ്ടെങ്കീ ഏതു കാടും,
ഏതു
മേടും,
ഏതു
മരുഭൂമിയും അവൾക്ക്
സ്വർഗ്ഗതുല്യമാണെന്ന്
അന്നൊക്കെ അവൾ പറയുമായിരുന്നു.
നല്ല
പെണ്ണാണ് സുഹ്‌റ.
ഭാർഗവാ,
നമ്മുടെ
സിനിമയിൽ മരുഭൂമിയിലെ സൂര്യോദയം
വേണം.
രാവിലെ
നേരത്തെ ഇറങ്ങും.
ഞാനും
സുഹറയും പിള്ളേരും.
ചിലപ്പോഴൊക്കെ
കവി മഹമ്മൂദ് ദർവേശും ഭാര്യയും
ഉണ്ടാകും.
മറ്റേ
ദർവേശല്ല.
അയാളുടെ
പേരുള്ള സാദാ കവി.
മെയിൻ
റോഡിൽ അരമണിക്കൂർ പോയി
കിഴക്കോട്ട് മരുഭൂമിയിലേക്ക്
കടൽപ്പാലം കണക്കെ നീണ്ടവസാനിക്കുന്ന
ഒരു റോഡിൽ കടക്കണം.
അതവസാനിക്കുന്നിടത്ത്
കസേരകളിട്ട് ഇരിക്കും.
ഒരു
ഫ്ലാസ്ക് നിറയെ കട്ടൻ ചായയും
നല്ല മിന്റ് ഫ്ലേവർ ഹുക്കയുമായി.
സൂര്യൻ
ഫെയ്‌ഡ് ഇൻ ആയി നമ്മളെ കാണാൻ
ഇങ്ങുവരും.
രണ്ടു
മക്കൾ മതിയെന്നായിരുന്നു
വെപ്പ്.
പക്ഷേ,
അവടെ
പ്രസവം നിർത്തണ ഏർപ്പാട്
പറ്റൂല്ല.
നാട്ടിൽ
വരുമ്പോൾ ചെയ്യാം എന്ന്
വിചാരിച്ച് ഞങ്ങൾ നിയന്ത്രിച്ചു.
നിയന്ത്രണങ്ങൾക്ക്
ഉണ്ടല്ലോ ഒരു തെറ്റാനുള്ള
വെമ്പൽ.
ഇറാൻ
സിനിമകൾ ക്ലാസിക്ക് ആകാൻ
കാരണം നിയന്ത്രണങ്ങളാണ്
എന്ന് പറഞ്ഞാൽ നീ അംഗീകരിക്കണം.
ശരി.
ഒരിക്കൽ
തെറ്റി.
അന്ന്
സുഹ്‌റയ്ക്ക് പനിയായിരുന്നു.
12 മണിക്കൂർ
തുടർച്ചയായി മഴപെയ്തു.
മരുഭൂമിയിലെ
നിർമ്മാണങ്ങൾ മഴയെ
പരിഗണിക്കാറില്ലല്ലോ?
റോഡുകൾ
മുഴുവൻ പുഴകളായി.
ഭാഗ്യത്തിന്
ഇറങ്ങിയ ഉടനെ വശപ്പിശക്
തോന്നിയ ഞാൻ കാർ തിരിച്ച്
വീട്ടിലെത്തി.
10 മണിക്കൂറുകളോളം
എത്രയോ പേർ റോഡിൽ പെട്ടുപോയി
അന്ന്.
സുഹ്‌റ
അന്ന് പനിച്ച് അവധിയിലായിരുന്നു.
പിള്ളേർ
സ്കൂളിലും പെട്ടുപോയി.
നീ
കല്യാണം കഴിച്ചിട്ടില്ലല്ലോ?
അല്ലെങ്കിൽ
വേണ്ട,
പനിയുള്ള
പെണ്ണിനെ നീ പ്രാപിച്ചിട്ടുണ്ടോ?
തീ
മണക്കുന്ന രതി!
ആ തീ
വിഴുങ്ങി ഞാനവളെ വിയർപ്പിൽ
തണുപ്പിച്ചു.
സെക്സ്
സീനുകൾ എടുക്കാൻ നിനക്കറിയുമോ?
ഭാർഗവാ,
മജീദി
മജീദിയുടെ ബാരാൻ കണ്ടിട്ടില്ലേ?
ആ അഫ്‌ഗാൻ
പെണ്ണ് അതിൽ അവസാനം പിക്കപ്പിലേക്ക്
കേറുമ്പോ ഒരു കാൽ ചെളിയിൽ
താഴും.
ചെരുപ്പ്
അവിടെ പെട്ടുപോകും.
നായകൻ
ചെക്കൻ അപ്പോൾ ചെരുപ്പെടുത്ത്
ചെളി തുടച്ച് അവൾക്ക്
മുന്നിലേക്കിട്ട് കൊടുക്കും.
പെൺകുട്ടി
പിന്നെ ചെരുപ്പിൽ കാൽ കയറ്റുന്ന
ഷോട്ടുണ്ട്.
പിന്നെ
വണ്ടി അകന്നു പോകുമ്പോൾ,
ആ ചെരുപ്പ്
താഴ്ന്ന കുഴിയിൽ കുറേശ്ശെ
മഴ വീണ് അത് നിറയുന്ന ക്ലോസപ്പ്.
ഇതിലും
നന്നായി രതി എടുക്കാൻ ഏത്
ഓസ്കാർ സംവിധായകനും പറ്റില്ല.
നമ്മുടെ
സിനിമയിൽ ഈ പനിച്ചൂട് വരണം.
നീ
വരുത്തണം.
കേട്ടല്ലോ?
ആലോചിക്ക്.
നിനക്ക്
പറ്റും.
പറഞ്ഞു
വന്നത്,
ഞങ്ങൾ
രഹസ്യമായി പനിക്കുട്ടൻ എന്ന്
വിളിക്കുന്ന സൂരജ് ജനിച്ചതങ്ങനെയാണ്.
അവന്
ഒരു പത്തുമാസം പ്രായമുള്ളപ്പോഴാണ്.
ഞാനും
പിള്ളേരും ഹാളിലായിരുന്നു.
സുഹ്‌റ
അടുക്കളയിലും.
സൂരജ്
മോൻ കട്ടിലിൽ ഉറങ്ങുകയായിരുന്നു.
രാത്രി
പത്ത് മണി ആയിക്കാണണം.
ചെക്കന്റെ
വലിയ കരച്ചിൽ കേട്ടു.
കട്ടിലിൽ
നിന്ന് വീണതാണ്.
ഭയങ്കരകരച്ചിൽ.
തലയിടിച്ചാണ്
വീണതെന്ന് തോന്നുന്നു.
പക്ഷേ
മുഴച്ചിട്ടൊന്നുമുണ്ടായിരുന്നില്ല.
ഏറെ നേരം
വേണ്ടി വന്നു കരച്ചിൽ മാറാൻ.
ഇതിനിടയിൽ,
ആണല്ലേ,
ഞാൻ
സുഹ്‌റയെ കുറേ വഴക്കും പറഞ്ഞു.
ശ്രദ്ധ
ഇല്ലാഞ്ഞിട്ടാണെന്ന്.
നീ നോക്കണം
ഭാർഗവാ.
അടുക്കളയിൽ
അവൾ ഞങ്ങൾക്ക് ഭക്ഷണം
ഉണ്ടാക്കുന്നു.
ഞാൻ
ചുമ്മാ ഇരുന്ന് ടിവി കാണുന്നു.
എന്നിട്ടും
കുറ്റം അവൾക്ക്.
കുഞ്ഞ്
പിന്നെ എന്റെ മടിയിലിരുന്ന്
ചിരിച്ചു തുടങ്ങി.
പക്ഷേ
ഭാർഗവാ.
രാവിലെ
ഞാനുണരുന്നത് സുഹ്‌റയുടെ
അലറിക്കരച്ചിൽ കേട്ടിട്ടാണ്.
പനിക്കുട്ടൻ
മരവിച്ചുപോയിരുന്നു.
എങ്ങനെ
ഞങ്ങൾ ആശുപത്രിയിലെത്തി
എന്ന് നീ ചോദിക്കരുത്.
എനിക്കതോർമ്മയില്ല.
ഒന്നു
കൂടി ഒഴിക്കാമോ ഭാർഗവാ.
അതേ
അളവിൽ.
ശരി.
നീ ഇനി
ഞെട്ടരുത്.
ആ ഗവണ്മെന്റ്
ആശുപത്രിയുടെ അത്യാഹിത
വിഭാഗത്തിന്റെ വരാന്തയിൽ
വച്ച് ഒരു പിതാവും ഒരു മാതാവും
അറസ്റ്റ് ചെയ്യപ്പെടുന്നു.
കുറ്റം,
കൊലപാതകം.
സ്വന്തം
കുഞ്ഞിനെ!
നീ
ഒഴിച്ചോ.
നിർത്തണ്ട.
അളവ്
തെറ്റരുത്.
ആ ഫിഫ്റ്റി
ഫിഫ്റ്റിയാണ് നിന്റെ കോൿടെയിലിന്റെ
രഹസ്യം.
ഉറപ്പ്.
നേരെ
ലോക്കപ്പിൽ.
ഉച്ചയ്ക്ക്
മുമ്പേ ജയിലിൽ.
ഞാൻ ആൺ
ജെയിലിലും അവൾ പെൺ ജയിലിലും.
നീ
ഓർക്കണം ഭാർഗവാ.
ഒരു
കുഞ്ഞ് മരിച്ച് കിടക്കുന്നു.
മറ്റു
രണ്ടു കൊച്ചു കുട്ടികൾ വീട്ടിൽ
ഒറ്റയ്ക്ക്.
ഇതിനിടയിൽ
പോലീസ് വണ്ടിയിൽ ലോക്കപ്പിലേക്ക്
കൊണ്ടു പോകുമ്പോൾ ഫോൺ വിളിക്കാൻ
അനുവദിച്ചു.
അത്രയും
ഭാഗ്യം.
പിന്നെ,
ഈ സിനിമയിൽ
പെൺ ജെയിൽ കാണിക്കണ്ട.
അടുത്ത
ദിവസം കോടതിയിൽ ഹാജരാക്കുന്ന
സുഹ്‌റയെ കാണിച്ചാൽ മതി.
ഓരോ
ഫ്രെയിമും ആ ഫ്രെയിം മാത്രമല്ലല്ലോ?
ഫ്രെയിമിൽ
ഒരിക്കലും വരാത്ത പെൺ ജെയിൽ,
കൈ പിറകിൽ
വിലങ്ങിട്ട്,
കാലിൽ
മെലിഞ്ഞ സ്റ്റീൽ ചങ്ങലയിട്ട്,
പോലീസ്
ബസ്സിൽ നിന്നറങ്ങി ഏന്തിയേന്തി
നടന്നു വരുന്ന സുഹ്‌റയിൽക്കൂടി
എല്ലാവരും കാണണം.
അത്
നിന്റെ മിടുക്ക്.
ആൺജെയിൽ
ഞാൻ വരച്ചു തരാം.
നമുക്ക്
സെറ്റിടാം.
ജഡ്ജി
ഒരു ചോദ്യമേ ചോദിക്കൂ.
കുറ്റം
സമ്മതിക്കുന്നോ ഇല്ലയോ?
യെസ് ഓർ
നോ മതി.
വിശദീകരണം
സാധ്യമല്ല.
പരിഭാഷകൻ
ഉണ്ട്.
മലയാളി.
അയാൾ
എന്നോട് മലയാളത്തിൽ,
കുറ്റം
സമ്മതിക്കുന്നോ ഇല്ലയോ എന്ന്.
എന്ത്
കുറ്റം?
ഞങ്ങളുടെ
കൊച്ചിനെ കൊന്ന കുറ്റമോ?
ഞാൻ
ചോദിച്ചു.
പരിഭാഷകൻ
മലയാളി നിസംഗനായി പിന്മാറി
നേരെ എതിരെ കൂട്ടിൽ നിൽക്കുന്ന
സുഹ്‌റയുടെ അടുത്ത് ചെന്ന്
ചോദ്യം ആവർത്തിച്ചു.
അവൾ എന്തു
കേൾക്കാൻ.
അമ്പത്തഞ്ചു
കിലോ ഇറച്ചി മാത്രമായിരുന്നു
അപ്പോൾ സുഹ്‌റ.
തിരിച്ച്
ജയിലിലേക്ക്.
അതൊരു
പതിനേഴാം തിയതിയായിരുന്നു.
ഭാർഗവാ
പിന്നീട് എല്ലാ പതിനേഴാം
തിയതിയും ആവർത്തിക്കപ്പെട്ടു.
സൂരജ്
മോനെ കൊന്ന കുറ്റം സമ്മതിക്കാൻ!
ജയിൽ
ഒരു പാഠശാലയാണ്.
അത് ഞാൻ
പിന്നെ പറഞ്ഞുതരാം.
ആറു തവണ
ഈ പതിനേഴാം തിയതികൾ
ആവർത്തിക്കപ്പെട്ടപ്പോഴേക്കും
ഞാൻ പഠിച്ചു പോയിരുന്നു.
ആദ്യം
കുറ്റം സമ്മതിക്കണം.
എന്നാലെ
ശിക്ഷ വിധിക്കൂ.
ശിക്ഷ
വിധിച്ചാലേ അപ്പീലിനു പോകാൻ
പറ്റൂ.
സ്നേഹതീരം
എന്നൊരു ഒറ്റയാൾ സംഘടനയുണ്ട്.
ഒരു
ഏകാംഗപ്രസ്ഥാനം.
തോമസ്
ചെറിയാൻ.
ബിസിനസ്
കാരനാണ്.
പൂജനീയനായ
വ്യക്തി.
കൊട്ടിഘോഷിച്ചല്ല
ഒന്നും ചെയ്യുന്നത്.
അതുകൊണ്ട്
അധികമാരും അറിയില്ല.
കാരണമില്ലാതെ
അവിടെ ജയിലിൽ കിടക്കുന്ന
ആൾക്കാരെ സഹായിക്കുന്ന മഹാൻ.
പുള്ളി
എന്നെ വന്ന് കണ്ടു.
കുറ്റം
സമ്മതിച്ചാൽ മതി എന്ന്.
ബാക്കിയെല്ലാം
പുള്ളി നോക്കുമത്രേ.
മൂന്ന്
തവണ അദ്ദേഹം വന്നു എന്റെ മനസ്
മാറ്റാൻ.
അങ്ങനെ
ഏഴാമത്തെ പതിനേഴാം തിയതി ഞാൻ
സമ്മതിച്ചു.
യെസ്.
ഞാനാണത്
ചെയ്തത്.
പരിഭാഷകൻ
അലീക്കാ അത് തർജ്ജമ ചെയ്തു
ജഡ്ജിയോട്.
അലീക്കാക്കും
ആശ്വാസം,
ജഡ്ജിക്കും
ആശ്വാസം.
ഭാർഗവാ,
അന്നേരം
എതിരെയുള്ള പ്രതിക്കൂടിൽ
നിന്ന് സുഹ്‌റ എന്നെ ഒരു
നോട്ടം നോക്കി.
തെറ്റ്.
എന്നെയല്ല
നോക്കിയത്,
എന്നിൽക്കൂടി
ആ നോട്ടം തുളഞ്ഞു പോയിരുന്നു.
തിരക്കഥയിൽ
ഞാൻ അത് ഇങ്ങനെ എഴുതും.
നോട്ട്
ലുക്കിംഗ് അറ്റ് ഹിം.
ബട്ട്
ലൂക്കിംഗ് ത്രൂ ഹിം.
പിടിക്കേണ്ടത്
നിന്റെ ചുമതല.
നോട്ടം
മാത്രമേ ഉള്ളൂ.
ലക്ഷ്യസ്ഥാനമായ
നായകൻ കാമറായാണ്.
നിനക്കൊരു
ചലഞ്ചാണ്.
വിധി
അടുത്ത നിമിഷം വന്നു.
ശരിക്കും
വിധി!
രണ്ടരവർഷം
ജയിൽവാസം.
പിന്നെ
നാടുകടത്തൽ.
എന്റെ
ഭാർഗവാ,
അടുത്ത
ദിവസം ചെറിയാൻ സാർ വന്നു.
ഇനി
കേൾക്കുമ്പോൾ നീ ഞെട്ടരുത്.
പുള്ളി
കുറേ പേപ്പറുകളുമായാണ് വന്നത്.
ഒരു
സ്വദേശി വക്കീലുമുണ്ട് കൂടെ.
ഞങ്ങളെ
വെറുതെ വിടാൻ പോകുന്നു.
തികച്ചും
നിസാരമാണ് നടപടികൾ.
കൊല്ലപ്പെട്ട
കുട്ടിയുടെ ഉടമസ്ഥർക്ക്,
കൊന്നവർ
നിയമപ്രകാരമുള്ള തുക നൽകി.
അങ്ങനെ
അവർ കൊലപാതകികളോട് ക്ഷമിച്ചു.
അപ്പോൾ
കുറ്റം ഇല്ലാതാകുന്നു.
നീയെന്താ
ഭാർഗവാ,
വാ
തുറന്നിരിക്കുന്നത്?
കുട്ടിയുടെ
ഉടമസ്ഥരായ ഞങ്ങൾ,
കുട്ടിയെ
കൊന്ന ഞങ്ങളോട് ക്ഷമിച്ചിരിക്കുന്നു!!!
പണം
വാങ്ങി പൊരുത്തപ്പെട്ടിരിക്കുന്നു.
രണ്ടൊപ്പ്
കൂടുതലിടണം.
ഒപ്പിടാനാണോ
വിഷമം.
ഞാൻ
ഇട്ടു.
അറബി
വക്കീൽ കൈ വച്ചിടത്തൊക്കെ
ഇട്ടു.
മഷി
പുരട്ടിയ തന്തവിരലുകൊണ്ടും
കുറെ അമർത്തി.
സുഹ്‌റയും
അങ്ങനെ ചെയ്തിട്ടുണ്ട്.
ഉണ്ടാകണം.
ഇതുവരെ
ഞാൻ ചോദിച്ചിട്ടില്ല.
നീ
വിശ്വസിക്കുമോ?
ഏഴാം
ദിവസം ഒരു പോലീസ് വണ്ടി
വിമാനത്തിന്റെ അടുത്ത് വരെ
എത്തി.
തോമസ്
ചെറിയാൻ ജയിലിലെത്തിച്ച
പുതിയ വസ്ത്രങ്ങളിട്ട്,
യാത്രക്കാർ
കേറുന്നതിന് മുമ്പേ ഞങ്ങളെ
കേറ്റി ഇരുത്തി.
ഒരക്ഷരം
സുഹ്‌റ എന്നോട് മിണ്ടിയില്ല.
അവൾ എന്റെ
മടിയിൽ കിടന്നാണ് കരിപ്പൂർ
വരെ എത്തിയത്.
മക്കളും,
സഹോദരങ്ങളും,
മാതാപിതാക്കളും
എത്തിയിരുന്നു എയർപ്പോർട്ടിൽ.
കാലം
ഇതായിരുന്നില്ല,
അല്ലെങ്കിൽ
ലൈവ് ഷോയിൽ അഭിനയിക്കേണ്ടി
വന്നേനെ!
വണ്ടി
എയർപ്പോർട്ട് വിട്ട് കുറച്ച്
കഴിഞ്ഞപ്പോൾ ഞാൻ നിർത്തിച്ചു.
റോഡിൽ
നിന്ന് വശത്തുള്ള ചെമ്മണ്ണും
ചരലും നിറഞ്ഞ മൈതാനത്തേക്ക്
നടന്നു.
നീ
നമ്മുടെ മണ്ണിനെ ചുംബിച്ചിട്ടുണ്ടോ?
ഞാൻ
മുട്ടു കുത്തി.
അന്ന്
മുതൽ എനിക്ക് എന്തോ ഒരു
കുഴപ്പമുണ്ടെന്ന് എല്ലാവരും
പറയുന്നു.
ശരിയാണ്.
മണ്ണിൽ
കമിഴ്ന്ന് കിടന്ന് കരഞ്ഞ ഞാൻ
പിന്നെ മലർന്നു കിടന്നു.
എനിക്ക്
ആകാശം കാണണമായിരുന്നു.
നീ
വിശ്വസിക്കില്ല ഭാർഗവാ.
എന്റെ
തൊട്ടടുത്ത് സുഹ്‌റ ഉണ്ടായിരുന്നു
അപ്പോൾ.
അവൾ
സന്ദേഹത്തോടെ എന്നെ നോക്കുകയാണ്.
അവളുടെ
മുകളിൽ കുടചൂടിയ പോലെ ആകാശം.
ആകാശത്തിൽ
ഞാൻ അതിർത്തികൾ കണ്ടില്ല.
അന്നേരം
ആകാശം പൂർണ്ണമായും നീലയായിരുന്നു.
*
പറഞ്ഞു
പറഞ്ഞ് സുൽഫിക്കറും,
കേട്ട്
കേട്ട് ഭാർഗവ് രാമനും
ഉറങ്ങിപ്പോയി.
എണീറ്റപ്പോൾ
സന്ധ്യയായിരുന്നു.
കിച്ചണിലിരിക്കുന്ന
പാരച്യൂട്ട് വെളിച്ചെണ്ണ
സുൽഫിക്കർ ഒന്നോടെ തലയിലേക്ക്
ഞെക്കിയൊഴിച്ചു.
പക്ഷേ
ബാത്ത് റൂമിൽ വെള്ളമില്ലായിരുന്നു.
പുരയിടത്തിനു
പിറകിലുള്ള കിണറിനരികെ പോയി
അവർ.
അവിടെ
ഷെഡിൽ സൂക്ഷിച്ചിരുന്ന
ബക്കറ്റും കയറുമുണ്ടായിരുന്നു.
ബക്കറ്റ്
തുടുപ്പിച്ച് കിണറിന്റെ
അടിത്തട്ട് വരെ താഴ്ത്തി
അയാൾ പത്തോളം തവണ തണുത്ത
വെള്ളം സ്വന്തം തലയിലൊഴിച്ചപ്പോൾ
ഭാർഗവിനും കൊതിയായി.
അയാളും
സ്വയം കുതിർത്തു.
എട്ടേമുക്കാലിന്റെ
ഷോക്ക് തീയറ്ററിലിരിക്കുമ്പോൾ
ദേശീയഗാനത്തിനായി രണ്ടുപേരും
എണീറ്റു നിന്നു.
അറ്റൻഷനിൽ
നിൽക്കുന്ന അയാളുടെ ഇടതു
കൈയ്യിൽ അപ്പോൾ ഭാർഗവിന്റെ
വലതു കൈ കോർത്തു.