Wednesday, March 5, 2014

ജലകന്യക (ചെറുകഥ)


കെ.വി മണികണ്ഠൻ
{ഈ കഥ മലയാളം വാരിക നടത്തിയ എം. പി നാരായണപിള്ള സ്മാരക പുരസ്കാരമത്സരത്തിൽ ആറാം സ്ഥാനത്ത് വരികയും, മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുകയും മാതൃഭൂമി ഫൈനൽ റൈണ്ട് എന്ന കഥാ സമാഹാ‍രത്തിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.}

സ്വപ്നത്തിലാണെന്നാണ് കതിരേശൻ കരുതിയത്.

കണ്ണുമിഴിച്ചപ്പോൾ മുന്നിൽ കാടുകയറിയ നദി. പെരുംവൃക്ഷങ്ങളുടെ അരക്കെട്ടിൽ നിശബ്‌ദമായി ഇക്കിളിയിടുന്ന ആമസോൺ. അവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പായുന്ന പെരുമ്പാമ്പ്. ചിരപരിചിതമായ പ്രവൃത്തി ചെയ്യുന്ന ലാഘവത്തോടെ അയാളുടെ വലതുകൈ തറയിലൂടെ റിമോട്ടിലേക്കിഴഞ്ഞു.. കല്ലിലും മുള്ളിലും വയർ ഉരസാതെ കാടു ചുറ്റാൻ കിട്ടുന്ന അപൂർവ്വാവസരത്തിൽ ആകാശത്തിലെ പറവ പോലെ ഒഴുകി പറക്കുന്ന ആ പെരുമ്പാമ്പിനോട് ഒരുവശത്തു നിന്ന് അപ്രതീക്ഷിതമായി അതേ വേഗതയിൽ കൂടെ ചേരുന്ന ഇണപ്പാമ്പ്.

റിമോട്ട് വേട്ടക്കാരന്റെ തോക്കുപോലെ ഉയർന്നു. ആ‍മസോൺ കാട് കെട്ടു.ഇരുട്ട്. നിശബ്ദജലവിതാനത്തിലേക്ക് പൊടുന്നനെ പൊട്ടിവീഴുന്ന വെള്ളത്തുള്ളിപോലെ വീണ്ടും കിളിശബ്ദം. കതിരേശൻ അറിയാതെ ഞെട്ടി. സെറ്റിയിലെ ആ കിടപ്പിൽ കിടന്ന് എതിർചുമരിലേക്ക് കണ്ണുകളുയർത്തി. ബെഡ് റൂമിൽ നിന്നുള്ള ഇരുണ്ട നീല വെളിച്ചത്തിൽ ക്ലോക്ക് മയങ്ങി നിൽക്കുന്നു. ദിവസത്തിൽ രണ്ടു തവണ -എഴ്. മുപ്പത്തി അഞ്ച് - മാത്രം കൃത്യസമയം കാണിക്കുന്ന ഘടികാരം. അനുഷ്ടാനം പോലെ ബാറ്ററി വാങ്ങിയില്ലല്ലോ എന്ന് അപ്പോഴും ഓർത്തു കതിരേശൻ . തന്നോടൊപ്പം സെറ്റിയിൽ കിടന്നുറങ്ങുന്ന മൊബൈൽ ഫോൺ അയാളുടെ വലതു കൈ തപ്പിയെടുത്ത് കണ്ണിനുമുന്നിൽ കൊണ്ടുവന്നു. മൂന്നര.

ഈ സമയത്ത് ആരാണ്?

വാതിൽക്കലേക്ക് നീങ്ങുമ്പോൾ ബെഡ് റൂമിൽ നീല വെളിച്ചത്തിൽ ശാന്തമായി കിടന്നുറങ്ങുന്ന ഭാര്യയെ അയാൾ കണ്ടു. കണ്ടതാണ്, നോക്കിയതല്ല. എത്രയോ തവണ ഉപേക്ഷിക്കണം എന്ന് വിചാരിച്ച ശീലം -മീരയെ കാണുമ്പോൾ അവളുടെ കഴുത്തിൽ താലി ഉണ്ടോ എന്ന അനാവശ്യ ജിജ്ഞാസ- അപ്പോഴും അയാളെ കീഴടക്കി. നോക്കി. താലി കണ്ടില്ല. രണ്ടുവർഷങ്ങൾക്ക് മുമ്പ്, ഒരു കാൽനടക്കാരിയുടെ മാല ബൈക്കിൽ വന്ന കള്ളൻ പൊട്ടിച്ച് കടന്നുകളയുന്ന രംഗത്തിന് സാക്ഷിയായതിന്റെ പിറ്റേന്ന്, മീര സ്വർണ്ണം ധരിക്കുന്നത് നിർത്തിവച്ചു. ഒരു വിശദീകരണം നൽകാൻ മീരയും ചോദിക്കാൻ കതിരേശനും തയ്യാറായിരുന്ന കാലം അസ്തമിച്ചിരുന്നതിനാൽ, മീര താലി ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന തെറ്റായ നിഗമനത്തിൽ കതിരേശൻ എത്തിച്ചേരുകയും ചെയ്തു.
ശലഭശൈലീ നീന്തലിൽ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു മീര. വെള്ളത്തിനടിയിൽ കണ്ണുതുറക്കുന്നതായിരുന്നു മീരയുടെ ശീലം. കണ്ണടച്ചാലും കണ്ണിൽ ഒരു നിറം തങ്ങി നിൽക്കും എന്ന വിചിത്ര സത്യം അയാളെ പഠിപ്പിച്ചത് അവളാണ്. ആദ്യരാത്രിയിൽ തന്നെ. കണ്ണടച്ചാൽ ഇരുട്ടാകുമെന്ന് അന്നു വരെ കതിരേശൻ കരുതിയിരുന്നു. ആദ്യരാത്രി മുതൽ മീരയെ അലട്ടിയിരുന്നത് കണ്ണടച്ചാലുള്ള മഞ്ഞ വെള്ളിച്ചമായിരുന്നു. കൺപോളയ്ക്കും കൃഷ്ണമണിക്കും ഇടയിലെ ആ രൂക്ഷ മഞ്ഞയെ മറികടക്കാൻ അടുത്തൊരു നാൾ കതിരേശൻ കിടപ്പുമുറിയിൽ ഇളം നീല സീറോ ബൾബ് പരീക്ഷിച്ചു. നീന്തൽക്കുളത്തിന്റെ നിറം കണ്ണിനുള്ളിൽ നിറച്ച് അതിനു ശേഷം അവൾ എന്നും സുഖമായുറങ്ങുന്നു.

പീപ് ഹോളിൽ യൂണിഫോം കണ്ട ധൈര്യത്തിൽ കതിരേശൻ വാതിൽ തുറന്നു. സെക്യൂരിറ്റിയോട് അപ്പോഴും തുറക്കാൻ മടിക്കുന്ന കണ്ണുകളോടെ അസഹിഷ്ണമായി പുരികങ്ങളുയർത്തി. ഒരു വശത്ത് മാറി മറ്റൊരാൾ കൂടിയുണ്ട്. എവിടെയോ കണ്ടു മറന്ന മുഖം എന്നോർക്കുന്നതിനിടയിൽ തന്നെ അയാളുടെ ഉറക്കം തലയിൽ നിന്ന് ചിതറിത്തെറിച്ചു പോയി.

അപ്പുമ്മാ‍ൻ...

ശാന്തമായൊരു തിരയിളക്കം പോലെ അപ്പുമ്മാന്റെ കണ്ണുകൾ ഒഴുകിനടന്നു. ടീപ്പോയിക്ക് മീതെ കാലിയായ പ്ലേറ്റും സ്പൂണും, മദ്യമുണങ്ങിയ ഗ്ലാസ്, കമിഴ്ത്തി വച്ച, ‘മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം. കതിരേശന്റെ കിടപ്പിനെ അടയാളപ്പെടുത്തിക്കൊണ്ട് സെറ്റിയും തലയിണയും. തുറന്നു കിടക്കുന്ന ബെഡ് റൂം. ഇപ്പോൾ വിരിച്ചതെന്ന് തോന്നിപ്പിക്കുന്ന വൃത്തിയുള്ള കിടക്കവിരിയിൽ നീലവെളിച്ചത്തിൽ നിശ്ചലമായി മീര. ഹാളിൽ തന്നെയുള്ള തീൻ മേശയിൽ ഒരു മദ്യക്കുപ്പി. തെല്ലൊരു വല്ലായ്മയോടെ കതിരേശൻ....

അതിഥി മുറിയിൽ കിടക്കാമെന്നു പറഞ്ഞതൊന്നും അപ്പുമ്മാൻ ചെവിക്കൊണ്ടില്ല. ഹാളിൽ താഴെ കതിരേശൻ വിരിച്ചു കൊടുത്ത പുൽ‌പ്പായയിൽ കിടന്നതും അദ്ദേഹം നേർത്ത കൂർക്കം വലി തുടങ്ങി. സെറ്റിയിൽ കിടന്നു കൊണ്ട് കതിരേശൻ അപ്പുമ്മാനെ നോക്കി. രണ്ടു കയ്യും നെഞ്ചിൽ പിണച്ചു വച്ച്, ശാന്തമായ ഉറക്കം. കിടന്ന ഉടനെ ഉറങ്ങാൻ സാധിക്കുന്ന മഹാഭാഗ്യവാനായിരുന്നു എന്നും അപ്പുമാൻ.

കതിരേശന്റെ പേർ അയാൾക്ക് ചുറ്റുമുള്ള ആളുകളെ ആദ്യമൊന്നു അമ്പരപ്പിച്ചിരുന്നു.
ഒമ്പതാം വയസ്സിൽ മദ്രാസ് നഗരത്തിൽ എത്തിപ്പെട്ട് മുപ്പതൊമ്പതാം വയസ്സിൽ തനിത്തമിഴനായി നാട്ടിൽ വന്ന് കല്യാണം കഴിച്ച് , നാല്പത്തൊമ്പതാം വയസ്സിൽ മൂന്നാമത്തെ പുത്രന് കതിരേശൻ എന്ന് പേരുമിട്ട്, അറുപത്തൊമ്പതാം വയസ്സിൽ ഒരു തനി ദ്രാവിഡനായി മഹാനഗരത്തിൽ തന്നെ ദഹിച്ചു ചേർന്ന ശിവരാ‍മൻ നായരായിരുന്നു അയാളുടെ പിതാവ്. ദിനകരൻ, സെന്തിൽ, കതിരേശൻ എന്ന് പേരുകളിട്ട് അദ്ദേഹം മക്കളെ മഹാനഗരത്തിന് ദത്തു നൽകി. അങ്ങിനെയിരിക്കെ ഏഴുവയസുള്ള കതിരേശനെ, ഭാര്യാ സഹോദരൻ വളർത്താൻ ചോദിച്ചപ്പോൾ ഒരു മടിയും കൂടാ‍തെ നൽകിയ ദാനശീലനായിരുന്നു ശിവരാമൻ.

അന്ന് ശിവരാമൻ നായർക്ക് താൻ വർഷങ്ങളായി വാടകക്ക് കഴിഞ്ഞിരുന്ന വീട് സ്വന്തമാക്കാനവസരം വന്നു. ഭാര്യയുടെ ഭാഗം പണമായി കിട്ടിയാൽ തരക്കേടില്ല എന്ന് വിനീതഭാഷയിൽ ഭാര്യാസഹോദരനോട് എഴുതി ചോദിച്ചു. എഴുത്തിലെ കൈയ്യക്ഷരം സഹോദരിയുടേതാണെങ്കിലും, അതിലെ ചുക തമിഴൻ മലയാളിയുടേതായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അപ്പുക്കട്ടൻ നായർ തിരിച്ചെഴുതിയത് ഇപ്രകാരമായിരുന്നു.: നീ, അവളേയും പിള്ളേരേയും കൊണ്ട് പത്തു നാൾ പാർക്കാൻ വാ, നമുക്ക് സംസാരിച്ചൊരു തീരുമാനത്തിലെത്താം ശിവാ.

അപ്പുക്കുട്ടൻ നായർ തന്റെ ഏക സഹോദരിയെ അന്യനാട്ടിലേക്ക്, പിറന്ന നാട്ടിൽ വേരുകളില്ലാത്ത, സ്വന്തം ജാതകവും ജനനനസമയം പോലും അറിയാത്ത, തന്തൈ പെരിയാറെ ഇടത്തേതോളിൽ പച്ച കുത്തിയ തമിഴൻ നായർക്ക് വേട്ടു കൊടുത്തതിനു പിന്നിൽ തക്കതായ കാരണമുണ്ടായിരുന്നു.

കൃതാവിലേക്ക് നീളുന്ന മീശയുമായി ശിവരാമൻ നായരും, ട്രെയിനിലിരുന്നു ചതഞ്ഞ പട്ടത്തി കനകാംബരം ചൂടി ഭാര്യയും, ഒരേ പോലെയുള്ള ഷർട്ടും നിക്കറുമിട്ട് ദിനകരനും, സെന്തിലും, കതിരേശനും കല്ലേറ്റുംകരയിൽ ട്രെയിനിറങ്ങി. മുപ്പത്തി രണ്ട് വർഷം മുമ്പ്. തനിക്കാവശ്യമുള്ള തുകയുടെ പകുതി പോലും ഭാര്യയുടെ വിഹിതം വിറ്റാൽ കിട്ടില്ലെന്ന് നന്നായറിയാമായിരുന്ന ശിവരാമൻ നായർ, വന്നതിന്റെ ഏഴാം പക്കം അളിയൻ മുഴുവൻ തുകയും കയ്യിൽ വച്ച് കൊടുത്തപ്പോൾ ആകെ ഉലഞ്ഞു പോയി. ഭീകരമായ മീശയും ഭംഗിയുള്ള മുഖവുമുള്ള അയാൾ പണമത്രയും പെരുങ്കായ സഞ്ചിയിൽ കെട്ടിമുറുക്കിയത് വിതുമ്പി കൊണ്ടായിരുന്നു. കതിരേശന്റെ മനസ്സിൽ അച്ഛന്റെ ഒട്ടും നിറം മങ്ങാത്ത ഓർമ്മ അതാണ്.

തിരിച്ച് പോകുന്ന നേരത്ത്, തികച്ചും അപ്രതീക്ഷിതമായി അപ്പുക്കുട്ടൻ നായർ അളിയനോട് ചോദിച്ചുപോലും, താഴേള്ള ചെക്കൻ ഇവടെ നിന്ന് പഠിക്കട്ടെ. അമ്മാളൂനൊരു കൂട്ടാവട്ടെ.
ആ ചോദ്യം, കതിരേശൻ എന്ന തമിഴ് നാമധാരിയെ മലയാളിയാക്കി. അപ്പുമ്മാനും അമ്മിണി അമ്മായിയും അവന് അച്ഛനുമമ്മയുമായി. അമ്മാളു എന്ന് വിളിക്കപ്പെടുന്ന സുമതി അനിയത്തിയുമായി..
മുപ്പത്തിരണ്ടു വർഷങ്ങൾ.....

വരളാത്ത, എന്നാൽ ഒഴുക്കില്ലാതെ കനം മൂടിയ ഒരു തടാകമാണ് കാലം ഇന്ന് കതിരേശന്. എന്നാൽ പിൻതിരിഞ്ഞു നോക്കുമ്പോൾ കാലം ഒരു പ്രളയം പോലെ. ആരെയൊക്കെ വിഴുങ്ങികൊണ്ടുപോയി... അച്ഛൻ, അമ്മ, സെന്തിൽ, പിന്നെ അമ്മായി....സുമതി...... അതുമാത്രമോ? തനിക്കും മീരയ്ക്കും ഇടയിൽ ഉണ്ടായിരുന്ന എന്തൊക്കെയോ.... കതിരേശൻ ദീർഘനിശ്വാസമുതിർത്ത് ഒഴിഞ്ഞ ഉറക്കത്തെ തിരികെ വരുത്താൻ വൃഥാ ശ്രമിച്ചു.

തികച്ചും അപ്രതീക്ഷിതമായ അപ്പുമ്മാന്റെ വരവിന്റെ നാലാം നാൾ, മീരയുടെ ടെക്സ്റ്റ് സന്ദേശം കതിരേശന്റെ ഫോണിലെത്തി. കുറുവൻ‌കോണത്തെ ഓർഗാനിക് കടയിൽ ^കാവുത്ത് വാങ്ങാൻ കിട്ടും. അത് വാങ്ങിക്കാൻ കഴിയുമോ എന്നറിയാൻ. ഇന്നലെ രാത്രിയിൽ അപ്പുമ്മാന്റെ തലച്ചോറിൽ, അമ്മായി ഇറങ്ങി വന്ന് കാവുത്ത് പുഴുക്ക് നിർമ്മിക്കുകയായിരുന്നു.അന്നു ഫ്ലാറ്റിനുള്ളിൽ തിരുവാതിരയുടെ മണമായിരുന്നു. അപ്പുമ്മാൻ പതിവിലും കൂടുതൽ കഞ്ഞി കുടിച്ചു.
ഭക്ഷണം കഴിഞ്ഞ ഉടനെ, അപ്പുമ്മാൻ കട്ടിലിൽ കേറി കിടന്നു. ഹാളിൽ തന്നെ കിടക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചതിനാൽ പൊടിപിടിച്ച് കിടന്നിരുന്ന പ്ലാസ്റ്റിക് വാറുള്ള പഴയ കട്ടിൽ തൂത്ത് വെടുപ്പാക്കി ഹാളിൽ സ്ഥാപിച്ചിരുന്നു കതിരേശൻ. മീരയും കതിരേശനും തീൻ മേശയിലിരുന്ന് കഞ്ഞിയും പുഴുക്കും കഴിച്ചു തുടങ്ങി.

“ഹഹ!, ആദ്യമൊക്കെ അവൾക്ക് നാണമായിരുന്നു. എന്തിനണ് നാണം? കമ്പോള നിലവാരം കഴിയുമ്പോ പിള്ളേർക്ക് ഊണ് കൊടുക്കും.. ഡൽഹീ വാർത്ത കഴീമ്പഴക്കും അവറ്റങ്ങള് ഉറങ്ങും. പിന്നെ ആര് വരാനാ? നിലാവ്ണ്ടെങ്കി വിശേഷായി. ഹ ഹ. അമ്മണിക്ക് പേട്യാ. നക്ഷത്രങ്ങള് കാണുംന്ന്. നക്ഷത്രങ്ങള് അവൾടെ ചത്തു പോയ കാർന്നോന്മാരാന്ന്. കാർന്നോമ്മാരല്ലേ.... അവര് കാണാത്ത വല്ലതുംണ്ടോ മ്മണീ നിന്റെ മേത്ത്. ഹ ഹ....”

കതിരേശൻ ആദ്യമൊന്നമ്പരന്നു. അയാൾ മീരയെ നോക്കി. മീര ധൃതിയിൽ കഞ്ഞി കോരികുടിക്കുന്നു. ഒരു തരം വെപ്രാളത്തോടെ അവൾ പുഴുക്ക് കഞ്ഞിയിലൊഴിച്ച് പ്ലേറ്റ് ചുണ്ടിലോട്ട് വച്ച് വലിച്ചു കുടിച്ചു. പ്ലേറ്റിൽ ബാക്കി വന്ന കാവുത്ത് കഷണങ്ങൾ അവൾ കോരി വായിലിട്ടു. അത് ചവച്ച് തീരാൻ കാത്തുനിൽക്കാതെ പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് ത്ധുടിതിയിൽ പോയി. അവ സിങ്കിനുള്ളിലേക്ക് ശബ്ദത്തോടെ ഇട്ട് പൈപ്പ് തുറന്നു വച്ചു. അപ്പുമ്മാന്റെ ഇടറിയ ഓർമ്മകളുടെ ദുർബലശബ്ദത്തെ വെള്ളത്തിന്റെ ഇരമ്പലിൽ ഒലിപ്പിച്ചു കളയാൻ ശ്രമിച്ചു.

“ചെങ്കല്ല് ചെത്തീണ്ടാക്ക്യ പടിയാ. നെറയെ പാശാറ്‌. സൂക്ഷിച്ചില്ലെങ്കീ വഴുക്കും. ആ പച്ച പാശാറ്‌ പിടിച്ച കൽ‌പ്പടിയിൽ ഇരിക്കാൻ അവൾക്കിഷ്ടാ.... ഹ ഹഹ. കണ്ണങ്കാല് വെള്ളത്തിലിട്ട്, കയ്യ് പിന്നില്ക്ക് കുത്തി ഒരിര്പ്പ്ണ്ട് . ചന്തീമ്മേ ആ തണുപ്പടിക്കുമ്പോ അവൾടെ മേത്തെല്ലാം ചൂടു കുരുക്കൾ പൊന്തും...”അടുക്കളയിലെ പൈപ്പുവെള്ളത്തിന്റെ ഒച്ച പെട്ടന്ന് നിലച്ചു. മതിയാക്കി എഴുന്നേൽക്കാൻ തുനിഞ്ഞ കതിരേശൻ കുറച്ച് കഞ്ഞികൂടി തന്റെ പ്ലേറ്റിലേക്ക് വീഴ്ത്തി.

“മേലെ ആകാശോം, നക്ഷത്രങ്ങളും, അവക്കെടേല് ചന്ദ്രനും, ഹ ഹ ഹ..... കീഴെ ആ തണത്ത ചെങ്കൽപ്പടവും... ഏത് പട്ടുമെത്തേല് കിട്ടും ആ സുഖന്നാ അമ്മണീ പിന്നെ പിന്നെ ചോയ്ച്ചൊടങ്ങീത്..... ഹ ഹ ഹ....”
അന്നേരം, അടുക്കളയിലെ പാത്രം കഴുകുന്നതിലെ ഇഴച്ചിലും, ഒച്ചയില്ലതെ പൈപ്പുവെള്ളം വീഴുന്നതും ഒരു കാതോർക്കലിനെ അടയാളപ്പെടുത്തുണ്ടായിരുന്നു. അതിനെ മൂടിക്കൊണ്ട് അപ്പുമ്മാന്റെ കൂർക്കം വലി തുടങ്ങി.
അടുത്ത ദിവസം, കതിരേശനെ മീര ഫോണിൽ വിളിക്കുകയുണ്ടായി..ജോലി സമയത്ത് പരസ്പരം മൊബൈൽ സന്ദേശങ്ങളേ പാടുള്ളൂ എന്ന ആർ തുടങ്ങിയെന്നോ എപ്പോ തുടങ്ങിയെന്നോ അറിയാത്ത ഒരു കീഴ്വഴക്കം അവർ തമ്മിലുണ്ടായിരുന്നു.. ആ പരസ്പര ധാരണ വളർന്ന് ഫ്ലാറ്റിനുള്ളിൽ പോലും ചില സമയങ്ങളിൽ അവർ എസ്.എം.എസ്സിൽക്കൂടി സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവളുടെ വിളി തന്റെ ഫോണിലേക്ക് വന്നപ്പോൾ കതിരേശന് എന്തെന്നറിയാത്ത ഒരു തരം ആധി കയറുകയാണുണ്ടായത്.“അപ്പുമാനെ പറ്റിയാണെനിക്ക് പറയാനുള്ളത്.” മീര ഉപചാരങ്ങളൊന്നുമില്ലതെ തുടങ്ങി.

പ്രത്യേക സാഹചര്യത്തിൽ പെട്ടന്ന് അവർക്ക് വിവാഹിതരാകേണ്ടി വന്നു. അവരുടെ ഇരുപത്തിരണ്ടാം വയസ്സിൽ, അന്നില്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയിൽ. കതിരേശനെ കല്യാണം കഴിച്ചത് മീരയുടെ നീന്തൽ ജീ‍വിതത്തിനു വിഘാതമാകരുതെന്ന് അയാൾക്കായിരുന്നു നിർബന്ധം. അതിനാൽ തന്നെ അഞ്ചു വർഷങ്ങളോളം കുട്ടികൾ അവരുടെ സ്വപ്നങ്ങളിലേ ഇല്ലായിരുന്നു. എന്നാൽ പിന്നീട് കാരണമില്ലാത്ത കാരണങ്ങളാൽ കുട്ടികളില്ലാത്ത ദമ്പതിമാരായി തീർന്നു അവർ. അവർക്കു രണ്ടുപേർക്കുമൊഴികെ ലോകത്തുള്ള എല്ലാവർക്കും അതൊരു വലിയ നിരാശയായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടേയും വിഷമം തങ്ങളുടെ വിഷമമായി മാറിയപ്പോൾ ആരെയും സങ്കടപ്പെടുത്തുന്നതിഷ്ടമില്ലാതിരുന്ന അവർ നാട്ടിൽ പോക്ക് നിർത്തി. ഏകദേശം അഞ്ചെട്ട് വർഷം മുമ്പ്.

“കുറച്ചു ദിവസമായി തന്നോട് പറയണെമെന്ന് കരുതുന്നു. സന്ദർഭം കിട്ടിയില്ല. അപ്പുമ്മാൻ... അപ്പുമ്മാന് എന്തു പറ്റി? മുമ്പൊന്നും അധികം സംസാരിക്കുന്നതേ കേട്ടിട്ടില്ല. ഇതിപ്പോ.....”

“കഴിഞ്ഞ രണ്ടു മാസമായി അപ്പുമാൻ വേറെ ലോകത്താണ്. സുധാകരൻ മാഷ് രണ്ടു തവണ വിളിച്ചിരുന്നു. ചിന്നൻ എന്നു പറയില്ലേ, വാർദ്ധ്യക്യത്തിന്റെ ബാല്യം. അതിന്റെ പേരിലാണ് ഞാൻ കഴിഞ്ഞ മാസം വീട്ടിൽ പോയത്.”

“ഓഹോ, എന്നിട്ടെന്നോട് താൻ ഒന്നും പറഞ്ഞില്ലല്ലോ?” താൻ എന്ന വാക്ക് കഴിഞ്ഞതും, മീരയുടെ മനസ്സ് ആ ചോദ്യത്തെ പിൻവലിച്ചിരുന്നു. അതു മനസിലാക്കിയ കതിരേശൻ “എങ്ങനെ ഇവിടെയെത്തി എന്നാണ് എനിക്കത്ഭുതം. എത്ര വട്ടം വിളിച്ചിട്ടും ഇവിടേക്ക് വരാത്ത ആൾ, ഇത്രദൂരം.... അതും തെറ്റാതെ ഫ്ലാറ്റ് വരെ എത്തീതോർക്കുമ്പോൾ....”

നിശബ്ദതയുടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ശബ്ദിച്ചു. “ഇന്നൊന്ന് ശംഖുമുഖം പോവാം . ഞാൻ കുറച്ച് നേരത്തെ ഇറങ്ങാം.”

മീര നേരത്തെ ഇറങ്ങാം എന്ന് പറയുമ്പോൾ അതിന് ഓഫീസ് സമയമെന്നേ അർത്ഥമുള്ളൂ എന്ന് കതിരേശനറിയാം. സ്പോർട്സ് അതോറിറ്റിയുടെ കാര്യവട്ടത്തുള്ള സെന്ററിൽ സീനിയർ ട്രെയിനർ ആണ് മീര.

ശംഖുമുഖത്ത് അവളുടെ കാർ കിടക്കുന്നതിനരികെ തന്നെ അയാൾ ബൈക്ക് ഒതുക്കി.
കതിരേശൻ അടുത്തേക്ക് വരുന്നതൊന്നും കാണാതെ ^^മത്സ്യകന്യകയെ നോക്കികൊണ്ട് സമീപത്തുള്ള ഇരിപ്പിടം പോലെ വളഞ്ഞ ചെറിയ മരത്തിൽ ചാരി നിൽക്കുകയായിരുന്നു മീര. സ്വയമറിയാതെയെന്ന വണ്ണം, കാറ്റു പിടിക്കുന്ന സാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. അയാൾ അടുത്തെത്തിയതറിയാതെ മീര അതേ നില്പ് തുടർന്നു.

ഒരു തരം മാദകത്വത്തോടെ കിടക്കുന്ന മത്സ്യകന്യകയുടെ തെറിച്ചു നിൽക്കുന്ന ഇടത്തേ മുലയുടെ മുലക്കണ്ണിൽ തുടർച്ചയായി ഇരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ട് ഒരു കടൽ‌പ്പക്ഷി.
മീര ഈ സാരിയിൽ സുന്ദരിയായിരിക്കുന്നുവെന്ന് കതിരേശനോർത്തു. നീന്തൽ കടഞ്ഞെടുത്ത ശില്പം. കാലം അതിൽ പടർന്നു കയറാ‍ൻ മടിച്ചു നിൽപ്പാണ്. അവരുടെ പ്രണയകാലത്ത്, ദിവസത്തിൽ അഞ്ചു മണിക്കൂറോളം പരിശീലനം നടത്തിയിരുന്ന മീര, വെള്ളത്തിൽ കുതിർന്നു ചുളിഞ്ഞ അവളുടെ ഉള്ളം കൈ ചുംബിക്കാൻ അയാളെ വല്ലപ്പോഴുമൊക്കെ അനുവദിക്കുമായിരുന്നു. ജലം മണക്കുന്ന കൈകൾ. സാരിക്ക് ചേർന്ന നിറത്തിലാണ് കഴുത്തിലെ മാലയും വളകളും. കമ്മലിനും അതേ നിറം. ഏതു വസ്ത്രം ധരിക്കണമെന്ന് പരസ്പരം തീരുമാനിച്ചിരുന്ന ഭൂതകാലമോർത്തു കൊണ്ട്, ഇപ്പോഴും മീര ദിവസവും വസ്ത്രത്തിന്റെ നിറമനുസരിച്ച് ആഭരണങ്ങൾ മാറുന്നുണ്ടോ എന്ന് അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇനി ശ്രദ്ധിക്കാം എന്ന് സ്വയം സമാധാനിക്കുമ്പോഴാണ് മീര അയാളെ കണ്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് കതിരേശൻ മീരയുടെ ഈ പുഞ്ചിരി കാണുന്നത്. അയാൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു തരം ചിരി അവൾക്കുണ്ട്. പഠിക്കുന്ന കാലത്തുള്ള ആ ചിരിക്ക് ഇപ്പോഴും വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് അയാൾ അത്ഭുതത്തോടെ സ്ഥിരീകരിച്ചു.

കടലിൽ നിന്ന് കിട്ടിയ മത്സ്യകന്യകയെ കരയിലിട്ട് ബന്ധിച്ചതാ‍ണ് ഈ പ്രതിമ എന്ന് തിരുവനന്തപുരത്ത് വന്ന കാലങ്ങളിൽ മീര കതിരേശനോട് പറയാറുണ്ടായിരുന്നു. ഭോഗാലസ്യത്തിൽ ഇമകൾ പൂട്ടിയ മത്സ്യകന്യകയെയാണ് ശില്പി നിർമ്മിച്ചതെന്ന് അയാളും, കരയിൽ പെട്ടുപോയ തന്റെ വിധിയിൽ മനം നൊന്ത് തൊട്ടപ്പുറത്തെ കടൽ കാണാനുള്ള കളരുറപ്പില്ലാതെ അസ്യഹതയിൽ കണ്ണടച്ചിരിക്കുന്നതാണെന്ന് മീരയും അക്കാലങ്ങളിൽ എത്രയോ വട്ടം ഇവിടെ നിന്നും ഇരുന്നു നടന്നും തർക്കിച്ചിരുന്നു.

പ്രതിമകളെ കണ്ടാൽ മീരയ്ക്ക് വല്ലായ്കയായിരുന്നു എന്നും. ഒരു സ്ഥലത്ത് അനങ്ങാതെ നിൽക്കേണ്ടി വന്നാൽ മീരയ്ക്ക് തലചുറ്റും. അനുവാദമില്ലാതെ ആ നില്പിൽ നിന്ന് മാറാൻ കഴിയില്ലെന്ന് വന്നാൽ നിമിഷങ്ങൾക്കകം അവൾ കുഴഞ്ഞു വീഴും. സ്കൂൾ അസംബ്ലി, എൻ.സി.സി ഡ്രിൽ, സ്പോർട്സ് മേളകളിലെ മാർച്ച് പാസ്റ്റിനു മുമ്പുള്ള കാത്തു നിൽ‌പ്പ് തുടങ്ങിയവ എല്ലാം മീരയുടെ പേടി സ്വപ്നമായിരുന്നു. അതുപോലെ ഉയരപ്പേടിയും. മരത്തിലോ, ഏണിയിലോ കേറുന്നതിനെ പറ്റി ആലോചിക്കുമ്പോൾ തന്നെ അവൾക്ക് കാലിനടിയിൽ തരിപ്പ് കേറും. തികച്ചും മാനസികം എന്ന് പറഞ്ഞ ഡോക്ടർമാർ എഴുതിത്തള്ളിയ രോഗം. എന്നാൽ വെള്ളം ഒരിക്കലും അവളെ ഭയപ്പെടുത്തിയില്ല. കടലിൽ കുളിക്കുമ്പോൾ പരിധിവിട്ടു ഉള്ളിലേക്ക് നീന്തിയും, വളരെ നേരം ശ്വാസം പിടിച്ചു കടലിനടിയിൽ അപ്രത്യക്ഷമായുമൊക്കെ ആദ്യകാലങ്ങളിൽ മീര കതിരേശനെ പരിഭ്രാന്തനാക്കാറുണ്ടായിരുന്നു. താൻ വളർന്ന വീട്ടിൽ ഒന്നാന്തരം ഒരു കുളമുണ്ടായിരുന്നിട്ടും, ഇതുവരെ നീന്തൽ പഠിക്കാത്ത കതിരേശന് വെള്ളം എന്നുമൊരു ഭീതിയായിരുന്നു. മദ്രാസിൽ നിന്ന് പറിച്ച് നടപ്പെട്ട കാലത്ത് ഒരിക്കൽ ആ കുളത്തിൽ മുങ്ങി പോയതിന്റെ ഞടുക്കം അയാൾക്കിപ്പോഴും ഉണ്ട്.

ഒരു വാനിൽ വന്ന ഉപദേശിസംഘം സ്പീക്കർ എടുത്ത് പുറത്ത് വച്ച്, ദൈവത്തിന്റെ വിളി കേൾക്കാൻ ആൾക്കാരെ ഉദ്ബോധിപ്പിക്കാൻ തുടങ്ങി. മദ്യം ശത്രുവാണെന്ന് അയാൾ ആക്രോശിച്ചപ്പോൾ മീര കതിരേശനെ അറിയാതെ നോക്കി. അയാളപ്പോൾ കടലിന്റെ അടുത്തേക്ക് നടന്നു, അവൾ പിറകെയും.

കോവളത്ത് തീരത്തോട് സല്ലപിക്കുന്ന തിരകൾ ശംഖുമഖത്ത് കരയുമായി കലമ്പലുണ്ടാക്കും.
അധികമൊന്നും സംസാരിച്ചില്ലെങ്കിലും ഇരുട്ടു വീഴും വരെ അവിടെ ചിലവഴിച്ചു. തിരിച്ചു നടക്കുമ്പോൾ ശത്രു മിത്രമാണെന്ന് മറ്റൊരു ഉപദേശി നീട്ടിയാവർത്തിക്കുന്നു. അപ്പോൾ കതിരേശൻ മീരയെ അറിയാതെ നോക്കി. ചിരി അടക്കാൻ ശ്രമിക്കുമ്പോൾ മാത്രം മീരയ്ക്ക് നുണക്കുഴി വിരിയും.മീരയുടെ കാർ കൺ‌വെട്ടത്തു നിന്ന് മറയാത്ത രീതിയിൽ വേഗം നിയന്ത്രിച്ച് തിരികെ ബൈക്ക് ഓടിക്കുമ്പോൾ, അപ്പുമ്മാനെ പറ്റി സംസാരിക്കണമെന്ന് പറഞ്ഞ മീര അതു മറന്നുപോയല്ലോ എന്ന് കതിരേശൻ ഓർക്കുകയും ചെയ്തു.

അതിനടുത്ത ദിവസം പുലർച്ചെ നാലുമണിയായിക്കാണും. കട്ടിലിലിരുന്ന് ആരോടെന്നില്ലാതെ വർത്തമാനം പറയുകയായിരുന്നു അപ്പുമ്മാൻ. ഉറക്കം തെറ്റിയ മീര എണീറ്റിരുന്നു. വിലപിടിച്ച, മാർദ്ദവമേറിയ ആ കിടക്കയിൽ ഒരറ്റത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നുണ്ടായിരുന്നു കതിരേശൻ. ഏതോ ഒരുൾപ്രേരണയിൽ, അവൾ തന്റെ രണ്ടു കൈപ്പത്തികളും മലർത്തി വച്ച് കിടക്കയുടെ തണുപ്പ് പരിശോധിച്ചു.

അപ്പുമ്മാന്റെ അടുത്തേക്ക് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ഏക മകൾ അമ്മാളു എന്ന സുമതി ആയിരുന്നു അപ്പോൾ. അമ്മാളുവിനെ പ്രസവിക്കുമ്പോൾ അമ്മയോ മകളോ എന്ന ഘട്ടത്തിലെത്തി ചേർന്നതായിരുന്നു പോലും. അതിനു ശേഷം പ്രസവിക്കാനുള്ള ധൈര്യം അമ്മായിക്കുണ്ടായിരുന്നില്ലത്രെ..

കല്യാണത്തിന് മഞ്ഞ സാരിയുടുത്ത് ആദ്യാവസാനം നിറഞ്ഞു നിന്ന അമ്മാളു കതിരേശന്റെ നേർ പെങ്ങൾ അല്ലായിരുന്നു എന്ന് മീര അറിഞ്ഞത് കല്യാണമണ്ഡപത്തിൽ വച്ചും, സ്ഥിരീകരിച്ചത് ആദ്യരാത്രി മണിയറയിൽ വച്ചുമായിരുന്നു. കതിരേശൻ അക്കാര്യം എന്തിനു മറച്ചു വെച്ചു എന്ന് മീരയ്ക്കെന്നും അത്ഭുതമായിരുന്നു. പറയാൻ മാത്രം എന്തുണ്ട്, അവൾ തന്റെ അനുജത്തി തന്നെ എന്ന് അതിനെ കതിരേശൻ നിസ്സാരവൽക്കരിച്ചു തള്ളി.മീര ഹാളിലെത്തിയതറിയാതെ, അപ്പുമ്മാൻ ചരിത്രം തുടരുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അവൾ വിവശയായി നിന്നു. അവൾക്കെന്തോ താൻ രഹസ്യം ചോർത്തുകയാണെന്ന് തോന്നി. അടുക്കളയിലേക്ക് നടന്നു. അപ്പുമ്മാന് ഒരു കട്ടൻ കാപ്പി വച്ചു കൊടുക്കാൻ തീരുമാനിച്ചു.

കല്യാണാലോചനകളിൽ നിന്ന് ഒരു മത്സ്യം കണക്കെ വഴുതി മാറാൻ അമ്മാളു മിടുക്കിയായിരുന്നു. അവസാനം കതിരേശൻ മുൻ കൈ എടുത്ത് കൊണ്ടുവന്ന ഒരാലോചന, അയാളുടെ സഹപ്രവർത്തകനായ യു.ജി.സി അദ്ധ്യാപകന്റെ, എതിർക്കാൻ മാത്രം കാരണങ്ങൾ നിരത്താൻ അമ്മാളുവിന് കഴിഞ്ഞില്ല.കല്യാണത്തിന്റെ ഏകദേശം ഒരു മാസം മുമ്പ് നാലമ്പലം തൊഴാൻ പോയതായിരുന്നു അമ്മയും മകളും. ഭരതനെ തൊഴുത്, രാമനരികിലേക്ക് പോകുമ്പോൾ അവർ സഞ്ചരിച്ചിരുന്ന ബസ്, പാടത്തേക്ക് ഊളയിട്ടിറങ്ങി. കർക്കിടകം പാടത്തിനു മീതെ നാലാൾ പൊക്കത്തിൽ പെയ്തിറങ്ങിയ സമയം.

അന്ന് അപ്പുമ്മാൻ ദൈവങ്ങളെ ജീവിതത്തിൽ നിന്ന് ആട്ടി പുറത്താക്കി. ദീർഘസുമംഗലീ ഭാഗ്യം ജാതകത്തിൽ കൊത്തിവച്ചിട്ടുള്ള പരമഭക്തയായ തന്റെ ഭാര്യ അകാലത്തിൽ മരിച്ചതും, ഭർത്താവ് വാഴില്ല എന്ന് അനേകം ജോത്സ്യന്മാർ ഒറ്റ നോട്ടത്തിൽ വിധിച്ച സഹോദരി ദീർഘകാലം സുമംഗലിയായി തുടർന്നതും അപ്പുമ്മാനെ തികഞ്ഞ അവിശ്വാസിയാക്കി.

“കതിരന്റെ പ്രേമം വല്യ പ്രശ്നമായി....., അമ്മിണിക്ക് ഒട്ടും പിടിച്ചില്ല. ആരോടും ചോദിക്ക്യാതെ ഓരോന്ന് കണക്കൂട്ടി വച്ചിരുന്നു പൊട്ടീ... ചെക്കന് അതിനുള്ള പ്രായായിട്ടൂല്ല്യ. ഹഹ. എന്നാലും അറ്റത്തെത്തണ വരെ ചെക്കനൊന്നും മിണ്ടീം‌ല്ല. അമ്മയോട് സമരത്തിനു വന്നത് അവളാ‍..... അമ്മാളു... ചേട്ത്ത്യമ്മയെ കാണാൻ അമ്മാളൂനായിരുന്നു പൂതി. മൂന്ന് ദെവസം ക്ടാവ് ഒന്നും കഴിച്ചില്ല. കതിരേട്ടന്റെ കല്യാണത്തിന് അമ്മ സമ്മതിക്കാണ്ട് വെള്ളാ‍ വേണ്ടാന്ന്. ഹ ഹ ഹ. വാശിക്ക് അമ്മേം ശര്യാ മോളും ശര്യാ...”

മീര എത്ര നേരം അടുക്കളയിൽ അങ്ങനെ നിന്നു എന്ന് അവൾക്കറിയില്ല. അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒരു തരം നിസ്സംഗത ഭാവിച്ച് താൻ ഒഴിവാക്കിയ സുമതിയെ ഓർക്കുകയായിരുന്നു അവൾ.

അടുത്തൊരുനാൾ, നീലവെളിച്ചം ഒഴിവാക്കി ഇരുട്ടിൽ മീര കിടന്നുറങ്ങിത്തുടങ്ങിയത് കതിരേശന്റെ ശ്രദ്ധയിൽ പെട്ടു. പക്ഷേ അതിനെ പറ്റി എന്തെങ്കിലും ചോദിക്കാൻ അയാളുടെ ശീലം അനുവദിച്ചില്ല.

ദീർഘകാലമായി മരവിപ്പിലാണ്ട് നിന്നിരുന്ന ആ രണ്ടുമുറി ഫ്ലാറ്റ് രതിവർണ്ണനകളേറ്റ് തരളിതയായി. ചുമരിലെ പെയിന്റിംഗിലെ ശകുന്തള കാലിലെ വ്യാജമുള്ളിനേയും, ഫ്രെയിമിനു പുറത്തുള്ള ദുഷ്യന്തനേയും മറന്നു. കാട് മറന്നു. അവിടെയാകെ തട്ടിൻ പുറത്തെ കരിഞ്ഞ വായുവും, കൊള്ളിത്തോട്ടത്തിലെ മൃദുമണ്ണും, കൂനകൂട്ടിയ വൈക്കോഗന്ധവും നിറഞ്ഞു നിന്നു. മഴ തീർത്ത സ്ഫടികഭിത്തിക്കുള്ളിലെ സുരതവർണ്ണന അപ്പുമ്മാൻ വിവരിച്ചപ്പോൾ താഴിട്ടു പൂട്ടിയ തന്റെ രഹസ്യ ഭ്രമങ്ങൾ ആകെ വെളിപ്പെട്ട പോലെ തോന്നി മീരയ്ക്ക്. ആൾക്കൂട്ടത്തിൽ വച്ച് അറിയാതെ വിവസ്ത്രയായിപ്പോയ പരിഭ്രമത്തോടെ അവൾ ഒറ്റുകാരനെയെന്നവണ്ണം കതിരേശനെ നോക്കി.

കതിരേശനകാട്ടെ ഇതെല്ലാം അപ്പുമ്മാന്റെ ഭാവനകളാണോ എന്ന് സംശയിച്ച് ശൂന്യമായ നോട്ടത്തോടെ ഇരിക്കുകയായിരുന്നു ആ സമയം. എപ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്ന, കലമ്പൽ കൂട്ടുന്ന ദമ്പതികളായേ അയാൾ അവരെ അറിഞ്ഞിട്ടുള്ളൂ. തന്റെ കൺ‌മുമ്പിലല്ലാത്ത എത്രയോ സമയം അവർ ജീവിച്ചു കൂട്ടിയിരിക്കുന്നു എന്ന കാര്യം അയാളതുവരെ ഓർത്തിട്ടേയില്ലായിരുന്നു.

അപ്പുമ്മാൻ വർത്തമാനകാലത്തിലേക്ക് എത്തുന്ന ദിവസങ്ങൾ മീരയ്ക്ക് വിരസമായനുഭവപ്പെട്ടു തുടങ്ങി.അങ്ങനെയുള്ള ഒരു ദിവസം തന്റെ അന്ത്യാഭിലാഷങ്ങളെ പറ്റി അദ്ദേഹം കതിരേശനോടും മീരയോടും വിശദമായി സംസാരിച്ചു. ഒരു തരത്തിലുള്ള മരണാനന്തരകൃയകളും തനിക്ക് വേണ്ട എന്നതിനായിരുന്നു ഊന്നൽ.

ജീവിതം ഏതാണ്ട് മുഴുവനും മണ്ണിൽ കാലുറപ്പിച്ചു ജീവിച്ചു തീർത്ത അപ്പുമ്മാൻ, ഭൂമിയിൽ നിന്ന് ഉയരത്തിൽ ജീവിക്കാനാരംഭിച്ചതിന്റെ ഇരുപത്തിമൂന്നാം ദിവസം, തിരികെ ഭൂമിയിലേക്ക് യാത്ര തുടങ്ങി. ഒരു എക്കിളിൽ നിന്ന് ആരംഭിച്ച്, മെഡിക്കൽ കോളേജ് വഴി തൈക്കാട് ശ്മശാനവും കടന്ന് കൊച്ച് കുടത്തിന്റെ മൺ‌തണുപ്പിൽ അതവസാനിപ്പിച്ചു.

മരണത്തിന്റെ രണ്ടാം നാൾ, കുടത്തിലടച്ച അപ്പുമാനുമായി കതിരേശനും മീരയും നാട്ടിലെത്തി.
അന്ന് അർദ്ധരാത്രി, പറമ്പിലെ കുളത്തിനകത്ത് ചന്ദ്രനില്ലാത്ത ആകാശത്തിലെ അനേകായിരം നക്ഷത്രങ്ങളെ അവർ രണ്ടു പേരും നോക്കി നിന്നു. ഏറ്റവും മുകളിലുള്ള കൽ‌പ്പടവുകളിലൊന്നിൽ കുടത്തിനുള്ളിൽ അപ്പുമ്മാനിരുന്നു.

മീരയുടെ അരയിലെ സ്വർണ്ണ അരഞ്ഞാണം നക്ഷത്ര വെളിച്ചത്തിൽ തിളങ്ങി. അയാൾ നോക്കി. അതിൽ കൊളുത്തിയിട്ടിരുന്ന സ്വർണ്ണത്താലി പൊക്കിളിനു നേരെ താഴെയായി വിറച്ചു കൊണ്ടു കിടക്കുന്നു. ലോകം മുഴുവൻ തേടിനടന്ന് കണ്ടെത്താനാവാഞ്ഞ നിധി തന്റെ വീട്ടുമുറ്റത്തു നിന്ന് കണ്ടെത്തിയ അറബി നാടോടിയെപ്പോലെ ഗൂഢാഹ്ലാദത്തോടെ മുട്ടുകുത്തി നിന്ന് അയാൾ അത് വിരൽ കൊണ്ട് ഉയർത്തി നോക്കി.

പച്ച പാശാർ പിടിച്ച്, തണുത്തിരിക്കുന്ന ചെങ്കൽപ്പടവ് അവളുടെ ചന്തികളെ തണുപ്പിച്ചപ്പോൾ ശരീരത്തിൽ നിന്ന് നീരാവിയുടെ കുമിളകൾ ഉയർന്നു. ആ ആവിയിൽ കതിരേശൻ വിയർത്തു...

സങ്കൽ‌പ്പങ്ങളിലേക്കുള്ള തീർത്ഥാടനത്തിന്റെ നാളുകളായിരുന്നു അവർക്ക് പിന്നീട്.

കരിഞ്ഞ വായു മണക്കുന്ന തട്ടിൻപുറം കാണാൻ മീരയ്ക്കായിരുന്നു തിടുക്കം. കുറേ കഴിഞ്ഞ്, ആദ്യമിറങ്ങിയ കതിരേശൻ പിടിച്ചു കൊടുത്ത പുരാതനമായ മരയേണിയിൽക്കൂടി ഉയരപ്പേടി വലിച്ചെറിഞ്ഞ് , ദേഹത്തവിടെയിവിടേ കരിയടയാളങ്ങളുമായി, ഉല്ലാസത്തോടെ മീര ഇറങ്ങിവന്നു.

ആൾപൊക്കത്തിൽ വളർന്ന, അപ്പോഴും അപ്പുമ്മാന്റെ കാല്പാടുകൾ മായാത്ത കൊള്ളിത്തോപ്പിലെ മൃദുമണ്ണിന്റെ മാദക മണം ഇത്രകാലം താൻ അറിയാതെ പോയി എന്ന് മീരയുടെ പുറത്തൊട്ടിയ മണ്ണ് തൂത്തുകളയുമ്പോൾ നഷ്ടബോധത്തോടെ കതിരേശനോർത്തു.

വെളിപ്പെടാനുള്ള സാധ്യത ഉല്പാദിപ്പിക്കുന്ന ഉന്മാദം ത്രസിപ്പിക്കുന്നതാണെന്ന് , തുലാവർഷ മഴയിൽ, പകൽവെളിച്ച ത്തെ ചീന്തിക്കൊണ്ട് മിന്നലുകൾ തീർത്ത ദീപപ്രഭയിൽ, ഇടിമുഴക്കത്തിന്റെ ആസുരവാദ്യത്തിന്നകമ്പടിയിൽ, നഗ്നരായി പുണർന്ന് നിന്നുകൊണ്ട് അവർ രണ്ടു പേരും ഒരേസമയം ചിന്തിച്ചു.

ഉപയോഗമില്ലാതെ കിടക്കുന്ന വൈക്കോൽ തുറുവിൽ, കുട്ടികളെ പോലെ അവർ നിർമ്മിച്ച തുരങ്കത്തിന്റെ സ്വകാരത നാലു ചുവരുകളുടെ അർത്ഥമില്ലാത്ത സുരക്ഷിതത്വവുമായി താരതമ്യമേ ഇല്ലാത്തതാണെന്ന അവളുടെ മനസിന്റെ പിറുപിറുക്കൽ കതിരേശൻ അമർന്ന ചുംബനത്തിൽ ചതച്ചു കളഞ്ഞു.

അപ്പുമ്മാന്റെ മരണത്തിന്റെ പതിനഞ്ചാം രാവിൽ, അർദ്ധരാത്രി കഴിഞ്ഞപ്പോൾ കുളത്തിനകത്തേക്ക് നിശബ്ദം ഇറങ്ങിപോകുന്ന പൂർണ്ണ ചന്ദ്രനേയും, അനേകായിരം നക്ഷത്രങ്ങളേയും കതിരേശനും മീരയും മുകളിലെ കൽ‌പ്പടവിൽ നിന്ന് നോക്കി കണ്ടു. അനന്തരം, അപ്പുമ്മാൻ അവരുടെ കൈകളിൽക്കൂടി ആ നക്ഷത്രങ്ങളോട് ചേർന്നു, അവയെ ആകെ തുള്ളിച്ചുകൊണ്ട്. 

അല്പമൊരു ഭയത്തോടെ കുളത്തിലേക്ക് നോക്കി നിന്നിരുന്ന കതിരേശനെ അപ്രതീക്ഷിതമായി കയ്യിൽ കുരുക്കി, ഏറ്റവും ഉയർന്ന കൽ‌പ്പടവിൽ നിന്ന് കുളത്തിലേക്ക് കുതിച്ച മീര, നടുക്കം മാറുന്നതിനുമുമ്പേ അയാളെ അടിത്തട്ടിലേക്ക് കൊരുത്തു കൊണ്ടുപോയി. കുളത്തിനകത്തെ ചന്ദ്രൻ ആയിരം നക്ഷത്രങ്ങളായി ചിതറി വെളിച്ചമേകി. ആ ഇളം വെളിച്ചത്തിൽ അവളയാൾക്ക് കുളത്തിനകത്തെ ലോകം കാട്ടിക്കൊടുത്തു. വെള്ളാരങ്കല്ലുകൾ വിരിച്ച അടിത്തട്ടും, കൊച്ചു ജലസസ്യങ്ങളുടെ ഉദ്യാനവും എല്ലാമെല്ലാം കതിരേശൻ അത്ഭുതത്തോടെ നോക്കി കണ്ടു. മത്സ്യങ്ങളും, മറ്റു ജലജീവികളും തെല്ലത്ഭുതത്തോടെയും, അസൂയയോടേയും അവരെ വീക്ഷിച്ചു. അവ, വളരെ മെല്ലെ അവരെ തൊട്ടുരുമി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു. കതിരേശനു പ്രാണവായു ആവശ്യമുള്ളപ്പോഴെല്ലാം മീര അയാളുടെ ശ്വാസകോശത്തെ അവളുടെ ശ്വാസം കൊണ്ട് നിറച്ചു.

അവസാ‍നം, കുളത്തിനടിയിൽ അയാൾ തളർന്ന് കിടക്കുമ്പോൾ കാലുകൾ മാത്രം ചലിപ്പിച്ച് സാവധാനം ഉയർന്നു പോയി മീര.

കുറച്ച് കഴിഞ്ഞ്, പരിഭ്രമമേതുമില്ലാതെ, തനിയെ നീന്തി ഉയർന്നു വന്ന കതിരേശൻ കാലുകൾ വെള്ളത്തിലിട്ട് കല്പടവിലിരിക്കുന്ന മീരയെ കണ്ടു. കൈകൾ രണ്ടും പിറകിലേക്ക് കുത്തി, ഭോഗാലസ്യത്തോടെ കണ്ണുകളടച്ച്...

അന്നേരം, ഒരു താരാട്ടിന്റെ ഈണം അന്തരീക്ഷത്തിൽ നിറഞ്ഞു. അത് മീരയുടെ ഉള്ളിൽ നിന്നാണെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു കതിരേശൻ.

അയാൾ കാതോർത്തു....
പൂവിൽ നിറഞ്ഞ മധുവോ....
പരി-പൂർണേന്ദു തന്റെ നിലാവോ.....

സ്വപ്നത്തിലാണെന്നാണ് കതിരേശൻ കരുതിയത്.

^കാവുത്ത്: കാച്ചിൽ എന്ന വിളയുടെ തൃശ്ശൂർ പേര്.
^^
മത്സ്യകന്യക/ജലകന്യക/the mermaid കാനായി കുഞ്ഞിരാമന്റെ അതുല്യ സൃഷ്ടി.ഏകദേശം നാല്പതു മീറ്ററോളം നീളത്തിൽ ശംഖുമുഖം നിറഞ്ഞ് കിടക്കുന്ന ഇതാണ് ബീച്ചിലെ പ്രധാന ആകർഷണം.